സാഹോദര്യം, സല്‍സ്വഭാവം, വിദ്യാഭ്യാസം

July 30, 2012 സനാതനം

അജയകുമാര്‍ എം.ബി.
ഇന്ന് മനുഷ്യനെ മനുഷ്യനല്ലാതാക്കി തീര്‍ക്കുന്നത് അവന്റെ അമിതമായ മതഭ്രാതന്താണ്. ജാതി, മതം, വര്‍ഗ്ഗ, രാഷ്ട്രീയത്തിന്റെ പേരില്‍ സാഹോദര്യത്തിനു വില കല്‍പിക്കാതെ മനുഷ്യന്‍ സാഹോദര്യത്തിന്റേയും പരസ്പര സഹായത്തിന്റേയും കാര്യത്തില്‍ ലോകത്തിലെ ഒരുചെറിയ ജീവിയായ ഉറുമ്പിനേക്കാള്‍ ചിറകിലാണെന്നു കാണാം. നാം കണ്ണുതുറന്ന് പതിനായിരക്കണക്കിന് ജീവികളെ കൊണ്ടുനിറഞ്ഞ ഈ പ്രപഞ്ചത്തിലേക്കു നോക്കിയാല്‍ ഒത്തൊരുമയോടും. പരസ്പര സ്‌നേഹത്തോടുകൂടി കഴിയുന്ന കാര്യത്തില്‍ മറ്റു ജീവികള്‍ തന്നെ ശ്രേഷ്ഠര്‍ എന്നു മനസ്സിലാകും.

ഒരു ഉറുമ്പ് എവിടെയെങ്കിലും ചത്തുകിടന്നാല്‍ ഉറുമ്പിന്റെ ഒരു നിര എവിടെയെങ്കിലും ഒരു കാക്കയുടെ ദീനമായ കരച്ചില്‍ കേട്ടാല്‍ അവിടേയ്ക്ക് ഒരു പറ്റം കാക്കകള്‍ പറന്നുടുക്കുന്നു. ഒരു വലിയ കാടിന്റെ ഏതെങ്കിലും ഒരു മൂലയില്‍ നിന്ന് ഒരു കുറുക്കന്‍ ഓരിയിട്ടാല്‍ ആ ശബ്ദം കേള്‍ക്കുന്ന ആ കാട്ടിലെ മറ്റു കുറുക്കന്മാര്‍ മുഴുവനും ഓരിയിടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഏതെങ്കിലും ഒരു മനുഷ്യന് അപകടം പിണഞ്ഞ് എവിടെയങ്കിലും കിടന്നുപോയാല്‍ നാം പ്രകൃതിയിലെ മറ്റു ജീവികളില്‍ കണ്ടതുപോലെ മനുഷ്യര്‍ പെട്ടെന്ന് അവിടെ ഓടിക്കൂടാറില്ല. കാരണമുണ്ട്, അവന്‍ ഏതു ജാതിയെന്നറിയണം. ഏതു രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു എന്നറിയണം. അതിലുപരി കഴിഞ്ഞ ഇലക്ഷന് ഇവര്‍ ആര്‍ക്കാണ് വോട്ടുകൊടുത്തതെന്നും അറിയണം. ഹാ! കഷ്ടം. എന്തിനിങ്ങനെ മൃഗത്തേക്കാള്‍ കഷ്ടമായി ജീവിക്കുന്നു.

ഇന്ന് മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്ന ഈ സഹോദരബന്ധങ്ങള്‍ക്ക് മുഖ്യഹേതു നമ്മുടെ അറിവില്ലായ്മയും അഹംഭാവവുമാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെയാവണം നമ്മുടെ ഋഷിവര്യന്മാരും, സന്യാസിശ്രേഷ്ഠന്‍മാരും ഇതിഹാസ ഗ്രന്ഥങ്ങള്‍ പോലെയുള്ള വിലമതിക്കാനാവാത്ത ഗ്രന്ഥങ്ങളില്‍ ഈ സഹോദരസ്‌നേഹത്തെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. ഉദാഹരണമായി രാമായണമെടുത്താല്‍ അതില്‍ പ്രധാനമായി നാലുതരം സഹോദരസ്‌നേഹങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും. രാമലക്ഷ്മണന്‍മാരുടേത് രാവണവിഭീഷണന്മാരുടേത് ബാലി സുഗ്രീവന്മാരുടേത് സമ്പാതി ജടായു എന്നിവരുടേത്. ഇതില്‍ രാമലക്ഷ്മണന്‍മാര്‍ മനുഷ്യരും, രാവണവിഭീഷണന്‍മാര്‍ രാക്ഷസരും, ബാലിയും സുഗ്രീവനും വാനരും, സമ്പാതിയും ജടായുവും പക്ഷിശ്രേഷ്ഠരുമാണ്. ഇതില്‍ നിന്നും പ്രത്യക്ഷമായി നമുക്ക് ഒരു കാര്യം വ്യക്തമാണ്. രാമായണത്തിലെ സഹോദരബന്ധങ്ങള്‍ മനുഷ്യരില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. മറിച്ച് അണുമുതല്‍ ആനവരെയുള്ള ജീവികളിലും വലുപ്പച്ചെറുപ്പമോ ശക്തിയോ ബുദ്ധിയോ ഒരു വിലങ്ങുതടിയാവാതെ സകലചരാചരങ്ങളിലും സമദര്‍ശിത്വവും സാഹദര്യവും ദര്‍ശിച്ച ഒരു ജീവസമൂഹം നമുക്ക് ആ രാമരാജ്യത്തില്‍ കാണുവാന്‍ സാധിക്കും.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’എന്നു പ്രാര്‍ത്ഥിക്കുന്ന, ഒരു മതം അതിലുപരി ഒരു സംസ്‌കാരം ലോകത്തിനു കാഴ്ചവച്ചത് ഹിന്ദുമതമല്ലാതെ മറ്റൊന്നില്ല. സ്വഭാവ രൂപീകരണത്തിലൂടെയും, ആത്മനിയന്ത്രണത്തിലൂടെയും, മനസ്സിനേയും ചിന്തയേയും അത്യുന്നത തലങ്ങളിലേക്ക് നയിക്കുവാന്‍ പ്രാപ്തമായ ഒരു തത്വസംഹിത ആര്‍ഷഭാരത സംസ്‌കാരത്തില്‍ നിന്നല്ലാതെ ഇതുവരെ ഉടലെടുത്തിട്ടില്ല.

സ്വഭാവ രൂപീകരണം മനുഷ്യന്റെ വളര്‍ച്ചയുടെ തന്നെ ഒരു ഭാഗമാണ്. വളര്‍ച്ച എന്നതുകൊണ്ട് ശാരീരിക വളര്‍ച്ചയല്ല ഇവിടെ നാം ഉദ്ദേശിക്കുന്നത്. മാനസികവളര്‍ച്ചയാണിവിടെ പ്രാധാന്യം. കാരണം ശരീരം എത്രതന്നെ വളര്‍ന്നാലും മനസ്സും, ബുദ്ധിയും വളര്‍ന്നില്ലെങ്കില്‍ അവന്‍ നിഷ്‌ക്രയനും നിര്‍ഗ്ഗുണനുമായിരിക്കും. മനസ്സിന്റേയും ബുദ്ധിയുടേയും വളര്‍ച്ചയില്‍ സ്വഭാവരൂപീകരണത്തിന്റെ പങ്ക് വലുതാണ്. സ്വഭാവരൂപീകരണത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് ഈശ്വര വിശ്വാസവും, മുതിര്‍ന്നവരിലുള്ള ബഹുമാനവുമാണ്. ഇതിനുള്ള മാര്‍ഗ്ഗം ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുന്നത് ഒരു ഉദാഹരണസഹിതമാണ്. ‘തൈരുകലക്കി വെണ്ണ എടുക്കുന്നത് സൂര്യോദയത്തിനു മുമ്പുവേണം. അല്ലെങ്കില്‍ അത് നല്ല ഉറച്ച വെണ്ണയായി കിട്ടുകയില്ല. അതുപോലെതന്നെ ചെറുപ്രായത്തില്‍ തന്നെ ഈശ്വരനിലേക്ക് മനസ്സു തിരിച്ച്, ഭക്തിമുറകള്‍ ശീലിപ്പിച്ച് കുട്ടികളില്‍ ഭക്തി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമെ അവരുടെ സ്വഭാവവും നല്ലരീതിയില്‍ രൂപീകരിക്കുവാന്‍ സാധിക്കൂ’. മനഷ്യജന്മം കിട്ടുവാന്‍ ഭാഗ്യമുണ്ടായിട്ടുകൂടി ഈ ജന്മം തന്നെ ഭഗവാനെ സാക്ഷാത്കരിക്കുവാന്‍ സാധിക്കാത്തവര്‍ ജനിച്ചത് വെറുതെ തന്നെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ആദ്ധ്യാത്മിക ഗുരു, ശ്രീനീലകണ്ഠഗുരുപാദരായിരുന്നു. ശ്രീ രാമകൃഷ്ണപരമഹംസരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും എങ്ങനെയാണോ സ്വാമി വിവേകാനന്ദന്‍ പ്രാവര്‍ത്തികമാക്കിയത്. അതുപോലെതന്നെ മറ്റൊരു വിവേകാനന്ദനെ കാണുവാന്‍ സാധിക്കുന്നത് സ്വാമി സത്യാനന്ദ സരസ്വതിയിലാണ്. ശ്രീ നീലകണ്ഠ ഗുരുപാദര്‍ പകര്‍ന്നുകൊടുത്ത ആവിജ്ഞാനം ലോകജനതയ്ക്ക് പകര്‍ന്നുനല്‍കിയത് സ്വാമി സത്യാനന്ദ സരസ്വതിയാണ്. വാക്‌ദേവതയുടെ പരുഷാവതാരമായി വിശേഷിപ്പിക്കാവുന്ന സ്വാമിജി പണ്ഡിതപാമരഭേദമന്യേ എല്ലാവര്‍ക്കും ഈശ്വരതുല്യനാണ്.

If Wealth is lost, Nothing is lost,
If Health is lost, Something is lost
If Character is lost Everything is lost

നമുക്ക് ധനം നഷ്ടപ്പെട്ടാല്‍ ഒന്നും നഷ്ടപ്പെട്ടതായി കരുതേണ്ട കാരണം ധനം വീണ്ടും ഉണ്ടാകും. ആരോഗ്യം നഷ്ടപ്പെട്ടാല്‍ അത് ചിലപ്പോള്‍ പഴയതുപോലെ തന്നെ നമുക്ക് കൈവരിക്കുവാന്‍ സാധിച്ചില്ല എന്നു വരാം എന്നാലും വലുതായി ഒന്നു നഷ്ടമാകുന്നില്ല. എന്നാല്‍ നമ്മുടെ സല്‍സ്വഭാവം നമുക്ക് നഷ്ടമായാല്‍, അഥവാ നഷ്ടമാക്കിയാല്‍, നാം എല്ലാം നഷ്ടപ്പെട്ടവനായിരിക്കും അത് പിന്നീട് രൂപീകരിക്കുവാന്‍ അനായാസമായി സാധിക്കുകയില്ല ഇതില്‍നിന്നും സ്വഭാവരൂപീകരണത്തിന്റേയും അത് നഷ്ടമായാലുള്ള നമ്മുടെ അവസ്ഥയേയും പറ്റി ഊഹിക്കാവുന്നതാണ്.

അടുത്തതായി നമുക്ക് ഏറ്റവും അവശ്യമായ ഒരു കാര്യം വിദ്യാഭ്യാസമാണ്. സ്വാമി വിവേകാന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വിദേശഭാഷയില്‍കൂടി മറ്റുള്ളവരുടെ ചില ആശയങ്ങള്‍ ഹൃദിസ്ഥമാക്കി കുറെ സര്‍വ്വകലാശാലാ ബിരുദങ്ങളും നേടുന്നതല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. മറിച്ച്, സ്വഭാവത്തെ രൂപീകരിച്ച് മനോബലം വളര്‍ത്തി, ബുദ്ധിശക്തിയെ വികസിപ്പിച്ച് മനുഷ്യനെ സ്വാശ്രയശീലനാക്കി തീര്‍ക്കുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യം. വിദ്യഭ്യാസത്തിന്റെയും, സാങ്കേതിക പരിശീലനങ്ങളുടേയും എല്ലാം ലക്ഷ്യം മനുഷ്യനെ നിര്‍മ്മിക്കലാവണം എല്ലാ പഠിപ്പുകളുടേയും ഉന്നം മനുഷ്യനെ ഉയര്‍ത്തുക എന്നുള്ളവതാവണം. എങ്കില്‍ മാത്രമേ വിദ്യാഭ്യാസം കൊണ്ട് നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. അടിപതറാത്ത ആത്മവീര്യവും, മനോബലവുമാണ് ഇന്നത്തെ യുവതലമുറയ്ക്കാവശ്യം. ആഴിയുടെ അടിത്തട്ടുവരെ പോകേണ്ടിവന്നാലും ലക്ഷ്യബോധത്തില്‍ നിന്നും പിന്മാറാത്ത മനശ്ശക്തി; അതാണ് ഇന്നത്തെ ആവശ്യം. സ്വാമി സത്യാനന്ദ സരസ്വതി എപ്പോഴും പറയും മാനസിക ബലം വളര്‍ത്തിയെടുത്താല്‍ ഒരു ശക്തിക്കും നിങ്ങളെ കീഴ്‌പ്പെടുത്താനാവില്ല. ഇത് അദ്ദേഹം സ്വന്തം ജീവിതത്തില്‍ തന്നെ നമുക്ക് കാട്ടിത്തരുകയും ചെയ്തു.

മാതാപിതാക്കളില്‍ നിന്നും ചുറ്റുപാടില്‍നിന്നും പഠിച്ച് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുകയാണ് കുട്ടികള്‍ ചെയ്യുന്നത്. നല്ല അനുഭവങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നത് എങ്കില്‍ അവരുടെ സ്വഭാവവും, വിചാര ധാരയും നല്ല രീതിയില്‍ തന്നെ മുന്നേറിക്കൊണ്ടിരിക്കും. സജ്ജന സംസര്‍ഗ്ഗം കൊണ്ടും ചെറുപ്പത്തില്‍ തന്നെ നല്ല സ്വഭാവം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. അതിനായി നല്ല കൂട്ടുകെട്ട് അത്യന്താപേക്ഷിതമാണ്.

ലൗകിക ജീവികളായ നമുക്ക് നല്ല രീതിയിലുള്ള ഒരു ജീവിത ശൈലി കൈവരുന്നതിന് ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമായ ഒരു ലൗകിക ജീവിതം നയിക്കുക എന്നതാണ്! അതായത് ഈശ്വരനില്‍ അടിയുറച്ച വിശ്വാസവും, സ്വഭാവത്തില്‍ മാതൃകയായ സ്വഭാവമുള്ള ഒരു വ്യക്തിയുടെ ജീവിതത്തില്‍ പരാജയത്തിനു സ്ഥാനമില്ലെന്നുകാണാം. നമ്മില്‍ അതീതമായ ഒരു ശക്തി ഉണ്ട് എന്ന ധാരണ നമ്മെ വിനയാന്വതരാക്കുന്നു. നമ്മിലുള്ള അഹം എന്ന ബോധം ഇല്ലാതെയായാല്‍ വ്യക്തിയും ഈശ്വരനും ഒന്നുതന്നെയായി എന്നു പറയാം. അഥവാ അവനവനിലും മറ്റു ചരാചരങ്ങളിലും ഈശ്വരനെ കാണുവാന്‍ സാധിക്കും. അങ്ങനെയുള്ള ഒരു സമദര്‍ശിത്വവും, സല്‍സ്വഭാവും, വിദ്യാഭ്യാസവും ഉള്ള ഒരു യുവതലമുറയാണ് നമുക്കിന്നാവശ്യം. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇരുമ്പുകൊണ്ടുള്ള മാംസപേശികളും ഉരുക്കുകൊണ്ടുള്ള ഞരമ്പുകളുമുള്ള ഇച്ഛാശകതിയുള്ള യുവശക്തിയേയാണ് ഭാരതത്തിനാവശ്യം. ഇവരാകട്ടെ ഭാരതത്തിന്റെ വിധികര്‍ത്താക്കള്‍. നമുക്ക് ഇങ്ങനെയൊരു യുവതലമുറയുടെ പെട്ടെന്നുള്ള വളര്‍ച്ചക്കായി പ്രാര്‍ത്ഥിക്കാം. പ്രസിദ്ധനായ ബെല്‍ സ്വീറ്റ്‌ലാന്റിന്റെ വരികള്‍ ശ്രദ്ധിക്കൂ. ‘വിജയം ഒരു യാത്രയാണ്, ലക്ഷ്യസ്ഥാനമല്ല. നമുക്കും ഈ യാത്ര തുടരാം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം