എസ്. എന്‍. ഡി. പി. യോഗവും എന്‍. എസ്സ്. എസ്സും വിശാലഹിന്ദുഐക്യത്തിന് മുന്‍കൈയെടുക്കണം

July 30, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

കേരളത്തില്‍ ഹിന്ദുമതത്തിലെ ഭൂരിപക്ഷ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന എസ്. എന്‍. ഡി. പി യോഗവും എന്‍. എസ്. എസ്സും തമ്മില്‍ ഐക്യത്തോടെ മുന്നോട്ടുപോകുവാനുള്ള തീരുമാനം ശുഭോദര്‍ക്കമാണ്. നേരത്തെ രണ്ടുപ്രാവശ്യം ഇരുസംഘടനകളും തമ്മിലുള്ള ഐക്യം നിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ മുന്നോട്ടു പോയില്ല. എന്നാല്‍ ഇപ്പോള്‍ എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരും പരസ്പരം ആശയവിനിമയം നടത്തി ഭൂരിപക്ഷ സമുദായത്തിന്റെ നിലനില്‍പ്പിന് ഇരുസമുദായങ്ങളുടെയും ഐക്യം അനിവാര്യമാണെന്ന് മനസ്സിലാക്കിയത് ഹിന്ദുസമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ ഐക്യം ഇവിടംകൊണ്ടു നിര്‍ത്താതെ വിശാലഹിന്ദുഐക്യമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുവാന്‍ ഇരുസംഘടനകള്‍ക്കും ബാദ്ധ്യതയുണ്ട്.

ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള കേരളത്തിലെ ഹൈന്ദവജനത ഒരുകൊടിക്കിഴില്‍ അണിനിരക്കുന്ന വിശാല ഹിന്ദുഐക്യമെന്ന ആശയം മുന്നോട്ടുവച്ചത് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ആയിരുന്നു. അന്ന് സ്വാമിജിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയിരുന്നെങ്കില്‍ ഇന്ന് കേരളത്തിലെ ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടില്ലായിരുന്നു. സംഘടിതരായ ന്യൂനപക്ഷവിഭാഗങ്ങള്‍ അസംഘടിതരായ ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ അവഗണിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെടാനുള്ള നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായപ്പോഴാണ് നായര്‍ – ഈഴവ ഐക്യത്തിന്റെ അനിവാര്യതയെകുറിച്ച് ഇരു സമുദായനേതൃത്വങ്ങള്‍ക്കും ബോധ്യമായത്.

പട്ടികജാതി – പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണത്തിന്റെ ബലത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ സച്ചാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പട്ടികവിഭാഗങ്ങളെക്കാള്‍ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നു എന്നതാണ് വാസ്തവം. കേരളത്തില്‍ ഹിന്ദുസമൂഹത്തില്‍പ്പെട്ട ഒട്ടേറെ വിഭാഗങ്ങളുണ്ട്. മറ്റു പിന്നോക്കവിഭാഗംതന്നെ എണ്‍പതോളം സമുദായങ്ങള്‍ വരും. ഇതില്‍ സംഘടനാശേഷിയുള്ളത് പത്തില്‍താഴെ സമുദായങ്ങള്‍ക്കുമാത്രമാണ്. അതിലും കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്നത് വിരലില്‍ എണ്ണാവുന്ന സംഘടനകള്‍മാത്രം.

ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഭൂരിപക്ഷം സമുദായങ്ങള്‍ക്കും കടലാസ് സംഘടനകള്‍പോലും ഇല്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ വിശാല ഹിന്ദു ഐക്യമെന്ന സ്വാമിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എന്‍.എസ്സ്.എസ്സും. എസ്.എന്‍.ഡി.പിയും മുന്നിട്ടിറങ്ങിയേ തീരൂ. സ്വന്തം സമുദായതാല്‍പ്പര്യത്തിനപ്പുറത്ത് ഹൈന്ദവ ജനതയുടെ ഐക്യത്തിനും മുന്നേറ്റത്തിനും പാതയൊരുക്കുക എന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ ഇരുസംഘടനകള്‍ക്കും ബാധ്യതയുണ്ട്. ആ നിയോഗത്തില്‍നിന്നും ഈ സംഘടനാ നേതൃത്വങ്ങള്‍ പിന്നോട്ടുപോയാല്‍ അതിന് കരളത്തിലെ ഹൈന്ദവ സമൂഹം അനതിവിദൂരഭാവിയില്‍ തന്നെ വലിയ വിലകൊടുക്കേണ്ടിവരും.

ഏതാനും വര്‍ഷംമുമ്പ് വിശാലഹിന്ദുഐക്യത്തിന്റെ മുന്നോടിയായി നായര്‍ – ഈഴവ ഐക്യമുണ്ടായപ്പോള്‍ ചില ന്യൂനപക്ഷവിഭാഗ നേതാക്കള്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ഈ രാജ്യത്ത് എന്തോ അരുതാത്തത് സംഭവിക്കാന്‍പോകുന്നു എന്ന പ്രതീതിയാണ് അവര്‍ സൃഷ്ടിച്ചത്. ഹിന്ദു സമൂഹം ഒരുമിക്കുന്നതില്‍ ഇവര്‍ക്ക് ഇത്ര വേവലാതി എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആരുടെയും അവകാശങ്ങള്‍ പിടിച്ചുപറ്റാനല്ല ഹൈന്ദവസമൂഹം ഒന്നിക്കുന്നത്. സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന് സംഘടിതമായി ശക്തിപ്രാപിക്കുകയല്ലാതെ ജനാധിപത്യത്തില്‍ മറ്റുമാര്‍ഗ്ഗമില്ല.

ഇന്നും എസ്. എന്‍. ഡി. പി യോഗവും എന്‍. എസ്സ്. എസ്സും ഒരുമിച്ചു മുന്നോട്ടുപോകാന്‍ തയാറാകുന്ന ഘട്ടത്തില്‍ ഹൈന്ദവവിരുദ്ധശക്തികള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ ലക്ഷ്യം നിറവേറ്റാനുള്ള ചരിത്ര നിയോഗമാണ് തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന എന്ന ബോധ്യം ഇരു സംഘടനകളുടെയും നേതാക്കള്‍ക്ക് വേണം. വിശാലഹിന്ദുഐക്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിശാലമായ കാഴ്ചപ്പാടും ഹൃദയവിശാലതയും കാത്തുസൂക്ഷിച്ചുകൊണ്ടേ സാധ്യമാകൂ എന്നകാര്യം എസ്. എന്‍. ഡി. പി – എന്‍. എസ്സ്. എസ്സ്. നേതൃത്വങ്ങള്‍ ജാഗ്രതയോടെ ഓര്‍ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍