മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്ക് എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണം: മുഖ്യമന്ത്രി

July 30, 2012 കേരളം

തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നു തിരുവനന്തപുരത്ത് ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനും പാലക്കാട് കോച്ച് ഫാക്ടറിയുടെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും കൂട്ടായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചത്.

എയര്‍ ഇന്ത്യ വിമാനടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുകയും മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദു ചെയ്യുകയും ചെയ്യുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ വായ്പ പരിമിതപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വായ്പ അനുവദിക്കണമെന്ന് ബാങ്കുകളുടെ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇത് അവര്‍ അംഗീകരിക്കുകയും ചെയ്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ പഠനത്തിനായി പോകുന്നവര്‍ക്ക് പ്രത്യേകിച്ച് നഴ്‌സിംഗ് പഠനത്തിന് പോകുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം