എഴുത്തച്ഛന്റെ മന്ത്രകവിത

July 31, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 14)

14. എഴുത്തച്ഛന്റെ മന്ത്രകവിത

അദ്ധ്യാത്മരാമായണം മന്ത്രകവിതയാണ്. കിളിപ്പാട്ടെന്ന പേര് അക്കാര്യം കൂടി സൂചിപ്പിക്കുന്നു. ശ്രദ്ധയോടുകൂടി അദ്ധ്യാത്മരാമായണം വായിക്കുകയോ ഹൃദയപൂര്‍വം ഈ മഹാഗ്രന്ഥം വായിച്ചു കേള്‍ക്കുകയോ ചെയ്യുന്ന ആളുകള്‍ സ്വാനുഭവത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചുനോക്കുകയണെങ്കില്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമായിക്കൊള്ളും. മറ്റേതൊരു ഭാഷാകാവ്യം വായിച്ചാലും ലഭിക്കാത്ത അലൗകികമായ സന്തോഷം ഇതിന്റെ പാരായണത്തിലൂടെ സിദ്ധമായിത്തീരുന്നതായാണ് ആരുടെയും അനുഭവം. ജീവിതത്തിലെ ക്ലേശങ്ങള്‍ എന്തുതന്നെയായിക്കൊള്ളട്ടെ.

മനസ്സിനെ ഉന്മഥിക്കുന്ന ദുഃഖങ്ങള്‍ എത്രതന്നെ പ്രചണ്ഡമായിക്കൊള്ളട്ടെ അതിനെയെല്ലാം അനായാസമായി ദൂരീകരിക്കാനും സഹൃദയനെ ആനന്ദത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്കെത്തിക്കാനും ഈ കാവ്യത്തിനുള്ള സാമര്‍ത്ഥ്യം ഒന്നുവേറെതന്നെയാണ്. ഋഗ്വേദമന്ത്രങ്ങള്‍ക്കും വാല്മീകി വ്യാസന്‍ തുടങ്ങിയ മഹര്‍ഷിമാരുടെ കാവ്യങ്ങള്‍ക്കും മാത്രം കൈവന്നിട്ടുള്ള സിദ്ധിവിശേഷമാണിത്. അതാണു ആയിരത്താണ്ടുകള്‍ പലതുകഴിഞ്ഞിട്ടും പ്രഭമങ്ങാതെ രാമായണ മഹാഭാരതങ്ങളെ ഇതിഹാസപദവിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മന്ത്രകവിതയുടെ മഹത്വം കൂടികൊള്ളുന്നതവിടെയാകുന്നു.

കാവ്യമേളം ശബ്ദാര്‍ത്ഥമയമാണ്. ശ്വാസകോശത്തില്‍നിന്ന് പുറപ്പെട്ട് കണ്ഠനാളങ്ങളിലൂടെ ബഹിര്‍ഗമിക്കുന്ന വായു, ചുണ്ടുകള്‍, പല്ല് മുതലായ ഭാഗങ്ങളില്‍വച്ചു തടയപ്പെട്ടു തുറന്നുവിടുമ്പോള്‍ ശബ്ദങ്ങള്‍ അഥവാ വര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നു എന്നും അവ കൂടിച്ചേര്‍ന്നു വാക്കുകളും വാക്യങ്ങളും രൂപപ്പെടുമ്പോള്‍ അര്‍ത്ഥനിവേദനക്ഷമമായ ഭാഷാപ്രയോഗം സംഭവിക്കുന്നു എന്നുമൊക്കെയാണു പ്രസിദ്ധി. പക്ഷേ വര്‍ണ്ണങ്ങളുണ്ടാകുന്നത് വായ് നാക്ക് മുതലായ ഉച്ചാരണാവയവങ്ങളില്‍ നിന്നല്ല. ഉള്ളിലിരിക്കുന്ന ശബ്ദത്തെ പുറത്തു കേള്‍പ്പിക്കുകമാത്രമേ യഥാര്‍ത്ഥത്തില്‍ അവ ചെയ്യുന്നുള്ളു. ശ്രീരാമരാമ ശ്രീരാമ ചന്ദ്ര ജയ എന്ന് ഉറക്കെ ചൊല്ലുന്നപോലെതന്നെ മനസ്സില്‍ വായിക്കുകയും സാദ്ധ്യമാണല്ലോ. ഉച്ചരിക്കാതെ തന്നെ പ്രസ്തുത ശബ്ദങ്ങള്‍ ഹൃദയത്തില്‍ മുഴങ്ങുന്നത് അപ്പോള്‍ അനുഭവിക്കാം.

മനസ്സുകൊണ്ട് എന്തു ചിന്തിച്ചാലും വര്‍ണ്ണങ്ങളും വാക്കുകളും വാക്യങ്ങലും ഉള്ളില്‍ തുടിക്കും. എന്തുകൊണ്ട്?  വര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നത് ഉള്ളില്‍ നിന്നാണ്. വെളിയില്‍ നിന്നല്ല. പുറംലോകം ശബ്ദായമാനമാനമാണെന്നു നമുക്കു തോന്നിയാലും നിശ്ശബ്ദമാണെന്നതാണു യാഥാര്‍ത്ഥം. നമ്മുടെ ഉള്ളില്‍ ശബ്ദാനുഭവം തോന്നിക്കാന്‍ സഹായകമായ പദാര്‍ത്ഥ സ്പന്ദനങ്ങള്‍ മാത്രമേ പുറത്തുള്ളു. ശബ്ദം പുറത്തില്ല. ഉള്ളിലേയുള്ളു. അദ്ധ്യാത്മരാമായണം ക്രമേണ ഇതിന്റെയെല്ലാം രഹസ്യം വെളിവാക്കിത്തരും.

നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്ന ശ്രീരാമനില്‍ ശക്തിസ്പന്ദിച്ചാണു ഇക്കാണായ ജഗത്തുമുഴുവന്‍ ഉണ്ടാകുന്നതെന്നു നേരത്തെ പറഞ്ഞിട്ടുണ്ട്. മറ്റു ലോകപദാര്‍ത്ഥങ്ങളെപ്പോലെ ശബ്ദമുണ്ടാകുന്നതും ശ്രീരാമചന്ദ്രനില്‍നിന്നാകുന്നു. രാമനാണ് ശബ്ദതത്ത്വം. ആദ്യവസാനങ്ങളില്ലാത്ത ബ്രഹ്മമാണ് അക്ഷരമായ ശബ്ദതത്ത്വമെന്ന് വാക്യപദീയമെന്ന വ്യാകരണശാസ്ത്രഗ്രന്ഥത്തില്‍ ഭര്‍ത്തൃഹരി രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാകുന്നു. പരാ എന്നു പേരുള്ള ശബ്ദതത്ത്വം മൂലാധാരത്തില്‍നിന്നുയര്‍ന്നു പശ്യന്തിയും അനന്തരം മദ്ധ്യമയുമായിത്തീരുന്നു. അതാണു കണ്ഠസ്ഥാനത്തെത്തി വൈഖരിയായി വാഗിന്ദ്രിയത്തന് ഉച്ചരിക്കുവാനും അന്തരിഭാദിമാദ്ധ്യമങ്ങള്‍ക്കു സംവദിക്കുവാനും കാതുകള്‍ക്കു പിടിച്ചെടുക്കുവാനും പറ്റുന്ന അവസ്ഥയെ കൈവരിക്കുന്നത്. വൈഖരി ഭൂലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ മാധ്യമശബ്ദമാകട്ടെ സ്വര്‍ലോക മഹര്‍ലോകത്തെത്തിനിന്നുകൊണ്ടു യോഗിമാര്‍ ഉള്ളിലേക്കു നോക്കിക്കാണുന്ന സൂക്ഷ്മശബ്ദമാണു പശ്യന്തി. അതില്‍ വര്‍ണ്ണങ്ങള്‍ പലതായി വേര്‍തിരിഞ്ഞു നില്‍ക്കുന്നില്ല. അതിനപ്പുറമാണ് അത്യന്തസൂക്ഷ്മമായ പര അഥവാ ശ്രീരാമനെന്ന ശബ്ദതത്ത്വം.

നൈസര്‍ഗ്ഗികമായ സൗന്ദര്യാനന്ദങ്ങള്‍ക്കു തെല്ലും തടസ്സമുണ്ടാകാതെ മദ്ധ്യമയുടെ ഉപരിമണ്ഡലങ്ങളില്‍ നിന്ന് (അഥവാ മഹര്‍ലോകത്തുനിന്നു) പ്രവഹിച്ചു വൈഖരീ രൂപത്തില്‍ കേള്‍ക്കപ്പെടുന്ന കവിതയാണു എഴുത്തച്ഛന്റെ കിളിപ്പാട്ട്. ആരിലും ഇങ്ങനെയാണു ശബ്ദം പുറപ്പെടുന്നതെങ്കിലും ഉള്ളിലെ അഹന്ത അതിന്റെ ജ്ഞാനാനന്ദങ്ങളെ മറച്ച് വികാരമലീമസമാക്കിത്തീര്‍ക്കുന്നതിനാല്‍ കാവ്യങ്ങള്‍ സൗന്ദര്യഹീനമായിപ്പോകുന്നു എന്നുമാത്രം. പ്രൊജക്ടറിലൂടെ കടന്നുവരുന്ന വെളിച്ചത്തില്‍ മലിനമായ നിറങ്ങളുടെ പരതരം വൈവിദ്ധ്യങ്ങള്‍ അഭ്രപാളി ഉണ്ടാക്കിത്തീര്‍ക്കുന്നതിനു സമാനമായ പ്രക്രിയയാണിത്. എഴുത്തച്ഛന്റെ ഹൃദയത്തില്‍ അഹന്തയാകുന്ന ഫിലിമില്ല. അതിനാല്‍ ശബ്ദം കലര്‍പ്പേതുമില്ലാതെ കടന്നുപോരുന്നു. തടവെന്യേ പ്രകാശിക്കുന്ന പ്രസ്തുതശബ്ദം സത്യ ശിവ സൗന്ദര്യങ്ങളിണങ്ങിയ ശ്രീരാമതത്ത്വത്തെ സമര്‍ത്ഥമായി ആവിഷ്‌ക്കരിക്കുന്നു.

അങ്ങനെ ജ്ഞാനാനന്ദമയമായ കിളിപ്പാട്ട് സഹൃദയന്മാരെ ഹഠാദാകര്‍ഷിക്കാന്‍ പോന്നതാണ്. ശ്രദ്ധയോടെ അതു വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആദ്യം അതു വൈഖരിയുടെ ഭൂലോകത്തില്‍നിന്നു ഭക്തനെ ഉയര്‍ത്തി സ്വര്‍ലോക മഹര്‍ലോകങ്ങളുടെ മദ്ധ്യമയിലെത്തിക്കും. അവിടെനിന്നുകൊണ്ട് പശ്യന്തിയുടെ ഉപരിലോകങ്ങള്‍ കാട്ടിക്കൊടുക്കും. മഹായോഗിയായ എഴുത്തച്ഛന്‍ വിളങ്ങിനിന്നിരുന്ന ദിവ്യലോകങ്ങളിലേക്കാണ് അദ്ധ്യാത്മരാമായണം ആരെയും ഉയര്‍ത്തിക്കൊണ്ടുപോകുന്നത് എന്നു വ്യക്തം. അതാണു ശ്രദ്ധയോടെ അദ്ധ്യാത്മരാമായണം വായിക്കുന്നവര്‍ക്കുലഭിക്കുന്ന അലൗകികാനന്ദാനുഭവം. പിന്നെ ആനന്ദ സ്വരൂപനായ ശ്രീരാമചന്ദ്രനിലെത്തിച്ചേരാന്‍ ദൂരമധികമില്ല. ഇങ്ങനെ കാവ്യാസ്വാദകനെ ഭഗവത്‌സവിധത്തിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന കവിതയ്ക്കാണ് ഭാരതീയ ശാസ്ത്രം മന്ത്രകവിതയെന്നു പേരിട്ടിരിക്കുന്നത്. ഋക്-യജുഃ-സാമ-അഥര്‍വ വേദകവിതകള്‍ ഈ വിഭാഗത്തില്‍പെടുന്നു. വാല്മീകി, വ്യാസന്‍, എഴുത്തച്ഛന്‍, നായനാര്‍മാര്‍, ആള്‍വാര്‍മാര്‍ എന്നിങ്ങനെ അനേകം ഋഷിവര്യന്മാരുടെ കൃതികളും മന്ത്രകവിതയായുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം