ശുചിത്വത്തിന് മുന്‍ഗണന കൊടുത്തുകൊണ്ട് ശബരിമല തീര്‍ത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും: കെ. ജയകുമാര്‍

August 1, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായും, കാലേക്കൂട്ടിയും പൂര്‍ത്തിയാക്കുമെന്നു ദേവസ്വം ചീഫ് കമ്മീഷണര്‍ കൂടിയായ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അറിയിച്ചു. അടുത്ത ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പായി ചെയ്തു തീര്‍ക്കേണ്ട ഒരുക്കങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ശുചിത്വത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാനാണ് യോഗ തീരുമാനം. അതനുസരിച്ചു തീര്‍ഥാടനം തുടങ്ങുന്നതിന് ഒരു മാസം മുന്‍പേ ശുചീകരണ പരിപാടികള്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ശബരിമലയിലെ വഴിപാടു പ്രസാദങ്ങളായ അരവണ, അപ്പം എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു മുന്‍ഗണന നല്‍കാന്‍ യോഗം തീരുമാനിച്ചു. ശര്‍ക്കരയുടെ നിലവാരം ഉയര്‍ത്താന്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് വാങ്ങും. അതിനായി ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള നിര്‍മാതാക്കളില്‍ നിന്നും ശര്‍ക്കര നേരിട്ട് പമ്പയില്‍ എത്തിക്കാനുളള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും.

പമ്പയില്‍ സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി സുരക്ഷിതമായുള്ള ഗോഡൗണ്‍ സൗകര്യം വിപുലപ്പെടുത്തും. ശബരിമല പ്രസാദങ്ങളുടെ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, അപ്പം നിര്‍മാണം യന്ത്രവത്കരിക്കുക, വായു കയറാതെ വാക്വം പായ്ക്ക് ചെയ്യുക, ശബരിമലയിലെയും പമ്പയിലെയും ലാബുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക എന്നീ കാര്യങ്ങള്‍ സംബന്ധിച്ച് ഫുഡ് സേഫ്റ്റി കമ്മീഷണറുമായി അടുത്തയഴ്ച ചര്‍ച്ച നടത്തും.

ശബരിമല മേല്‍ശാന്തി, പമ്പ പുരോഹിതന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ്, ശബരിമലയിലെ ലേല നടപടികള്‍ എന്നിവ ഉടന്‍ തുടങ്ങും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വാഹന പാര്‍ക്കിംഗിനുവശ്യമായ സ്ഥലം മുന്‍കൂട്ടി തരംതിരിച്ച് സൗകര്യപ്പെടുത്തും.

അപ്പം, അരവണ എന്നീ പ്രസാദങ്ങള്‍ ധനലക്ഷ്മി ബാങ്കു വഴി വില്‍ക്കുന്നത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും. 2013-ലെ ദേവസ്വം ഡയറി, കലണ്ടര്‍ എന്നിവ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ അച്ചടിച്ച് ശബരിമലയില്‍ എത്തിക്കുവാനും തീരുമാനിച്ചു.

ശബരിമലയില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് നേരിട്ടു വിലയിരുത്തുന്നതിലേക്കായി ഈ മാസം അഞ്ചിന് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങള്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിക്കും. ദേവസ്വം ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം