ഭാരതത്തില്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാധാരം ഹൈന്ദവസംസ്‌കാരം: സ്വാമി അശ്വതി തിരുനാള്‍

August 1, 2012 കേരളം

തിരുവനന്തപുരം: ഭാരതത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുമതത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു. നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്കൊന്നും ജനാധിപത്യത്തെ ഇതുപോലെ നിലനിര്‍ത്താനായിട്ടില്ല. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ യുവസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമാണത് ഹൈന്ദവ സംസ്‌കാരം. ഭഗവദ്ഗീത ഉപദേശിച്ചുകഴിഞ്ഞ് ഇനി തീരുമാനം എടുക്കാനാണ് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഉപദേശിച്ചത്. ഈ സ്വാതന്ത്ര്യം ലഭിച്ച ഹിന്ദുക്കള്‍ ചുമതലയെക്കുറിച്ച് മറന്നുപോയി. മതമെന്നുപറയുമ്പോള്‍ മോശമായ ഒന്നായിട്ടാണ് കാണുന്നത്. ആദ്ധ്യാത്മികതയ്ക്കാണ് ഗുരുക്കന്മാര്‍ പ്രാധാന്യം കൊടുത്തത് – സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു.

ഏകദൈവം എന്നതത്വമാണ് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. അതിനെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും കാണുന്നു. ഹൈന്ദവതയ്ക്ക് വ്യത്യസ്തതകളെ അംഗീകരിക്കാനാവും. ഹിന്ദുമതം ആരോടും ആജ്ഞാപിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ.പ്രദീപ് ജ്യോതി അദ്ധ്യക്ഷനായിരുന്നു. ജെ.നന്ദകുമാര്‍, യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് വി.വി.രാജേഷ് ഡോ.കെ.എന്‍.മധുസൂദനന്‍ പിള്ള, കെ.ജി.അനീഷ്, സന്ദീപ് തമ്പാനൂര്‍ എന്നിവര്‍ സംസാരിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം