ബോംബ് ഭീഷണി: യുഎസിലെ രാജ്യന്തര വിമാനത്താവളം അടച്ചു

August 2, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് യുഎസിലെ സാന്‍ അന്റോണിയോ രാജ്യന്തര വിമാനത്താവളം അടച്ചു. ടെക്‌സാസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ സ്‌ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് നടപടി. പ്രതിദിനം 15,000 യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളമാണിത്.

ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നിന്നു രണ്ടായിരത്തോളം യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചതിനു ശേഷം പരിശോധനകള്‍ നടത്തി. വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് മേഖലയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൂന്നു കാറുകള്‍ ആശങ്കയ്ക്കു ഇടയാക്കിയെങ്കിലും പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. ഇതേസമയം, വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കു ശേഷം ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിമാനത്താവളം സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുനല്‍കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിമാനം വഴിതിരിച്ചുവിട്ടു. മൂന്നു സര്‍വീസുകള്‍ റദ്ദാക്കി. 28 വിമാനങ്ങള്‍ വൈകിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം