വിഴിഞ്ഞം തുറമുഖപദ്ധതി: സര്‍ക്കാര്‍ ഓഹരിക്കുള്ള നടപടികള്‍ ആരംഭിച്ചു

August 2, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 3040 കോടി രൂപയുടെ മറ്റൊരു ടെന്‍ഡറിനുള്ള നടപടി തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്‍ജിനീയറിങ് സാമഗ്രികളുടെ സംഭരണം, നിര്‍മാണം എന്നിങ്ങനെ മൂന്ന് ഘടകങ്ങളും ഒരുമിച്ചുചേര്‍ത്ത ടെന്‍ഡറാവും സര്‍ക്കാര്‍ ക്ഷണിക്കുക. 4010 കോടിയാണ് ആകെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 3040 കോടി രൂപ സര്‍ക്കാര്‍ മുടക്കും. 1030 കോടി രൂപ സര്‍ക്കാര്‍ ഓഹരിയായും ബാക്കി ഫണ്ടിങ് ഏജന്‍സികളില്‍ നിന്നും സമാഹരിച്ചുമാണ് നല്‍കുക. സര്‍ക്കാര്‍ ഓഹരിക്കായുള്ള നടപടി തുടങ്ങിക്കഴിഞ്ഞതായി മന്ത്രി കെ. ബാബു അറിയിച്ചു.

തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യഘട്ട അനുമതി ലഭിച്ചിട്ടുണ്ട്. ഒക്ടോബറില്‍ പൂര്‍ണ അനുമതി ലഭിക്കുമ്പോള്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങാനാകും. തുറമുഖം ലാഭകരമായി നടത്തിപ്പിനായി കബൊട്ടാഷ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനമായി.

തുറമുഖ നടത്തിപ്പിനുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം മാത്രമാണ് നേരത്തേ രംഗത്തുണ്ടായിരുന്നത്. തുറമുഖം നടത്താന്‍ 399 കോടി രൂപ സര്‍ക്കാര്‍ അങ്ങോട്ട് നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഗ്രാന്റ് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഇവര്‍ അംഗീകരിച്ചില്ല. വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി അറിയിച്ചിരുന്നു. തുടര്‍ന്നുള്ള മന്ത്രിസഭാ ചര്‍ച്ചയെത്തുടര്‍ന്നാണ് ടെന്‍ഡര്‍ റദ്ദാക്കാനും പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം