ഹര്‍ത്താല്‍ സംഘര്‍ഷം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

August 2, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കാസര്‍ഗോഡ് രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ

കാസര്‍ഗോഡ്: ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന സിപിഎം- മുസ്‌ലിം ലീഗ് സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. കാസര്‍ഗോഡ് അമ്പങ്ങാട് ചീക്കാനം ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാര്‍ (24) ആണ് മരിച്ചത്. അമ്പങ്ങാട് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ രാവിലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മനോജിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സിപിഎം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം. കരുണാകരന്‍, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. ശിവപ്രസാദ് എന്നിവര്‍ക്ക് പരുക്കുണ്ട്.  ഇവര്‍  ആശുപത്രിയിയില്‍ ചികില്‍സയിലാണ്.

പ്രദേശത്ത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആഫീസുകള്‍ക്കുനേരെ വ്യാപകമായ ആക്രമണമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി. നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

ഉദുമ്മയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഞായറാഴ്ച വരെ രാത്രിയില്‍ ബൈക്ക് യാത്രക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം