ഹസാരെയും സംഘവും ഉപവാസം അവസാനിപ്പിക്കുന്നു

August 2, 2012 ദേശീയം

ന്യൂഡല്‍ഹി: അന്നാ ഹസാരെയും സംഘവും നടത്തുന്ന ഉപവാസം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അവസാനിപ്പിക്കും. ഞായറാഴ്ച മുതലാണ് അന്നാ ഹസാരെ ഉപവാസം ആരംഭിച്ചത്. ജസ്‌റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അഭ്യര്‍ഥന മാനിച്ചും ഒന്‍പതു ദിവസമായി നിരാഹാരം കിടക്കുന്ന അരവിന്ദ് കെജ്രിവാളിന്റെയും ഗോപാല്‍ റായിയുടെയും ആരോഗ്യനില വഷളായ സാഹചരത്തിലുമാണ് ഉപവാസം അവസാനിപ്പിക്കുന്നത്.

അതേസമയം, സംഘം രാഷ്ട്രീയപ്പാര്‍ട്ടി രൂപവല്‍ക്കരിക്കാനുള്ള അന്തിമചര്‍ച്ചയിലാണെന്ന് ഹസാരെ പറഞ്ഞു. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ ചേരില്ലെങ്കിലും പുറത്ത് നിന്ന് പിന്തുണ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തോളം രാജ്യമാകെ സഞ്ചരിച്ച് അനുയോജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ഹസാരെ വ്യക്തമാക്കി.

ശരിയായ പ്രതിനിധികളെ പാര്‍ലമെന്റിലെത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക മാത്രമാണ് പോംവഴിയെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. രാജ്യത്ത് മാറ്റം വരുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെങ്കില്‍ അതാകാമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ വീക്ഷണമാണ് വേണ്ടതെന്നും ഹസാരെ പറഞ്ഞു. യഥാര്‍ഥ ജനാധിപത്യത്തില്‍ അധികാരം ജനങ്ങളുടെ കൈകളിലാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ ചേരാനുള്ള ഹസാരെ സംഘത്തിന്റെ നീക്കത്തെ കോണ്‍ഗ്രസ് നേതാവ് അംബികാ സോണി സ്വാഗതം ചെയ്തു. ഹസാരെ സംഘത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇപ്പോഴെങ്കിലും പുറത്തുവന്നല്ലോ എന്നും സോണി പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം