വിളപ്പില്‍ശാല ശുചീകരണ പ്‌ളാന്റിലേക്ക് യന്ത്രങ്ങളെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടു

August 3, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് വിളപ്പില്‍ശാല മാലിന്യപ്‌ളാന്റിലേക്ക് മലിനീകരണ ശുചീകരണ പ്‌ളാന്റിന്റെ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടു. ശക്തമായ പോലീസ് സംരക്ഷണത്തില്‍ ലോറികളില്‍ രാവിലെ പത്തരയോടെയാണ് യന്ത്രസാമഗികള്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ചത്. എന്നാല്‍ വാഹനങ്ങള്‍ വിളപ്പില്‍ പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ജനകീയ സമരസമതിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

പ്രദേശവാസികളായ സ്ത്രീകള്‍ പൊങ്കാലയിട്ടായിരുന്നു നഗരസഭയുടെ നീക്കം തടയാന്‍ സംഘടിച്ചത്. പൊങ്കാലയടുപ്പുകള്‍ക്ക് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന സ്ത്രീകളെ അറസ്‌റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ വനിതാ പോലീസ് ബലം പ്രയോഗിച്ച് ഏതാനും സ്ത്രീകളെ അറസ്‌റ് ചെയ്ത് നീക്കിയെങ്കിലും പൊങ്കാല അടുപ്പില്‍ നിന്നുള്ള തീ റോഡില്‍ കൂട്ടിയിട്ട് നാട്ടുകാര്‍ പോലീസിന്റെ മുന്നോട്ടുള്ള നീക്കം തടഞ്ഞു. പരിസരത്ത് നിന്നും വിറകും ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും മറ്റും എത്തിച്ച് റോഡിന് കുറുകെ പോലീസിനോ വാഹനങ്ങള്‍ക്കോ കടന്നുവരാനാകാത്ത വിധത്തില്‍ തീ കൂട്ടിയാണ് നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തത്. ഒടുവില്‍ 20 മിനുറ്റുകള്‍ക്ക് ശേഷം ജലപീരങ്കി എത്തിച്ച് തീയണച്ച പോലീസ് റോഡിലെ തടസങ്ങള്‍ നീക്കി പതുക്കെ മുന്നോട്ടു നീങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ പ്രതിഷേധം നടത്തിയ സ്ത്രീകളെ അറസ്‌റ് ചെയ്തു നീക്കുകയും ചെയ്തു.

കലങ്ങളില്‍ തിളച്ചുകൊണ്ടിരുന്ന പൊങ്കാല സമരക്കാര്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കും ഒരു ചാനല്‍ ക്യാമറാമാനും പരിക്കേറ്റിട്ടുണ്ട്. സമരക്കാര്‍ നടത്തിയ കല്ലേറിലും ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. മൈക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സംഘടിച്ച നാട്ടുകാര്‍ നീക്കം നടക്കില്ലെന്നും പോലീസ് പിന്‍മാറണമെന്നും മൈക്കിലൂടെ നിരവധി തവണ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. സമരക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ ഇതിനിടെ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിക്കുകയായിരുന്നു. വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പൊതുവികാരം മാനിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനിടെ ജനങ്ങള്‍ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചുമതലയുണ്ടായിരുന്ന എഡിഎം പി.കെ. ഗിരിജയാണ് നീക്കം ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

സ്ഥിതിഗതികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കി. കോടതിയുത്തരവ് നടപ്പിലാക്കാന്‍ ആവുന്നത്ര ശ്രമിക്കുകയും എന്നാല്‍ ജനങ്ങളുമായി യുദ്ധത്തിന് ഒരുക്കമല്ലെന്നും എഡിഎം പറഞ്ഞു. ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ശ്രമം അവസാനിപ്പിച്ച് പോലീസും അധികൃതരും മടങ്ങിയത്. റൂറല്‍ എസ്പി എ.ജെ. തോമസുകുട്ടിയുടെ നേതൃത്വത്തിലുള്ള രണ്ടായിരത്തോളം വരുന്ന പോലീസ് സംഘമാണ് യന്ത്രസാമഗ്രികള്‍ കൊണ്ടുവരുന്നതിന് വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സമരക്കാര്‍ പലതവണ പ്രകോപിപ്പിച്ചെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു.  മുന്‍പ് ഫെബ്രുവരിയില്‍ മാലിന്യപ്‌ളാന്റില്‍ ചവര്‍ നിക്ഷേപിക്കാനുള്ള നീക്കവും ഇതുപോലെ നാട്ടുകാര്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയിരുന്നു.

വിളപ്പില്‍ശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിരോധത്തെ തുടര്‍ന്ന് എല്ലാം പരാജയപ്പെടുകയായിരുന്നു. അതേസമയം കോടതിയെ ബോധ്യപ്പെടുത്താന്‍ ജില്ലാ ഭരണകൂടം ഒരു പ്രഹസനം നടത്തുക മാത്രമായിരുന്നു ഇന്നത്തെ നടപടിയെന്ന് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം