യെദിയൂരപ്പ വീണ്ടും വിശ്വാസവോട്ട്‌ നേടി

October 14, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗളൂര്‍: കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വീണ്ടും വിശ്വാസവോട്ട്‌ നേടി. രണ്ട്‌ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ ഇക്കുറി യദിയൂരപ്പ അവിശ്വാസപ്രമേയത്തെ അതിജീവിച്ചത്‌. 208 അംഗങ്ങളുണ്ടായിരുന്ന സഭയില്‍ 106 പേര്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വോട്ടുചെയ്‌തു. 100 അംഗങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്ത്‌ വോട്ടുചെയ്‌തു.
ഒരു ജനതാദള്‍ അംഗവും ബിജെപി അംഗവും വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. രാവിലെ സഭ സമ്മേളിച്ച ഉടനെ വിശ്വാസം തേടിക്കൊണ്ടുള്ള ഒറ്റവരിപ്രമേയം യദിയൂരപ്പ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ മറ്റ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പതിനൊന്നരയോടെയാണ്‌ വോട്ടെടുപ്പ്‌ ആരംഭിച്ചത്‌. നാല്‌ ദിവസത്തിനുള്ളില്‍ ഇത്‌ രണ്ടാം തവണയാണ്‌ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ്‌ അതിജീവിക്കുന്നത്‌. വിമതഭീഷണിയില്‍ നിലനില്‍പ്‌ പരുങ്ങിലിലായ സര്‍ക്കാരിനെതിരേ പ്രതിപക്ഷമാണ്‌ അവിശ്വാസം കൊണ്ടുവന്നത്‌. തിങ്കളാഴ്‌ച വിശ്വാസവോട്ടെടുപ്പ്‌ നടന്നെങ്കിലും സര്‍ക്കാരിനെതിരേ നിലപാട്‌ സ്വീകരിച്ചിരുന്ന വിമതരും സ്വതന്ത്രരുമുള്‍പ്പെടെ 16 എംഎല്‍എമാരെ സ്‌പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു. 224 അംഗ സഭയില്‍ 16 എംഎല്‍എമാര്‍ പുറത്തുപോയതോടെ ബിജെപി ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ സ്‌പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ നടപടി വിവാദത്തിലായതോടെ ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും വീണ്ടും വിശ്വാസവോട്ട്‌ തേടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അയോഗ്യരാക്കിയ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുകൂല തീരുമാനം കൈക്കൊണ്ടില്ല. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന്റെ ഫലം കോടതിവിധിയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന്‌ കര്‍ണാടക ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ചയാണ്‌ എംഎല്‍എമാരുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അധികാരത്തിലെത്തിയ ശേഷം യെദിയൂരപ്പ നേരിടുന്ന നാലാം അവിശ്വാസപ്രമേയമാണിത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം