അമൃതേന്ദു ശേഖരന്‍

August 3, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഒരു ദിവസം ത്രിസന്ധ്യയോടുകൂടിയാണ് ഞാന്‍ സ്‌കൂളില്‍ നിന്നു വന്നത്. സ്വാമിജി സാധാരണയായി കത്തിക്കാറുള്ള വിളക്കുമാറ്റിവച്ചിട്ട് മണ്ണെണ്ണയില്‍കത്തുന്ന ഒരു ചിമ്മിനിവിളക്കുമായി മതിലിനുമുകളില്‍വച്ചിട്ടുള്ള ഓടുകളില്‍ ചിലതൊക്കെ പൊക്കിയും താഴ്ത്തിയും എന്തോ സൂക്ഷ്മപരിശോധന നടത്തുന്നതായി കണ്ടു. സമയത്തിന്റെ സ്വഭാവമനുസരിച്ച് (ത്രിസന്ധ്യയായതുകൊണ്ട്) എന്തോ വിഷമമുള്ള കാര്യം സംഭവിച്ചുകാണുമെന്ന് എന്റെ മനസ്സു മന്ത്രിച്ചു. ഇഴജന്തുക്കള്‍ എന്തോ കടിച്ചുകാണുമെന്നുതന്നെയായിരുന്നു എന്റെ വിശ്വാസം. ഇത്തരം സമയങ്ങളില്‍ എന്തെങ്കിലും സ്വാമിജിയോട് ചോദിക്കുന്നതിനുമുമ്പ് നമ്മളുദ്ദേശിക്കുന്നതിന് മറുപടി ഇങ്ങോട്ട് പറയുകയാണ് പതിവ്. പതിവുപോലെ ഇക്കാര്യത്തിലും അതുതന്നെ സംഭവിച്ചു. വളരെ ജാഗ്രതയായി വ്യാപരിച്ചിരുന്ന ജോലിയില്‍നിന്നു പിന്‍തിരിഞ്ഞ് എന്തോ നോക്കിയിട്ട് ”ഒന്നൂല്ലടോ, ഒരു കാട്ടുറുമ്പു വച്ചു കടിച്ചുതന്നു”. സ്വാമിജി പറയുന്നതനോടൊന്നും ഞാന്‍ പ്രതികരിക്കാറില്ല. എങ്കിലും എന്റെ മനസ്സുമന്ത്രിച്ചു. ”കട്ടുറുമ്പിനെ ഇത്ര ജാഗ്രതയായി നോക്കാനെന്തിരിക്കുന്നു”. മന്ത്രിച്ചതുമനസ്സാണെങ്കിലും ഉടന്‍തന്നെ അതിന് മറുപടിയുംലഭിച്ചു. ”പിന്നെയല്ലാതെന്തോന്നെടോ? ഛേ, വേറൊന്നുമില്ല” എന്നു പറഞ്ഞിട്ട് എന്റെ ചിന്തയെ തീരെ അപ്രധാനമാക്കിയമട്ടില്‍ ആശ്രമത്തിനകത്തേക്ക് പോന്നു. ദിവസം നാലഞ്ചുകഴിഞ്ഞു. അടുത്തുള്ള ഒരു വിഷവൈദ്യന്‍ പരമേശ്വരന്‍പിള്ള എന്തോകാരണത്താല്‍ ആശ്രമത്തിലെത്തി.

വിഡ്ഢിത്തമാണെങ്കിലും സ്വാമി അറിയരുതെന്നു സങ്കല്പിച്ചുകൊണ്ട് ഞാന്‍ പരമേശ്വരന്‍പിള്ളയോടു പറഞ്ഞു. ”എന്തോ കടിച്ചമട്ടുണ്ട്. കയ്യിലായിരിക്കാനാണ് ന്യായം. നാലഞ്ചുദിവസമായിട്ടുണ്ട്. പരമേശ്വരന്‍പിള്ള ചെന്നൊന്ന് നോക്ക്. സമ്മതിക്കുമെന്ന് തോന്നുന്നില്ല എങ്കിലുമൊന്ന് ശ്രമിക്ക്”. സ്വാമിജിയോടുള്ള സ്വാതന്ത്ര്യത്തോടു കൂടിത്തന്നെ പരമേശ്വരന്‍പിള്ള അടുത്തുചെന്ന് ”കൈയിലെന്തോ കടിച്ചെന്നു കേട്ടല്ലോ. ഒന്നുകണ്ടെങ്കില്‍ കൊള്ളാമായിരുന്നു”. ഉടന്‍തന്നെ എന്റെ വിഡ്ഢിത്തത്തിനുള്ള ഉത്തരമെന്നനിലയില്‍ ”നിന്നോടാരു പറഞ്ഞു. ശേഖരന്‍ പറഞ്ഞോ. അങ്ങനെയൊന്നുമില്ല. ഒന്നുംകടിച്ചൊന്നുമില്ല”. (ശേഖരന്‍ എന്നത് എന്റെ പഴയ പേരാണ്). പരമേശ്വരന്‍പിള്ള സാധാരണ കൊണ്ടുനടക്കാറുള്ള ലെന്‍സുപയോഗിച്ച് സ്വാമിജിയുടെ കയ്യിന്റെ പുറത്തുനോക്കിയിട്ട് ഇപ്രകാരം പറഞ്ഞു. ”ഒളിച്ചുവച്ചിട്ട് കാര്യമില്ല. കടിച്ചത് പാമ്പുതന്നെ. പാമ്പ് ചത്തുകാണുകയും ചെയ്യും”. പിന്നെ മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ – ”ഞങ്ങള് നിമിത്തം അതു ചാകേണ്ടന്ന് വിചാരിച്ചെടോ. അപ്പോഴാ ഇവന്‍ കയറിവന്നത്. ഏതായാലും അതിന്റെ കാലം കഴിഞ്ഞു. ആ മാവിന്റെ ചോട്ടിലൊന്ന് നോക്ക്.” (ആശ്രമത്തിന്റെ പുറകില്‍ താമസിക്കുന്ന ഒരു മുസ്ലീമിന്റെ പറമ്പിലുള്ളതാണ് ഈ മാവ്. അതിപ്പോഴുമുണ്ട്.) പരമേശ്വരന്‍പിള്ള എന്നെവിളിച്ച് ”ഇതാ ഇതൊന്ന് നോക്കണം” എന്നുപറഞ്ഞ് ചത്തുനിവര്‍ന്നുകിടക്കുന്ന ഒരു പാമ്പിനെ കാണിച്ചുതന്നു. സ്വാമിജി സാധാരണനിയില്‍ പലകാര്യങ്ങളും സംസാരിച്ച് പരമേശ്വരന്‍പിള്ളയെ മടക്കിയയച്ചു.

മഹായോഗികളെ പാമ്പുകടിക്കുകയാണെങ്കില്‍ വിഷമേല്‍ക്കുകയില്ലെന്ന് മാത്രമല്ല കടിച്ച പാമ്പ് ചത്തുപോകുമെന്നതിന് പ്രാമാണികതയുണ്ട്. കോരക്കര്‍ മഹര്‍ഷിയുടെ ചന്ദ്രരേഖ എന്ന തമിഴ് ഗ്രന്ഥത്തില്‍  ഇപ്രകാരം പറഞ്ഞു കാണുന്നു. ”കാലമതില്‍ കടിയരവിന് വിടമും ഏറാ….” – ‘കാലാതീതമായ യോഗിയെ പാമ്പ് കടിക്കില്ല. അഥവാ കടിച്ചാല്‍ ശരീരത്തില്‍ വിഷം ഏല്‍ക്കില്ല. മാത്രമല്ല കടിക്കുന്നപാമ്പ് ചത്തുപോവുകയും ചെയ്യും’. ഹഠയോഗപ്രദീപികയില്‍ മേല്‍പറഞ്ഞ സംഭവത്തെ പ്രതിപാദിച്ചിരിക്കുന്നതിങ്ങനെയാണ്.

”നിത്യം സോമകലാപൂര്‍ണം ശരീരം യസ്യ യോഗിന:
തക്ഷകേണാപി ദഷ്ടസ്യ വിഷം തസ്യ ന സര്‍പതി”. – ‘ഏത് യോഗിയുടെ ശരീരമാണോ എപ്പോഴും സോമകലയുടെ അമൃതംകൊണ്ട് പൂര്‍ണമായിരിക്കുന്നത് അവന്റെ ശരീരത്തില്‍ തക്ഷകന്‍ കടിച്ചാല്‍പോലും വിഷം പരക്കുകയില്ല’. ഈ മഹാസത്യത്തിന്റെ ദൃശ്യപ്രതീകമാണ് ശിവന്റെ തലയില്‍ കാണുന്ന ചന്ദ്രക്കല. മംഗളരൂപനായ ഭഗവാനില്‍ അന്തര്‍ലീനമായിരിക്കുന്ന അമൃതകല മറ്റൊന്നുകൊണ്ടും ശരീരനാശം സംഭവിക്കുന്നതിനിടയാകാത്തവണ്ണമുള്ള ശ്രേഷ്ഠതത്ത്വമാണ്. സ്വാമിജിയുടെ ലളിതമായ ജീവിതത്തില്‍നിന്ന് ഉരുത്തിരിയുന്ന സംഭവങ്ങളില്‍പലതും ആധികാരികഗ്രന്ഥങ്ങളില്‍ അനുഭവസ്ഥരായ ഋഷീന്ദ്രന്‍മാര്‍ പ്രതിപാദിച്ചിട്ടുള്ളവയാണെന്ന് ഇതുകൊണ്ടു തെളിയുന്നു. മഹാപുരാണമായ ഭാഗവതത്തില്‍ മേല്പറഞ്ഞ തത്ത്വത്തിന്റെ ആധികാരികമായ വിവരണം കാണുന്നുണ്ട്.

”ത്രികാലജ്ഞത്വമദ്വന്ദ്വം പരചിത്താദ്യദി്യജ്ഞതാ
അഗ്ന്യര്‍ക്കാംബു വിഷാദീനാം പ്രതിഷ്ഠംഭോള പരാജയ:”
മൂന്നുകാലങ്ങളിലുമുള്ള സംഗതികളെ വര്‍ത്തമാനത്തിലെന്നപോലെ അറിയുക, തണുപ്പ്, ചൂട് എന്നീ വിരുദ്ധ പ്രകൃതികാര്യങ്ങളെ തടുക്കുക, പരഹൃദയ്ജ്ഞാനമുണ്ടായിരിക്കുക, സൂര്യന്റെ ദഹനശക്തിയെ തടുക്കുക, സ്വദേഹത്തിലോ അന്യദേഹത്തിലോ വിഷംവ്യാപിക്കുന്നത് തടസ്സപ്പെടുത്തുക, ആരാലും ജയിക്കപ്പെടാന്‍ കഴിയാതിരിക്കുക, എന്നിങ്ങനെയുള്ള സിദ്ധികളില്‍പെട്ടവയാണ് പാമ്പുകടിച്ചാല്‍, പാമ്പുചത്തു പോകുന്നതെന്നോര്‍ക്കുമ്പോള്‍ സ്വാമിജിയുടെ മഹാസിദ്ധികള്‍ ചിന്താ ബന്ധുരങ്ങളാണല്ലോ.

എനിക്കുണ്ടായ മറ്റൊരനുഭവം ഈ സംഭവത്തോടനുബന്ധിച്ച് ചിന്തിക്കുന്നത് ഔചിത്യമായിരിക്കും. തന്റെ ശരീരത്തിലെ വിഷം മാത്രമല്ല, അന്യശരീരത്തിലെ വിഷവും തടുത്തുനിര്‍ത്താനാകുമെന്ന വസ്തുത അനുഭവവസ്ഥമായതാണ് വിവരിക്കാന്‍ പോകുന്നത്. ശ്രീരാമസീതാഹനുമല്‍ക്ഷേത്രത്തിന്റെയും മണ്ഡപത്തിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നസമയം. സാമ്പത്തികദാരിദ്ര്യം വളരെയുള്ളതുകൊണ്ട് ഭക്തജനങ്ങളെ സമീപിച്ച് കിട്ടുന്നതുസ്വീകരിച്ച് കര്‍മയജ്ഞം പൂര്‍ത്തീകരിക്കുകയെന്ന മനോഭാവത്തോടെ കൈവശമുള്ള സൈക്കിളുമായി പുറത്തുപോയാല്‍ പലപ്പോഴും അര്‍ദ്ധരാത്രിയിലും അതുകഴിഞ്ഞു സമയങ്ങളിലും മറ്റുമാണ് ആശ്രമത്തിലെത്തിയിട്ടുള്ളത്. കൂരിരുട്ടില്‍ കുണ്ടുംകുഴിയും നിറഞ്ഞതും മുള്‍ചെടികള്‍കൊണ്ട് നിബിഡമായതും എന്നാല്‍ നടക്കുകൂടി ഊടുവഴികളുള്ളതും ഇഴജന്തുക്കള്‍ തീര്‍ച്ചയായും ധാരാളം കാണാറുള്ളതുമായ പലവഴികളില്‍ സ്വാമിജിയെ ചിന്തിച്ചുകൊണ്ട് കാല്‍നടയായും വന്നിട്ടുണ്ട്. ആ കാലഘട്ടങ്ങളില്‍ സ്വാമിജി എന്നെ ആരാധനയേല്‍പ്പിച്ചിരുന്നു.

ഒരു ദിവസം ആരാധനക്കുവേണ്ടി ആശ്രമത്തിലെ കിണറ്റില്‍നിന്നുതന്നെ വെള്ളം കോരിക്കുളിക്കുമ്പോള്‍, കാല്‍തേക്കുന്ന സമയത്ത് ഒരു മൊട്ടുസൂചി ഉള്ളിലേക്ക് കടത്തിയാലെന്നപോലെ ഒരനുഭവമുണ്ടായി നെല്ലിക്കയോളം വലിപ്പമുള്ള ഒരു ചെറിയമുഴയും ആ ഭാഗത്തുകണ്ടു ഞാനതത്രശ്രദ്ധിച്ചില്ല. എന്നാല്‍ സര്‍വദൃക്കായ സ്വാമിജി വരാന്തയുടെ അങ്ങേയറ്റത്തുനിന്നുകൊണ്ട്് ”എന്തോന്നാടോ കാലില്‍” സംശയമുണ്ടെങ്കില്‍ പരമേശ്വരനെ ഒന്നു കാണിച്ചേക്ക്”. (മുന്‍പ് സൂചിപ്പിച്ചവിഷഹാരി പരമേശ്വരന്‍പിള്ളയെയാണ് പമരേശ്വരന്‍ എന്ന് പറഞ്ഞത്) എനിക്ക് സമയമില്ലാതിരുന്നതുകൊണ്ടും ‘സംശയമുണ്ടെങ്കില്‍’ എന്നു സ്വാമിജി സൂചിപ്പിച്ചതുകൊണ്ടും ഞാനക്കാര്യം നിര്‍വഹിച്ചില്ല. രണ്ടുമൂന്നാഴ്ച വീണ്ടും കഴിഞ്ഞു. മേല്പറഞ്ഞ വിഷവൈദ്യന്‍ മുന്‍പോലെ ആശ്രമത്തിലെത്തി. അതും സ്വാമിജിയുടെ സങ്കല്പമാകാനാണ് സാദ്ധ്യത. വിഷവൈദ്യന്‍ വന്നിരുന്ന കാര്യം ഉടന്‍തന്നെ ഞാന്‍ സ്വാമിജിയെ അറിയിച്ചു. കാലിലെന്തോ തുളച്ചുകയറിയ സംഭവം ഞാന്‍ പാടേ മറന്നിരുന്നു.

”നിന്റെ കാലൊന്ന് കാണിക്ക്” എന്ന് സ്വാമിജി ഓര്‍മ്മിപ്പിച്ചു. സായംസമയത്തിന് മുന്‍പാണെന്നാണ് എന്റെ ഓര്‍മ. കാലിലുണ്ടായ മുഴ ഞാന്‍ വൈദ്യനെ കാണിച്ചു. അദ്ദേഹം അത് സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ട് പാമ്പ് കടിച്ചിരിക്കുകയാണെന്ന് സ്വാമിജിയോട് പറഞ്ഞു. ”അതീവ വിഷശക്തിയുള്ള ഇനത്തില്‍ പെട്ടതാണ്. ഇത്രയും ദിവസം കൊണ്ടുനടന്നത് അദ്ഭുതംതന്നെ. ഒരു നാലഞ്ചു ദിവസം വീട്ടില്‍ വന്ന് കഴിച്ചുകൂട്ടേണ്ടി വരും. എങ്കിലേ കാലില്‍തറച്ചിരിക്കുന്ന പല്ലെടുത്തുകളയാനാകൂ”. മറ്റൊരിടത്തു പോകുകയും കിടക്കുകയും ചെയ്യുന്നത് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഇംഗിതജ്ഞനും കര്‍മാധ്യക്ഷനും തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഇംഗിതജ്ഞനും കര്‍മാദ്ധ്യക്ഷനും സര്‍വഭൂതാധിവാസനുമായ സ്വാമിജി എന്റെ സങ്കല്പത്തെ അറിഞ്ഞു. എന്നിട്ട് വിഷവൈദ്യനോടായിട്ട് ”അതിപ്പോ നടക്കുമെന്ന് തോന്നുന്നില്ലടോ. അവനത് ഇഷ്ടമായിരിക്കുമെന്ന് തോന്നുന്നില്ല.

നിന്റെ കൈയില്‍ ആയുധങ്ങളൊന്നുമില്ലേ? ”അതിനുമറുപടിയായി” എന്റെ കൈയില്‍ ഒരു പിച്ചാത്തിയേയുള്ളൂ. അതുപയോഗിച്ചതെങ്ങനെയെടുക്കാനാ. ആഴത്തില്‍ കിടക്കുകയാ. ഒന്നില്‍കൂടുതല്‍ പല്ലിന്റെ അംശമുണ്ടായിരിക്കാനാണ് സാദ്ധ്യത. മറ്റുവല്ലവരുമായിരുന്നെങ്കില്‍ യാത്രയായേനെ”. സ്വാമിജി അതിശീഘ്രം പ്രതികരിച്ചു. ”ഫഫ്! അത് നിന്റെ കയ്യിലാണോടോ. നീയിപ്പോ നിന്നോട് പറഞ്ഞകാര്യം ചെയ്യ്. ആ പിച്ചാത്തിയുടെ അറ്റം വേണമെങ്കി ഒന്ന് പഴുപ്പിച്ചോളൂ”. ഗുരുവാക്കിനെതിര്‍വാക്കില്ലെന്നത് സര്‍വസമ്മതമാണ്. എങ്കിലും പരമേശ്വരന്‍പിള്ള സ്വന്തം വിഷമത്തെ അറിയിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് പറഞ്ഞു. ”സ്വാമിജി ഇതെടുക്കുമ്പോ വിയര്‍പ്പും തളര്‍ച്ചയുമൊക്കെയുണ്ടാകാനിടയുണ്ട്. ആരെങ്കിലും പിടിക്കാനുമുണ്ടാകണം”. സ്വാമിജി പ്രതിവചിച്ചു. ”എടോ നീയിപ്പോ അതൊന്നും അന്വേഷിക്കണ്ട. ഞങ്ങളിവിടെ നോക്കിക്കൊണ്ട് നിന്നോളാം”. എന്നിട്ട് എന്നോടായി സ്വാമിജി ”നീ എന്തു പറയുന്നെടോ ഇവിടെ വച്ചങ്ങ് എടുത്തൂടേ”. ഞാന്‍ പൂര്‍ണ്ണമായും അതു സമ്മതിച്ചു. പരമേശ്വരന്‍പിള്ളയുടെ വീട്ടില്‍പോകാതെ കഴിക്കാമല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സമാധാനം.

പരമേശ്വരന്‍പിള്ള ശസ്ത്രക്രിയ ആരംഭിച്ചു. പിച്ചാത്തിയുടെ മുനകൊണ്ട് തടിപ്പുള്ളഭാഗം അല്പമൊന്നുകീറി, ഒരു പല്ലിന്റെ ചെറിയൊരു മുന പുറത്തെടുത്ത് എല്ലാപേരെയും കാണിച്ചു. അതുകഴിഞ്ഞ് മുറിവ് അല്പംകൂടിയൊന്നു താഴ്ത്തി. വളരെ ആഴത്തില്‍ മറ്റൊരു പല്ലുണ്ടായിരുന്നു. പിച്ചാത്തിയുടെ മുന അതില്‍തട്ടുമ്പോള്‍ ശബ്ദംകേള്‍ക്കാതെ ഇടിവെട്ടേറ്റ ഒരനുഭവം ഉണ്ടായപോലെ തോന്നി… നന്നായി വിയര്‍ത്തു. ചുറ്റിനും തിമിരവും ഇടയ്ക്കിടെ പ്രകാശവും നീലനിറവും വ്യാപിക്കുന്നതായും തോന്നി. ശബ്ദമില്ലാത്ത ഇടിവെട്ടിന്റെ പ്രതീതിവീണ്ടുമുണ്ടായി. സ്വാമിജി ജനാലയിലൂടെ ശക്തിദാനം ചെയ്തുകൊണ്ടേയിരുന്നു. രണ്ടാമത്തെപല്ലുമെടുത്തു. കുടിക്കുന്നതിന് സ്വാമിജിയുടെ തൃക്കൈകള്‍കൊണ്ടുതന്നെ. ”പാലൊഴിച്ച ചായ”പകര്‍ന്നുതന്നു.

അനന്തരം പരിഹാരാര്‍ത്ഥം വിഷഹാരിയായ മരുന്നുകള്‍ അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരുമരുന്ന് കല്ല് മുറിവായില്‍ പതിച്ചുവച്ചു. അതുസ്വയം വീണതിനുശേഷമേ എണീറ്റു പോകാവൂ എന്ന നിബന്ധനയും തന്നു. മാത്രമല്ല നാരങ്ങാവെള്ളം കുടിക്കയുമരുത് എന്നായിരുന്നു നിര്‍ദ്ദേശം. കുറച്ചുസമയമൊക്കെ ഞാന്‍ കിടന്നുനോക്കി; കല്ലുവീഴുന്ന ലക്ഷണമില്ല. അതുമുറിവില്‍ പിടിച്ചുതന്നെയിരിക്കുന്നു. അടുത്ത ദിവസം കൂലികൊടുക്കുന്നതിന് (ക്ഷേത്രംപണിക്ക്) ഒന്നും തന്നെയില്ലെന്ന് എനിക്കറിയാം. സ്വാമിജി എന്തുതന്നെ പറയുമെന്നനിക്കറിയല്ല. എങ്കിലും കല്ല് കൈയിലെടുത്ത് ഞാന്‍ അടുക്കളയുടെ നടയിലെത്തി. സ്വാമിജി അടുക്കളയിലുണ്ടായിരുന്നു.

എന്റെ മുഖത്തു നോക്കാതെ തന്നെ തിരിഞ്ഞുനിന്നുകൊണ്ട്, സംഭവത്തിന്റെ ഭയാനകത വര്‍ണിക്കുന്ന മട്ടില്‍ ”അയ്യോ കല്ല് വീഴുംമുമ്പ് എണീച്ചോ? എന്നിട്ട് കല്ലെവിടെ?” ”കല്ല് കൈയിലുണ്ട്” അതിന് മറുപടിയൊന്നും പറഞ്ഞില്ല. ”എന്തോന്ന് കുടിക്കാമെന്ന് പറഞ്ഞു?”. ”നാരങ്ങാവെള്ളം കുടിക്കരുതെന്നു പറഞ്ഞു”. ”ഓ, അതതിലും കഷ്ടമായല്ലോ, ആങ്ഹാ ഞങ്ങള് നാരങ്ങാവെള്ളം എടുത്തുപോയല്ലോ. ഇനിയിപ്പോ എന്താ ചെയ്യ”. ചുരുക്കത്തില്‍ എനിക്ക് എള്ളോളമെങ്കിലും സംശയമുണ്ടോ എന്നറിയുവാന്‍വേണ്ടി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ മിണ്ടാതിരുന്നു. ഒരു കപ്പ് വെള്ളം കുടിക്കുന്നതിനായി തന്നു. അത് ഒന്നാന്തരം നാരങ്ങാവെള്ളമായിരുന്നു. ഞാനതു സുഖമായികുടിച്ചു. എനിക്ക് സംശയമൊന്നുമില്ലെന്ന് മനസ്സിലായപ്പോള്‍ ”ആ കല്ലങ്ങ് കൊടുത്തേര്, അവന് ആവശ്യമുള്ളതാ” എന്ന് മാത്രം പറഞ്ഞിട്ട്. ”ആഹ്, പോയി വല്ലതും എഴുതാനുണ്ടെങ്കിലെഴുത്” എന്നു പറഞ്ഞ് പഴയജോലിക്ക് നിയോഗക്കുന്നമട്ടില്‍ പറഞ്ഞയച്ചു.

സ്വാമിജിയെ പാമ്പുകടിച്ചസംഭവം വിവരിച്ചപ്പോള്‍ വിഷബാധ സ്വന്തംശരീരത്തിലും മറ്റു ശരീരത്തിലും തടഞ്ഞുനിര്‍ത്താനും കഴിയുമെന്നുള്ള സിദ്ധിയേയും ശക്തിയേയും ഭക്തജനസമക്ഷം ഉദാഹരണസഹിതം അറിയിക്കുവാനാണ് ഇക്കാര്യം ലഘുവായി അവതരിപ്പിച്ചത്. ഭാഗവതം ഏകാദശസ്‌കന്ധം പതിനഞ്ചാം അദ്ധ്യായത്തില്‍ അഷ്ടാംഗയോഗസിദ്ധികള്‍ക്കുപുറമേ വര്‍ണിക്കപ്പെടുന്ന യോഗസിദ്ധികള്‍ സകലവും സ്വാമിജിയുടെ ജീവിതത്തിലെ സാധാരണസംഭവങ്ങളായിരുന്നുവെന്ന് അറിയേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം