ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ വിജയകുമാറിന് വെള്ളി

August 3, 2012 കായികം,പ്രധാന വാര്‍ത്തകള്‍

ലണ്ടന്‍: ഒളിമ്പിക്‌സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെള്ളി മെഡല്‍ നേടി. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. യോഗ്യതാ റൗണ്ടില്‍ നാലാമതായി ഫിനിഷ് ചെയ്തുകൊണ്ട് ഹിമാചല്‍ സ്വദേശിയായ വിജയകുമാര്‍ ഫൈനലിന് യോഗ്യത നേടുകയാണുണ്ടായത്.

ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറായി ജോലി ചെയ്യുന്ന വിജയകുമാര്‍ 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി രണ്ടു സ്വര്‍ണവും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. 2006 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2009ലെ ലോകകപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2007ല്‍ വിജയകുമാറിനെ രാജ്യം അര്‍ജ്ജുന അവാര്‍ഡ നല്‍കി ആദരിച്ചിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്. നേരത്തെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഗഗന്‍ നരംഗ് ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു.

വിജയകുമാറിന്റെ മെഡലോടെ ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന ആകെ മെഡലുകളുടെ എണ്ണം നാലായി. 2002ല്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വെള്ളിയും 2006ല്‍ അഭിനവ് ബിന്ദ്ര സ്വര്‍ണവും ഇന്ത്യക്കായി നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം