അരവിന്ദദര്‍ശനത്തില്‍ ഗീതാസന്ദേശം

August 4, 2012 സനാതനം

*പി.വി.കൃഷ്ണന്‍ നായര്‍ *

ആത്മാനുഭവത്തിന് വേണ്ടി ജീവിതവും സ്വഭാവവും സമൂല പരിവര്‍ത്തനവിധേയമാവണം. ഈശ്വരാര്‍പ്പിതമായൊരു ജീവിതമുണ്ടാവണം. നമ്മെയും മറ്റുള്ളവരേയും ലോകത്തേയും ഈശ്വരനെയും സംബന്ധിച്ച ഒരു പതിയ അറിവ് ഉള്‍ക്കൊള്ളണം. സാര്‍വ്വിത്രികമായ ഒരു ദിവ്യത്വത്തിന്റെ ഈശ്വരീയമായ ഒരേ തത്വത്തിന്റെ അറിവ് ഈ അവിവ് ആദ്യം മനസ്സിലെ ഒരു ധാരണയായി വര്‍ത്തിക്കും. പിന്നെ അത് ഒരു അന്തര്‍ ദൃഷ്ടിയാവും. ഒരു ബോധമാവും. ആത്മാവന്റെ ഒരനശ്വരാവസ്ഥയാവും അതിന്റെ ചലനങ്ങളുടെ പശ്ചാത്തലമായി വര്‍ത്തിക്കുകയും ചെയ്യും.

ഈ നൂതനമായ അറിവിനെ ക്രിയയുടെ ചാലകശക്തിയാക്കാന്‍ ഒരിച്ഛയുടെ ആവശ്യമുണ്ട്. മടിച്ചുമടിച്ചു ചെയ്യുന്നതോ പരിമിതമായതോ ആയ ക്രിയയുടെയല്ല. അടുക്കുംചിട്ടയും പൂര്‍ണ്ണമാക്കാനോ മതപരമായ ഒരനുഷ്ടാനത്തിനോ ഒരു വ്യക്തിയുടെ മോക്ഷത്തിനോ വേണ്ടിയുള്ള ക്രിയകളുമല്ല. സമസ്തജീവികളുടെ മംഗളത്തിനുവേണ്ടിയും ഈശ്വരസമര്‍പ്പണത്തിനായുള്ള കര്‍മ്മങ്ങളുടെ പ്രേരകശക്തിയായിട്ടാണ് ഈ അറിവിനെ രൂപാന്തരപ്പെടുത്തേണ്ടത്. അതിന് ഹൃദയത്തെ ഒരപൂര്‍വ്വാഭിലാഷത്തിലൂടെ ആ പരമോന്നത മഹാപ്രഭുവിലേക്കുയര്‍ത്തുകയാണ് വേണ്ടത്. അനന്യമായ പ്രേമഭക്തിയിലൂടെയോ നിഷ്‌കപടമായ ഉപാസനിയിലൂടെയോ അത് സാധിക്കാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സംപൃക്തമായ യോഗത്തിലൂടെ അതു സാധ്യമാവും.

യഥാര്‍ത്ഥത്തില്‍ എന്താണീ ജ്ഞാനം?

ഈ ജ്ഞാനം പരമാത്മാവിന്റെ ഏകത്വം പൂര്‍ണ്ണത ഇവയെക്കുറിച്ചുള്ളതാണ്. കാലദേശാവധികളോ നാമരൂപങ്ങളോ ലോകത്തെ അതിവര്‍ത്തിച്ച് നില്ക്കുന്ന അറിവാണിത്. മൂര്‍ത്തവും അമൂര്‍ത്തവുമായ നിലകളെ അതിക്രമിച്ച് നില്കുന്നതാണെങ്കിലും പ്രകൃതിയില്‍ കാണുന്ന എണ്ണമറ്റ രൂപങ്ങളുടെ പ്രഭവത്തെക്കുറിച്ചുള്ള അറിവാണിത്. സദാപരിവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രൂപങ്ങള്‍, ശക്തികള്‍, സംഭവങ്ങള്‍-ഇവയുടെ പശ്ചാത്തലമായി പരിവര്‍ത്തിക്കാതെ നിശ്ചലമായി എന്നും നിലനില്ക്കുന്ന ആത്മാവിനെക്കുറിച്ചുള്ള അറിവാണിത്.

അതേസമയം തന്നെ പ്രകൃതിയില്‍ സര്‍വ്വവുമായി സദാപരിണമിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നുന്നശക്തിയേക്കുറിച്ചുള്ള അറിവുമാണിത്. പ്രകൃതി വസ്തുക്കളില്‍ – ജീവരാശികളില്‍, മനസ്സില്‍, ജീവിതത്തില്‍, പദാര്‍ത്ഥങ്ങളുടെ അസ്തിത്വത്തില്‍, പ്രകൃതിശക്തികളില്‍ എല്ലാം അന്തര്‍വര്‍ത്തിയായിരിക്കുകയും, സ്വയം ഓരോ രൂപമായും അതിന്റെ പ്രവര്‍ത്തന ശക്തിയായും പരിണമിക്കുകയും അതേ സമയം ഇതെല്ലാം ഉള്‍ക്കൊണ്ടുതന്നെ സര്‍വ്വാതീതമായി അനന്തമായി വ്യാപിച്ചുകൊണ്ട് ഇവയെല്ലാമൊരു നിശ്ചല പശ്ചാത്തലമായിരിക്കുകയും ചെയ്യുന്ന ഒരേകവും പൂര്‍ണ്ണവുമായ വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനമാണിത്.

ഈ ജ്ഞാനത്തെ ഉള്‍ക്കൊള്ളുന്ന നാം ആരാണ്?

ഈ മഹാസത്യത്തിന്റെ ഇതോ അതോ മാത്രമായ ഒരു ഭാഗത്തിലൂന്നിനിന്നുകൊണ്ടല്ല യോഗ, സാധന, ഒരേ സമയം ഇതെല്ലാമായിരിക്കുന്നതെന്തോ അതുതന്നെയാണ് നാം അന്വേഷിക്കുന്ന പരമോല്‍കൃഷ്ടമായ ബ്രഹ്മം, നമുക്ക് സാക്ഷാത്കരിക്കേണ്ട ഈശ്വരന്‍. നമ്മുടെ ജീവാത്മാവ് ഏതൊന്നിന്റെ ശാശ്വതമായ അംശമായിരിക്കുന്നുവോ ആ പരമാത്മാവിനെ ഈ ഏകവും അദൈ്വതവുമായ വസ്തുവിനെ നമുക്കറിയേണ്ടിയിരിക്കുന്നു. പലതായി നില്ക്കുന്ന ഈ പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ സര്‍വ്വാവസ്ഥകളിലേക്കും ഒരേ സമയം കടന്ന് ചെന്ന് ആ ദിവ്യാത്മാവിനെ മാത്രം നമുക്ക് ദര്‍ശിക്കേണ്ടിയിരിക്കുന്നു. ഈ പ്രകൃതിയില്‍ എന്നും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ചൈതന്യം മാത്രമായിരുന്നു ആ കാവ്യാത്മാവെങ്കില്‍ ശാശ്വതവും സാര്‍വ്വത്രികവുമായി പരിവര്‍ത്തനസ്വരൂപിയായൊരു ഈശ്വരനേ നമുക്കുണ്ടാവുമായിരുന്നുള്ളൂ.

ഈ ഒരു നിലയില്‍ നമ്മുടെ വിശ്വാസവും അറിവും പരിക്‌നുപ്തമാവുന്നെങ്കില്‍ നമ്മുടെ വ്യക്തിത്വത്തിന്റെയും സദാപരിണമിച്ചുകൊണ്ടിരിക്കുന്ന അതിന്റെ രൂപങ്ങളുടെയും സീമയെ ഒരിക്കലും നാം കടന്നു അപ്പുറത്തേക്ക് പോവുകയില്ല. അത്തരം ഒരിടസ്ഥാനത്തില്‍ പ്രകൃതിയുടെ സ്ഥിരപരിവര്‍ത്തന ചക്രത്തില്‍ ബന്ധിക്കപ്പെട്ടവരായിനാമെന്നും അസ്വതന്ത്രരായി കറങ്ങിക്കൊണ്ടിരിക്കുകയും തന്നെചെയ്യും. എന്നാല്‍ കാലത്തില്‍ ഉള്ള ആത്മചലനങ്ങളുടെ തുടര്‍ച്ചമാത്രമല്ല നാം, നമ്മില്‍ തന്നെ അമൂര്‍ത്തമായ അരൂപമായ-ഒരാത്മാവുണ്ട്. അതാണ് അനേക രൂപങ്ങളുടെ ഒഴുക്കായ നമ്മുടെ വ്യക്തിത്വത്തെ താങ്ങി നിര്‍ത്തുന്നത്. അങ്ങിനെ നമ്മുടെ വ്യക്തിത്വത്തെ താങ്ങി നില്ക്കുന്ന ആ അമൂര്‍ത്തത്മാവും ഈശ്വരന്റെ അനന്തമായ അമൂര്‍ത്താത്മാവും അഭിന്നമാണ്-ഒന്നുതന്നെയാണ്. നാമും ഈശ്വരനും ഒന്നായിരിക്കുന്ന ആ അനന്തമായ ഏകത്വത്തിലേക്ക് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതാത്മാക്കളാണ് നാം.

ഇനി ശാശ്വതവും അമൂര്‍ത്തവും ഒന്നും ചെയ്യാത്തതും ഒന്നിനേയും സൃഷ്ടിക്കാത്തതുമായ ഒരു സത്യം മാത്രമാണുണ്ടായിരിക്കുന്നതെങ്കില്‍ ഈ ലോകവും നമ്മുടെ ജീവനും യഥാര്‍ത്ഥമായ യാതൊരടിസ്ഥാനവുമില്ലാത്ത മിഥ്യയോ മായാദര്‍ശനമോ ആവുമായിരുന്നു. ആ നിലയില്‍ നമ്മുടെ വിശ്വാസവും അറിവും പരിമിതപ്പെടുന്നു. എങ്കില്‍ ജീവിതത്തേയും കര്‍മ്മത്തെയും പരിത്യജിക്കുകമാത്രമാണ്‌വഴി. എന്നാല്‍ ലോകത്തില്‍ ഈശ്വരനും നമ്മളും യാഥാര്‍ത്ഥ്യങ്ങളാണ്. ലോകവും നമ്മളും സത്യമായിട്ടുള്ളതും പരമേശ്വരന്റെ അഭിവ്യക്തിയുമാണ (വെളിച്ചപ്പെടലുകളാണ്) അതുകൊണ്ട് ജീവിതത്തെയും കര്‍മ്മത്തേയും സ്വീകരിക്കുക. അവയെ നിഷേധിക്കാതിരിക്കു.

അമൂര്‍ത്തമായ ആത്മഭാവത്തിലും സത്തയിലും നാം ഈശ്വരനോടു താദാത്മ്യമുള്ളവരാണ്. സ്‌നേഹംകൊണ്ടും ആരാധനകൊണ്ടും ഈശ്വരന്റെ ഒരനശ്വരാംശമായ നമ്മുടെ ആത്മീയവ്യക്തിത്വം അതിന്റെ തന്നെ അനന്തവും അവ്യയവുമായ അസ്തിത്വത്തെ തേടുന്നു. അപ്പോള്‍ നമ്മുടെ അസ്തിത്വത്തിന്റെ രഹസ്യം ഈശ്വരശക്തിക്ക് പ്രവര്‍ത്തിക്കാനുള്ള ഒരുപകരണമെന്ന നിലയില്‍ സ്വയംവര്‍ത്തിക്കലാണ്. അതുകൊണ്ട് മനസ്സും ശരീരവും ഈശ്വരേച്ഛ അറിയുന്നതിനും ഈശ്വരീയ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അനുയോജ്യമായ വിധം സൂക്ഷിക്കേണ്ടതും അഹന്തകൊണ്ട് അവയെ വികൃതമാക്കാതിരിക്കേണ്ടതുമാണ്. അങ്ങനെ ചെയ്തതുകൊണ്ടു പൂര്‍ണ്ണവും ബോധപൂര്‍വ്വവുമായി ജീവിതം നയിക്കുമ്പോള്‍ അത് നമ്മുടെ അസ്തിത്വത്തിന്റെ സത്യാവസ്ഥയോടു നീതിപുലര്‍ത്തുന്ന ഒരു ജീവിതമായിരിക്കും. അത്തരമൊരു ജീവിതം പൂര്‍ണ്ണവും പ്രമാദരഹിതവും നമ്മെ ഈശ്വരനുമായി ബന്ധിപ്പിക്കുന്നതുമായിത്തീരും. ഇപ്രകാരം ജീവിക്കുന്നത് തന്നെയാണ് യോഗസാധനയും.

ഈശ്വരന്‍ ആരാണ്? ആരാണ് ദേവതകള്‍?

ഗീതയില്‍ പുരുഷോത്തമന്‍ എന്ന് വിളിക്കപ്പെടുന്നത് അരെയാണോ അതുതന്നെയാണ് പരമേശ്വരന്‍. എല്ലാ അഭിവ്യക്തിക്കുമപ്പുറത്ത് ശാശ്വതമായിരിക്കുന്നവനാണത്. സ്ഥലകാലനിമിത്തങ്ങള്‍ക്കും എണ്ണമറ്റ ഗുണങ്ങള്‍ക്കും രൂപങ്ങള്‍ക്കും അതീതമായി അനന്തമായി വര്‍ത്തിക്കുന്ന ഏക സത്യമാണത്. എന്നാല്‍ പരമോന്നതമായ ആ അനശ്വരതയില്‍ വര്‍ത്തിക്കുന്ന പുരുഷോത്തമന് ഇപ്പോള്‍ ഇവിടെ സംഭവിക്കുന്ന യാതൊന്നുമായും ബന്ധമില്ല എന്നര്‍ത്ഥമില്ല. പ്രകൃതിയില്‍നിന്നും ലോകത്തില്‍നിന്നും അതിലെ ജീവജാലങ്ങളില്‍നിന്നും ആ പരമപുരുഷന്‍ മാറിനില്ക്കുന്നുവെന്നല്ല അതിന്റെ അര്‍ത്ഥം. അവിടുന്ന് അനിര്‍വ്വചനീയമായ പരബ്രഹ്മമാണ്. അമൂര്‍ത്തമായ പരമാത്മാവാണ്. എല്ലാ വ്യക്തികളുടെയും രൂപങ്ങളില്‍ നിലനില്‍ക്കുന്നവനുമാണ്.

ചൈതന്യവും ജീവിതവും പദാര്‍ത്ഥവും ജീവരൂപവും പ്രകൃതിയും പ്രകൃതിവികൃതികളും എല്ലാം അനന്തവും അനശ്വരവുമായ ആ മഹാസത്യത്തിന്റെ വിഭിന്നനിലകളും ചലനങ്ങളുമത്രെ. അവിടുന്ന് സര്‍വ്വാതിശായിയായ പരമോന്നതചൈതന്യസ്വരൂപിയാണ്. അതില്‍നിന്ന് വെളിപ്പെടുന്നതെല്ലാം അവിടുത്തെ രൂപങ്ങളും ശക്തികളുമാണ്. ചൈതന്യമാത്രവും ഏകവും അമൂര്‍ത്തവുമായ നിലയില്‍ മനുഷ്യനിലും മൃഗത്തിലും മറ്റെല്ലാ പദാര്‍ത്ഥരൂപങ്ങളിലും സര്‍വ്വസമമായി അവിടുന്നു വ്യാപിക്കുന്നു. അവിടുന്നു പരമാത്മാവും മറ്റെല്ലാം അതിലെ നിതാന്തജ്വാലകളുമാണ് സര്‍വ്വജീവികളിലുമുള്ള ആത്മീയവ്യക്തിത്വം മരണമില്ലാത്തതും ഈ നിത്യപുരുഷന്റെ ഭാഗങ്ങളുമാണ്. അവിടുന്നുതന്നെയാണ് പ്രകതീഭൂതമായ ഈ അസ്തിത്വത്തിന്റെ യജമാനനും ലോകങ്ങളുടെയും സൃഷ്ടിജാലങ്ങളുടെയും പ്രഭുവും.

എല്ലാ കര്‍മ്മങ്ങളുടെയും സര്‍വ്വശക്തനായ ആരംഭകന്‍ നിന്തിരുവടിതന്നെയാണ്. എന്നാല്‍ ഒന്നിനാലും ബന്ധിക്കപ്പെടുന്നവനല്ല. സര്‍വ്വയത്‌നങ്ങളും കര്‍മ്മങ്ങളും യജ്ഞങ്ങളും ചെന്നു ചേരുന്നതും അവിടേയ്ക്കുതന്നെ. പുരുഷോത്തമന്‍ സര്‍വ്വാത്മാവാണ്. എല്ലാ ആത്മാക്കളും പുരുഷോത്തമനില്‍ സ്ഥിതിചെയ്യുന്നവയാണ്. നിന്തിരുവടി എല്ലാമായി തീരുന്നുവെങ്കിലും സര്‍വ്വോപരി, സൃഷ്ടിക്കപ്പെട്ടവയാല്‍ പരിമിതനാവാതെ, വര്‍ത്തിക്കുന്നു. സര്‍വ്വാതിശായിയായ ദിവ്യാത്മാവായിരിക്കുന്നതും, അവതാരങ്ങളായി താഴോട്ടിറങ്ങുന്നതും, വിഭൂതികളില്‍ സ്വശക്തിയാല്‍ പ്രകടമായി സ്പഷ്ടമായി വിളങ്ങുന്നതും, ഓരോ മനുഷ്യനിലും ഒളിഞ്ഞിരിക്കുന്നതും ഒരേ സത്യം തന്നെയാണ്. ഈ ഏകമായ ദിവ്യാസ്തിത്വത്തിന്റെ മാനസികശരീരങ്ങളും നാമങ്ങളും രൂപങ്ങളും വ്യക്തിത്വങ്ങളുമാണ് മനുഷ്യര്‍ ആരാധിക്കുന്ന ദേവതകള്‍.

പ്രകൃതി എന്താണ്, പ്രകൃതി പുരുഷബന്ധമെന്ത്?

പരമേശ്വരന്‍ തന്റെ ചൈതന്യസത്തയില്‍നിന്ന് ഈ ലോകത്തെ തന്റെ അനന്താസ്തിത്വത്തില്‍ ആവിര്‍ഭവിപ്പിച്ച്, സ്വയമേവ അതില്‍ പലതായി വ്യക്തീഭവിച്ചു. സകലവും അവിടുത്തെ ശക്തികളും രൂപങ്ങളുമാണ്. അപ്രകാരമുള്ളവയ്ക്ക് ഒരവസാനമില്ല എന്തെന്നാല്‍ അവിടുന്നുതന്നെ അനന്തമാണല്ലോ. അമൂര്‍ത്താവസ്ഥയില്‍ നിന്നുകൊണ്ട് എല്ലാറ്റിലും വ്യാപിക്കുന്നു. എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു. അന്തര്‍വര്‍ത്തിയായി എല്ലാവരേയും ഒരുപോലെ അറിയിക്കുന്നു താങ്ങുന്നു. ഒന്നിനോടും പ്രത്യേകത കാണിക്കുന്നില്ല. ഒന്നിലും ഒട്ടിനില്‍ക്കുന്നുമില്ല. കാലത്തില്‍ ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നു. സര്‍വ്വസമമായ വിശുദ്ധമായ ഈ ആത്മസ്വരൂപം ഒരു കര്‍മ്മവും ചെയ്യുന്നില്ല. എന്നാല്‍ എല്ലാ വസ്തുക്കളുടെയും കര്‍മ്മങ്ങള്‍ സാദ്ധ്യമാക്കിത്തീര്‍ക്കുന്നു. എന്നാല്‍ ഈ പരമാത്മാവ് ഈശ്വരനായി, കാലപുരുഷനായി ഇരിക്കുമ്പോള്‍ ഇച്ഛിക്കുന്നു. നയിക്കുന്നു. ലോകത്തിന്റെ കര്‍മ്മങ്ങളെ അവിടുത്തെ ബഹുലമായ ശക്തികളിലൂടെ നിശ്ചയിക്കുന്നു. ആത്മാവിന്റെ ആ ശക്തിയെയാണ് നാം പ്രകൃതിയെന്ന് വിളിക്കുന്നത്.

ശക്തിയോടു ചേര്‍ന്നു നിന്ന് കാലപുരഷന്‍ സൃഷ്ടിക്കുന്നു. രക്ഷിക്കുന്നു. സൃഷ്ടിജാലകങ്ങളെ നശിപ്പിക്കുന്നു. പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവിയുടേയും ഹൃദയത്തില്‍ ഒരു രഹസ്യ ശക്തിയുടെ രൂപത്തില്‍ കാലപുരുഷനായ ഈശ്വരന്‍ ഇരിക്കുന്നു. പ്രകൃതിശക്തി വഴി ഉത്ഭവിക്കുന്നു. പ്രകൃതിഗുണങ്ങളിലൂടെയും അതിന്റെ പ്രവര്‍ത്തനോര്‍ജ്ജത്തിലൂടെയും സ്വരഹസ്യത്തിന്റെ അല്പം വെളിപ്പെടുത്തുന്നു. ഓരോ വസ്തുവിനെയും ജീവിയേയും അതാതിന്റെ തരത്തിനൊത്തു രൂപപ്പെടുത്തുന്നു. അതിന്‌സ്വയം പ്രവര്‍ത്തനശക്തി നല്കി അനുഗ്രഹിക്കുന്നു. അങ്ങനെ സര്‍വ്വവസ്തുക്കളിലും സര്‍വ്വജീവജാലങ്ങളിലും പ്രവേശിച്ചും അവയെ അതിവര്‍ത്തിച്ചും സാര്‍വ്വത്രികവും വ്യക്തിഗതവുമായി പ്രതിഭാസിക്കുന്ന കാലപുരുഷനായ ഈശ്വരനാണ് പ്രപഞ്ചത്തിന് ഈ സങ്കീര്‍ണ്ണ സ്വഭാവം നല്കുന്നത്.

ദിവ്യമായ പരമാത്മാവിന് എല്ലായ്‌പോഴും മുന്നവസ്ഥകളിലുള്ള അസ്തിത്വമുണ്ട്. അപരിണാമിയും അനശ്വരവുമായ സ്വസ്ഥനിലയാണ് ഇവയിലൊന്ന്. ഇത് മറ്റു വസ്തുക്കളുടെ നിലനില്പിന് ഒരടിസ്ഥാനമായി, ഒരാധാരമായി വര്‍ത്തിക്കുന്നു. ഈ മറ്റുവസ്തുക്കളെന്ന് പറയപ്പെട്ടവ പ്രകൃതിയിലുള്ളതും, പ്രകൃതിയുടെ ഉല്പന്നങ്ങളും, സദാ ഗതിശീലമുള്ളവയുമാണ്. അഥവാ മാറിക്കൊണ്ടിരിക്കുന്നവയുമാണ്. പ്രകൃതി തന്നെ ആത്മാവിന്റെ ശക്തിസ്വരൂപിണിയാകയാല്‍ ഇവയും അനശ്വരം തന്നെ. ഈ രണ്ടിലും പെടാവുന്നമറ്റൊന്നുകൂടിയുണ്ട്. സര്‍വ്വാധിശായിയായ ഒരു ദിവ്യചേതനയാണത്. അത് നിര്‍മ്മലവും നിശ്ശബ്ദവുമായ ചൈതന്യമാണ്. അതേ സമയത്ത് തന്നെ കര്‍മ്മോന്മുഖമായ പ്രപഞ്ചത്മാവും സംസാരചക്രങ്ങളിലെ ജീവിതവുമാണ്.

ഒന്നിച്ചെടുത്താലും പ്രത്യേകം പ്രത്യേകമായെടുത്താലും അത് ആദ്യം പറഞ്ഞ രണ്ടുതരം അസ്തിത്വങ്ങളില്‍ നിന്നന്യവും അധികവുമായിട്ടുള്ളവയാണ്. ഈ പ്രപഞ്ചാത്മാവിന്റെ ഒരംശമാണ് നമ്മിലോരോരുത്തരിലുമിരിക്കുന്ന ജീവതരൂപം. ഇത് പരമാത്മാവിന്റെ ഒരു ബോധശക്തിയാണ്. ഈ ബോധ രൂപേണയുള്ള ജീവശക്തിയാണ് സര്‍വ്വത്രസന്നിധാനം ചെയ്യുന്ന ദിവ്യപരമാത്മാവിന വഹിക്കുന്നത്. പ്രകൃതിയില്‍ ദിവ്യപ്രപഞ്ചത്തില്‍ ജീവിക്കുന്നതും അത് തന്നെ. അത് ഒരു താല്കാലികസൃഷ്ടിരൂപമല്ല. അനന്തവും അനശ്വരവുമായ പരമാത്മാവില്‍ ക്രിയാത്മകമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം