ബീഹാറുകാരന്റെ മരണം: അന്വേഷണം തുടങ്ങി

August 5, 2012 കേരളം

സത്‌നം സിങ്മാന്‍

തിരുവനന്തപുരം: ബുധനാഴ്ച വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ ദര്‍ശനത്തിനിടെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ഗയ ജില്ലയിലെ ഷേര്‍ഗെട്ടി ഹട്ടിയ മുഹള്ള സ്വദേശി സത്‌നം സിങ്മാന്‍ (28) ആണ് മരിച്ചത്. തിരുവനന്തപുരം എ.ഡി.എം, പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രം സൂപ്രണ്ടിനോടും ജില്ലാ മെഡിക്കല്‍ ഓഫിസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. മാനസികവിഭ്രാന്തി കാട്ടിയ ഇയാള്‍ ജില്ലാ ജയിലില്‍ ഒപ്പമുള്ള പ്രതികളെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനാല്‍ ജയില്‍ അധികൃതര്‍ ഇയാളെ വ്യാഴാഴ്ച ജില്ലാ ആസ്പത്രിയിലേക്കും അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും അയയ്ക്കുകയായിരുന്നു. പേരൂര്‍ക്കടയിലെത്തിയ സത്‌നംസിങ് ജീവനക്കാരോടും ആക്രണസ്വഭാവം പ്രകടിപ്പിച്ചിരുന്നു. അക്രമാസക്തനാകുന്ന പ്രതി ആഹാരവും മരുന്നും കഴിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

വാര്‍ഡില്‍ അവശനിലയിലായിരുന്ന സത്നംസിങ്ങിനെ പോലീസിന്റെ സഹായത്തോടെ ആശുപത്രി അധികൃതര്‍മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അതേസമയം മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാകൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ അറിയിച്ചു. എന്നാല്‍ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് സത്നംസിങ്ങിന്‍റെ സഹോദരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം