ഉരുള്‍പൊട്ടല്‍: ദുരന്തനിവാരണ സേനയുടെയും നേവിയുടെയും സേവനം ലഭ്യമാക്കി

August 7, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

  • ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി

ന്യൂഡല്‍ഹി: കോഴിക്കോടും കണ്ണൂരും കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്‍റെയും നേവിയുടെയും സേവനം ലഭ്യമായിക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സൈന്യത്തിന്‍റെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്തനിവാരണത്തിനായി പ്രത്യേകം കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി.  പ്രകൃതിക്ഷോഭം നേരിട്ട കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയുടെ ആദ്യ സംഘമടങ്ങിയ ഹെലികോപ്ടറെത്തും. സേനയുടെ ആര്‍ക്കോണം യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളാണ് എത്തുന്നത്. കൂടുതല്‍ സേനാംഗങ്ങള്‍ മൈസൂര്‍, വയനാട് വഴി കോഴിക്കോടും കണ്ണൂരിലും എത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയും നേവിയുടെ മുങ്ങല്‍ വിദഗ്ധരും ഉടന്‍ കണ്ണൂരിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ തമിഴ്നാട്ടില്‍ നിന്നുള്ള 30 അംഗസംഘമാണ് കണ്ണൂരിലേക്ക് തിരിച്ചത്.  കൊച്ചിയില്‍ നിന്നാണ് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ണൂരിലെത്തുന്നത്. ആറംഗ സംഘമാണ് കണ്ണൂരിലേക്ക് തിരിച്ചിട്ടുള്ളത്.

ദുരിത ബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും നാളെയും മറ്റെന്നാളും ചേരുന്ന ക്യാബിനറ്റ് യോഗം ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധത്തിലുള്ള അടിയന്തിരസഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പഴശി ഡാമിന്റെ കഴിയുന്നിടത്തോളം ഷട്ടറുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയതായി പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രിക്കാനാവാത്ത നിലയില്‍ പഴശ്ശിഡാം കരകവിഞ്ഞൊഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്. വടക്കന്‍ കേരളത്തില്‍ മഴതുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം