ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനത്തിനുള്ള അടിയന്തിരനടപടികള്‍ സ്വീകരിച്ചുവെന്ന് തിരുവഞ്ചൂര്‍

August 7, 2012 കേരളം

  • പഴശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ശ്രമം വിജയിച്ചില്ല

കണ്ണൂര്‍:  ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്നുണ്ടായ ദുരന്തബാധിത പ്രദേശമായ ഇരിട്ടി ടൗണില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. ദുരന്തത്തെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ആവശ്യമെങ്കില്‍ കൂടുതല്‍ സഹായത്തിനായി നാവികസേനയുടെയും ദുരന്തനിവാരണസേനയുടെയും  സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന എല്ലാസഹായവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നുള്ള സ്ഥിതി ഗുരുതരമാക്കും വിധം പഴശ്ശി ഡാമിലെ ഷട്ടര്‍ തുറക്കാനാവാത്ത സ്ഥിതിവിശേഷം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പഴശിഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഏതാണ് 150 ഓളം വ്യാപാരസ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലായി. വൈദ്യുതിബന്ധം താറുമാറായി. കഴിഞ്ഞ 30 വര്‍ഷത്തിനുശേഷം ഇത്തരം ദുരന്തം ആദ്യമായാണ്. മലയോരമേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുണ്ട്. ഡാമിന്റെ കനാലിലൂടെ വെള്ളം കുത്തിയൊഴുകിയതിനാല്‍ കൊട്ടാരം എന്ന സ്ഥലത്ത് നീര്‍പ്പാലത്തിനു സമീപമുള്ള കനാല്‍ തകര്‍ന്നു. കോണ്‍ക്രീറ്റ് ഭിത്തിയോടുകൂടിയ കനാലാണ് തകര്‍ന്നത്. വെള്ളത്തിന്റെ കുത്തിയൊഴുക്ക് തുടര്‍ന്നാല്‍ നീര്‍പ്പാലം നിലംപതിക്കുമെന്ന അവസ്ഥയാണ്. വെള്ളപ്പാച്ചിലില്‍ കുയിലൂര്‍ മേഖലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം