നാന്മുഖനുള്ളില്‍ ബഹുമാനം വളര്‍ത്തിയ വാല്മീകി

August 7, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 20)

 നാന്മുഖനുള്ളില്‍ ബഹുമാനം വളര്‍ത്തിയ വാല്മീകി

രാമകഥലോകത്തിനു പകര്‍ന്നു നല്കിയ ആദികവിയാണു വാല്മീകി. സര്‍വഗുണസമ്പന്നനും ധര്‍മ്മസ്വരൂപനുമായ മനുഷ്യനാരാണെന്ന് ആ ഋഷിവര്യന്‍ ഏറെനാള്‍ അന്വേഷിച്ചു നടന്നിരുന്നു. ഒടുവില്‍ ബ്രഹ്മവിന്റെ മാനസപുത്രനായ നാദരനില്‍ നിന്നാണ് അദ്ദേഹത്തിന് ഉത്തരമായി രാമകഥ ലഭിച്ചത്. ലോകത്തിനു പരമാത്മജ്ഞാനം നല്കുന്നവനാണു നാരദന്‍. നാരമെന്ന പദത്തിനു പരമാത്മാവിനെപ്പറ്റിയുളള അറിവെന്നര്‍ത്ഥം. അതു നല്‍കുന്നവന്‍ നാരദന്‍ എന്ന വാക്കിന്റെ നിഷ്പത്തി. സപസ്സ്വദ്ധ്യായ നിരതനും വാഗര്‍ത്ഥങ്ങളറിഞ്ഞവരില്‍ ശ്രേഷ്ഠനും മുനിപുംഗവനുമായ നാരദനോട് തപസ്വിയായ വാല്മീകി ഇങ്ങനെ ചോദിച്ചു ന്നെു അഖ്യാനം ചെയ്തുകൊണ്ടാണ് വാല്മീകി രാമായണം ആരംഭിക്കുന്നത്.

ഇന്ന് ഈ ലോകത്തില്‍ ജീവിച്ചിരിപ്പുള്ള സര്‍വഗുണ സമ്പന്നനായ മനുഷ്യനാരാണ് എന്നതായിരുന്നു ആ ചോദ്യം. മനുഷ്യനു വേണ്ടുന്ന ഗുണഗണങ്ങളുടെ ഒരു പട്ടികതന്നെ വാല്മീകി നാരദന്റെ മുന്നില്‍ നിരത്തുന്നുണ്ട്. അതിനെപ്പറ്റിയുള്ള വ്യക്തമായ അറിവ് ഉത്തമമനുഷ്യാദര്‍ശം തിരിച്ചറിയാനും അതില്‍പടി ജീവിതം കരുപ്പിടിപ്പക്കാനും നമ്മെ സഹായിക്കും. എങ്ങനെയെങ്കിലും ജീവിച്ചു കളയാനുള്ളതല്ലല്ലൊ ഈ മനുഷ്യജന്മം. അതിന് ഉദാത്തമായ ലക്ഷ്യമുണ്ട്. അതിലേക്കു ഏവരെയും നയിക്കാനുതകുന്ന മാര്‍ഗ്ഗവുമുണ്ട്. ആ മാര്‍ഗ്ഗം വേദോപനിഷത്തുക്കളും ശാസ്ത്രഗ്രന്ഥങ്ങളും ലോകത്തിനു മുന്നില്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു. പക്ഷേ അതിലെ അത്യന്തസൂക്ഷ്മമായ പ്രതിപാദനസമ്പ്രദായം സാധാരണരായ നമുക്ക് സുഗ്രഹമായിരിക്കുകയില്ല. അതിനുവേണ്ടിയിട്ടാണ് വേദവിധിപ്രകാരം ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ കണ്ടെത്താന്‍ വാല്മീകി ആഗ്രഹിച്ചത്.

ഗുണവാന്‍ എങ്ങനെയായിരിക്കണമെന്നു വാല്മീകി പറയുന്നതു ശ്രദ്ധിച്ചുകൊള്‍ക. അയാള്‍ക്കുവേണ്ടുന്ന മുഖ്യമായ കഴിവ് വീരതയാണ്. അതു ബാഹ്യ ശത്രുക്കളെ ജയിക്കാനുള്ള കരുത്തു മാത്രമല്ല അതിനെക്കാളേറെ ആന്തരിക ശത്രുക്കളെ ജയിച്ചടക്കാന്‍ വേണ്ടുന്ന മനോബലമാകുന്നു. കാമക്രോധ ലോഭമോഹ മദമാത്സര്യാദികളാണ് ഉള്ളിലെ ശത്രുക്കള്‍. യാഥാര്‍ത്ഥ്യത്തില്‍ അവരാണു വെളിയില്‍ ശത്രുക്കളെ സൃഷ്ടിക്കുന്നത്. പക്ഷേ അവയെ ജയിക്കുക അത്ര എഴുപ്പമല്ല. ലോകം മുഴുവന്‍ കീഴടക്കി ഭരിക്കുന്ന ചക്രവര്‍ത്തിമാര്‍പോലും സ്വന്തം കാമക്രോധാദികളുടെ അടിമകളായാണു കഴിയുന്നത്.

പുത്രവാത്സല്യംമൂലം ദുര്യോധനന്റെ ദൃഷ്പ്രവൃത്തികള്‍ തടയാന്‍ തയ്യാറാകാത്ത ധൃതരാഷ്ട്രന്റെ അവസ്ഥയാണത്. സ്വന്തം ദൗര്‍ബല്യങ്ങള്‍ ആ ചക്രവര്‍ത്തിയെ എവിടെക്കൊണ്ടെത്തിച്ചു എന്നു ഓര്‍ത്തുകൊള്‍ക. അതിനാല്‍ ഏതൊരു മനുഷ്യനും പ്രാഥമികമായി വേണ്ടത് വീരതയാകുന്നു. ധര്‍മ്മജ്ഞതയാണ് അടുത്തു വേണ്ടുന്ന ബൗദ്ധിക ഗുണം. ധര്‍മ്മം എന്താണെന്നു അറിയാന്‍ കഴിയുകയാണു ധര്‍മ്മജ്ഞത. ദൈനംദിന ജീവിതത്തില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധാരണ സാധിക്കുമെങ്കിലും  ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധര്‍മ്മത്തെ അധര്‍മ്മമായും അധര്‍മ്മത്തെ ധര്‍മ്മമായും തെറ്റദ്ധരിച്ചുപോകും. ധര്‍മ്മത്തിന്റെ സൂക്ഷ്മരൂപം മറഞ്ഞുപോകും. അര്‍ജ്ജുനവിഷാദയോഗത്തിലെ അര്‍ജ്ജുനന്‍ അത്തരമൊരവസ്ഥയിലാണു പെട്ടുപോയിരുന്നത്.  ഭഗവാന്‍ തന്നെ വേണ്ടിവന്നു ഗീതോപദേശത്തിലൂടെ അയാള്‍ക്കു സ്വധര്‍മ്മം വ്യക്തമാക്കിക്കൊടുക്കാന്‍.

ധര്‍മ്മത്തെ കൃത്യമായി ഏതവസ്ഥയിലും അറിയാന്‍ കഴിയുന്ന ബുദ്ധിയുടെ അവസ്ഥയ്ക്കാണു ധര്‍മ്മജ്ഞതയെന്നു പറയുന്നത്. കൃതജ്ഞത, സത്യവാദിത്വം, ദൃഢവ്രതത്വം, സച്ചാരിത്ര്യം, സര്‍വഭൂതഹിതംകരത്വം, വിദ്വത്വം, സാമര്‍ത്ഥ്യം, പ്രിയദര്‍ശനത്വം, ആത്മവത്വം, ക്രോധജയം, ദ്യുതിമത്ത്വം ആസൂയാരാഹിത്യം  മുതലായവയാണു യഥാക്രമം തുടര്‍ന്നുവരുന്ന ഗുണങ്ങള്‍. പേരുകള്‍ കൊണ്ടുതന്നെ ആശയം സ്പഷ്ടമാകയാല്‍ ഇവിടെ വിശദീകരിക്കാന്‍ നില്ക്കുന്നല്ലെന്നുമാത്രം. പടക്കളത്തില്‍ വില്ലേന്തിനില്‍ക്കുന്ന ആരെക്കണ്ടിട്ടാണോ ദേവന്മാര്‍പോലും ഭയന്നുവിറച്ചുപോകുന്നത് എന്നു വാല്മീകി പറഞ്ഞു നിറുത്തുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. പ്രതിബന്ധങ്ങളുടെയും പ്രലോഭനങ്ങളുടെയും മുന്നില്‍ തെല്ലും കുലുങ്ങാതെ ധര്‍മ്മത്തിന്റെ പന്ഥാവില്‍ ഉറച്ചിനിന്നടരാടുന്ന കര്‍മ്മയോഗിയുടെ അചഞ്ചലതയാണത്. ഇതെല്ലാം തികഞ്ഞ മനുഷ്യമുണ്ടെങ്കില്‍ ആ വ്യക്തിയെക്കുറിച്ചു കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു. മഹര്‍ഷേ അങ്ങയ്ക്ക് അറിയാന്‍ കഴിയാത്തതായി യാതൊന്നുമില്ലല്ലൊ.

വാല്മീകിയുടെ ചോദ്യം നാരദര്‍ഷിയെ ഏറെ ആനന്ദിപ്പിച്ചു. അദ്ദേഹം പറഞ്ഞു; അങ്ങ് ഇപ്പോള്‍ പ്രകീര്‍ത്തിച്ച ഗുണങ്ങള്‍ ഒരുമിച്ച് ഒരാളില്‍ കണ്ടുകിട്ടുക അത്ര എളുപ്പമല്ല. എങ്കിലും അങ്ങനെ ഒരാളുണ്ട്. ഞാന്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞുതരാം. ശ്രദ്ധയോടെ കേട്ടശേഷം അങ്ങ് അദ്ദേഹത്തെ ആശ്രയിച്ചുകൊള്‍ക. അതു മറ്റാരുമല്ല അയോദ്ധ്യാധിപന്മാരായ ഇഷ്വാകുക്കളുടെ വംശത്തില്‍ പിറന്നവനും രാമനെന്ന പേരില്‍ പ്രസിദ്ധനുമായ മഹാപുരുഷനാണദ്ദേഹം. തുടര്‍ന്നു ശ്രീരാമചന്ദ്രന്റെ ജീവചരിത്രം നാരദന്‍ വാല്മീകിയെ കേള്‍പ്പിച്ചു. അയോദ്ധ്യാധിപനായി രാമന്‍ വാഴുന്ന സമയത്താണ് ഈ ചോദ്യവും ഈ ഉപദേശവും സംഭവിക്കുന്നത്. കാലം കുറേ കഴിഞ്ഞപ്പോള്‍ ലോകനന്മയ്ക്കായി രാമകാവ്യം രചിക്കാന്‍ സൃഷ്ടികര്‍മ്മത്തിനധിപനായ ബ്രഹ്മാവുതന്നെ വാല്മീകിയോടാവശ്യപ്പെട്ടു. കാവ്യസ്വരൂപം ബ്രഹ്മദേവന്‍ ആ ഋഷികവിയുടെ ഹൃദയത്തില്‍ ഉണര്‍ത്തിവിടുകയും ചെയ്തു. അങ്ങനെയാണ് രാമകാവ്യം ഭൂമുഖത്ത് ആവിര്‍ഭവിച്ചത്.

ബ്രഹ്മദേവന്റെ ഹൃദയത്തില്‍പ്പോലും അദ്ഭുതാദരങ്ങളുടെ തരംഗമാലകളുണര്‍ത്തുന്ന കവിത്വത്തിനുടമയായ വാല്മീകി മഹര്‍ഷിയെയാണ് നാന്മറനേരായ രാമായണം ചമയ്ക്കയാല്‍ നാന്മുഖനുള്ളില്‍ ബഹൂമാനത്തെ വളര്‍ത്തോരു വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനിയെന്നു അദ്ധ്യാത്മരാമായണകാരനായ എഴുത്തച്ഛന്‍ കവിത്വവരം പ്രാര്‍ത്ഥിച്ചുകൊണ്ടു സ്തുതിച്ചിരിക്കുന്നത്. രാമകഥ ആരിലും ബഹുമാനത്തെ ഉണര്‍ത്തും. അലൗകിക സൂക്ഷ്മയോടെ അതു പാടുന്നവരിലേക്കും സംക്രമിച്ച് അവരെയും ആദരണീയരാക്കിത്തീര്‍ക്കും. വാല്മീകി ആദികവിയാണ്. കാലഗണനപ്രകാരം മാത്രമല്ല അദ്ദേഹത്തിനു ആദികവി എന്ന പദവി ലഭിച്ചത്. കാവ്യഗുണത്തിന്റെ അനുപമത്വം കൊണ്ടുകൂടിയാകുന്നു. കവിത്വത്തില്‍ അദ്ദേഹത്തിനു ഒന്നാം സ്ഥാനമുണ്ടെന്നു ബ്രഹ്മാവുപോലും സമ്മതിച്ചുകൊടുത്തിരിക്കുന്നു.

വാല്മീകിരാമായണം വായിച്ചാസ്വദിക്കാന്‍ ശേഷിയുള്ള സഹൃദയന്മാര്‍ക്കെല്ലാം നേരിട്ട് അനുഭവവേദ്യമാകുന്ന സത്യമാണ് അതുല്യമായ ആ രചനാവൈഭവം. ആ വാക്കുകള്‍ സംസ്‌കൃതഭാഷയിലുള്ളവയാണെങ്കിലും ഇതര ഭാരതീയ ഭാഷകളില്‍ പ്രചുരപ്രചാരത്തിലിരിക്കുന്നവയാണെന്നിരിക്കിലും  വാല്മീകി എഴുതുമ്പോള്‍ അവയുടെ ഉല്പത്തി ഭൂലോകത്തുനിന്നല്ല. മഹര്‍ലോകത്തു നിന്നാണു സംഭവിക്കുന്നത്. ബ്രഹ്മപ്രകാശപൂര്‍ണ്ണമായ പ്രസ്തുത ലോകത്തിന്റെ സൗന്ദര്യാന്ദങ്ങളാല്‍ നിറഞ്ഞുതുളുമ്പുന്ന പ്രകാരത്തിലാണ് അവ ആവിര്‍ഭവിക്കുന്നത്. അതു വാല്മീകിരാമായണത്തെ അനിതരസാധാരണമായ അനുഭവമാക്കിമാറ്റുന്നു. കവി എന്ന പദത്തിനു പരബ്രഹ്മമെന്ന് വേദോപനിഷത് പ്രസിദ്ധമായ അര്‍ത്ഥം.  ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാകയാല്‍ കവി എന്ന പേരിന് അര്‍ഹനാണ്. കവിയുടെ സൃഷ്ടി അഥവാ ബ്രഹ്മജ്ഞാനിയുടെ സൃഷ്ടി അഥവാ ബ്രഹ്മസൃഷ്ടിയാണു രാമായണകാവ്യം. അതുകൊണ്ടാണ് അതു നാന്മറകള്‍ക്ക് – ഋക് യജുസ് സാമ അഥര്‍വങ്ങള്‍ക്ക് – തുല്യമായിത്തീര്‍ന്നത്. അതിന്റെ രചയിതാവായ ബ്രഹ്മജ്ഞന്‍ ബ്രഹ്മാവിനുപോലും ആദരണീയനായി ഭവിക്കുന്നു. അദ്ദേഹത്തിന്റെ വരം ഏതൊരുകാവ്യകര്‍ത്താവിനും മഹാനുഗ്രഹമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം