ക്യൂരിയോസിറ്റി: ഗവേഷണം ആരംഭിച്ചു

August 7, 2012 രാഷ്ട്രാന്തരീയം

ഹ്യൂസ്റ്റണ്‍: കാലിഫോര്‍ണിയയിലെ പസദേനയില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍.)യിലെ ശാസ്ത്രജ്ഞര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ചൊവ്വയിലെത്തിയെ ക്യൂരിയോസിറ്റിയെയാണ്. ഇപ്പോള്‍ ഗവേഷണവിവരങ്ങള്‍ക്കൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാക്കിത്തുടങ്ങി‌. വിജകരമായ ക്യൂരിയോസിറ്റിയുടെ ലാന്‍ഡിങ്ങിനെ ഒരു സാഹസികനാടകത്തിന്റെ ശുഭകരമായ വിജയമെന്നാണ് ജെ.പി.എല്‍. ഡയറക്ടര്‍ ചാള്‍സ് എലാഷെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ചൊവ്വയിലിറക്കുന്ന നാലാമത്തെ പേടകമാണ് ക്യൂരിയോസിറ്റി. ചൊവ്വയുടെ മധ്യരേഖയോടുചേര്‍ന്ന് 154 കിലോമീറ്റര്‍ വീതിയില്‍ കിടക്കുന്ന ഗേല്‍ ക്രേറ്ററിലെ അഞ്ചുകിലോമീറ്റര്‍ ഉയരമുള്ള പര്‍വതം കേന്ദ്രീകരിച്ചാണ് ക്യൂരിയോസിറ്റിയുടെ അന്വേഷണം ആരംഭിക്കുന്നത്. ‘മൗണ്ട് ഷാര്‍പ്’ എന്ന മലയില്‍ കയറിയിറങ്ങി ഗവേഷണം നടത്തുന്ന ക്യൂരിയോസിറ്റിയില്‍ ഇത്തരം സൂക്ഷ്മപഠനത്തിനായി പത്ത് ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ചൊവ്വയില്‍ ജീവസാന്നിധ്യം തിരിച്ചറിയുന്നതുകൂടാതെ ജീവനെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ക്യൂരിയോസിറ്റി നടത്തുമെന്ന്  നാസ വ്യക്തമാക്കി. അതിന്റെ ഉത്തരം അത്രവേഗം കിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 250 കോടി ഡോളര്‍(ഏതാണ്ട് 13, 750 കോടി രൂപ) മുടക്കിനിര്‍മിച്ച പേടകം രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. എന്നാല്‍ അതിലെ പ്ലൂട്ടോണിയം ബാറ്ററിക്ക് ചുരുങ്ങിയത് 14 വര്‍ഷം ക്യൂരിയോസിറ്റിക്കാവശ്യമായ വൈദ്യുതി നല്‍കാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം