ഹമീദ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്

August 7, 2012 ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന വോട്ടെടുപ്പില്‍ 490 വോട്ടു നേടിയാണ് അന്‍സാരി തുടര്‍ച്ചയായി രണ്ടാം വട്ടവും ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്. എതിര്‍ സ്ഥാനാര്‍ഥിയായ ജസ്വന്ത് സിംഗിന് 238 വോട്ടുകള്‍ ലഭിച്ചു. ഇരുസഭകളില്‍ നിന്നുമായി ആകെ 790 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ ബിജു ജനതാദള്‍, സിപിഐ, ആര്‍എസ്പി എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നിരുന്നു.

അസുഖവും മറ്റു കാരണങ്ങളാലും എട്ട് എംപിമാര്‍ വോട്ടെടുപ്പിന് എത്തിയില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ടു രേഖപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ യുപിഎയിലെ എല്ലാ കക്ഷികളുടെയും ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവയുടെയും വോട്ടും ഹമീദ് അന്‍സാരിക്ക് ലഭിച്ചു. ഇത് എട്ടാം തവണയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു രണ്ടുപേര്‍ മാത്രം മല്‍സരിച്ചത്. എസ്.രാധാകൃഷ്ണനുശേഷം തുടര്‍ച്ചയായി രണ്ടുവട്ടം ഉപരാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് അന്‍സാരി. 1984-ല്‍ അദ്ദേഹത്തിന് പദ്മശ്രീ ബഹുമതി ലഭിച്ചിരുന്നു.

കൊല്‍ക്കത്ത സ്വദേശിയായ അന്‍സാരി ഇന്ത്യന്‍വിദേശകാര്യ സര്‍വീസിലെ സിവില്‍ സര്‍വന്റായാണ് തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. ഐക്യരാഷ്ടസഭയിലെ ഇന്ത്യന്‍ പ്രതിനിധി, ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം