ഒളിമ്പിക്സ് മെഡല്‍ജേതാവ് വിജയകുമാറിന് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു

August 8, 2012 കായികം

ന്യൂഡല്‍ഹി: ഇന്ത്യക്കുവേണ്ടി ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഷൂട്ടിംഗ് താരം വിജയകുമാറിന് ആര്‍മിയില്‍ ഉദ്യോഗക്കയറ്റം നല്‍കാന്‍ തീരുമാനിച്ചു. ആര്‍മി ഉദ്യോഗക്കയറ്റത്തിനൊപ്പം തന്നെ 30 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചു.ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ വിജയിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം പ്രമോഷനും സാമ്പത്തിക നേട്ടവും ഇല്ലാത്തതിനാല്‍ താന്‍ ആര്‍മിയില്‍നിന്ന് പിരിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വിജയകുമാര്‍ കഴിഞ്ഞദിവസം ലണ്ടനില്‍ പറഞ്ഞതിനു പിന്നാലെയാണ് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചത്. ലണ്ടനില്‍ നിന്നും ഇന്ന് തിരിച്ചെത്തുന്ന വിജയകുമാറിന് ആര്‍മി ഉജ്ജ്വല സ്വീകരണം നല്‍കും. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രത്യേക ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ആറുതവണ ദേശീയ ചാമ്പ്യനായ വിജയകുമാര് ആറ് വര്‍ഷമായി ഷൂട്ടിങ് റേഞ്ചില്‍ തുടരുന്ന വ്യക്തിയാണ്. ഐ.എസ്.എസ്.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെള്ളി മെഡലും നേടിയിരുന്നു. ഗ്വാങ് ഷൗ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെങ്കലം നേടിയ അദ്ദേഹം ദോഹ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. 2010 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നുസ്വര്‍ണവും ഒരു വെള്ളിയുമടക്കം നാലുമെഡല്‍ നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം