തന്നെപ്പോലെ സകലരെയും കാണുന്നവനാണ് പണ്ഡിതന്‍

August 9, 2012 സനാതനം

ധര്‍മ്മാനന്ദ

1988-ല്‍ ബോംബെയില്‍ നടന്ന ഒരു സംഭവം. നഗരത്തില്‍ ജോലിനോക്കി താമസിച്ചിരുന്ന ഒരാള്‍ ഒരുദിവസം കാര്യവശാല്‍ സ്വന്തം ഗ്രാമത്തിലേക്ക് പോയി. അത്യാവശ്യമായി അവിടുന്ന് മറ്റൊരു ഗ്രാമത്തിലേക്കു പോകേണ്ടിവന്നു കാര്യമെല്ലാം കഴിഞ്ഞ് മടങ്ങിപ്പോകാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. അതാ എട്ടുപത്തു വയസ്സുപ്രായമായ രണ്ടു മൂന്നുകുട്ടികള്‍ അതും കുസൃതികള്‍. ക്ഷീണിച്ച് എല്ലും തൊലിയുമായി ഇഴഞ്ഞുനീങ്ങിയിരുന്ന ഒരു പട്ടിയെ കല്ലുപറക്കി എറിയുന്നു. ആ ദുര്‍ബലജീവിയെ അവര്‍ക്ക് എറിഞ്ഞു കൊല്ലണം. ഏറുകൊണ്ട് അവശനായ പട്ടി ദീനമായി രോദനം ചെയ്തുകൊണ്ട് അടുത്തുണ്ടായിരുന്ന ഒരു കുഴിയില്‍ ചെന്നുവീണു.

ഇത്ര ചെറുപ്പായിരുന്നിട്ടും ആ കുട്ടികള്‍പോയി കരുത്തനായ ഒരു പട്ടിയെ കൊണ്ടുവന്ന് കുഴിയില്‍ വീണു ശക്തിഹീനനായി കിടക്കുന്ന പട്ടിയെ ചൂണ്ടിക്കാണിച്ച് അതിനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. കരുത്തനായ പട്ടി കുരച്ചുകൊണ്ടു കുതിച്ചു കുതിച്ചു മുന്നോട്ടടുത്തു കുട്ടികള്‍ കൈകൊട്ടി ആര്‍ത്തു ചിരിച്ചുകൊണ്ടിരുന്നു.

അയാള്‍ക്കു ഈ രംഗം കണ്ടു സഹിച്ചുനില്ക്കാന്‍ കഴിഞ്ഞില്ല. ശബ്ദമുയര്‍ത്തി അയാള്‍ ആ കുട്ടികളെ അടുത്തുവിളിച്ചു. പക്ഷെ അവര്‍ ഓടിക്കളഞ്ഞു. അവശനായി മുറിവേറ്റ പട്ടി ഒരു വൃക്ഷത്തണലില്‍ ഇഴഞ്ഞു വലിഞ്ഞുചെന്ന് കരിയിലപ്പുറത്തു കിടന്നു, അദ്ദേഹം അടുത്തുചെന്ന് ആ ജന്തുവിനെ നോക്കി. ആ ജീവി അദ്ദേഹത്തെ ദയനീയമായി നിര്‍ന്നിമേഷമായി നോക്കിക്കൊണ്ടിരുന്നു.

ആ ജീവി മനുഷ്യരുടെ ഹീനവും ധിക്കാരവും നിര്‍ദ്ദയവുമായ പെരുമാറ്റത്തില്‍ തനിക്കുള്ള ആവലാതി കരുണാനിര്‍ഭരമായ ദൃഷ്ടികളിലൂടെ അദ്ദേഹത്തോടു പറഞ്ഞിരിക്കാം. അല്ലെങ്കില്‍ അതിന്റെ നേര്‍ക്കു ദയതോന്നി ക്രൂരതയില്‍നിന്നും അതിനെ വിടര്‍ത്തിയതിന്റെ കൃതജ്ഞതയായിരിക്കാം. അദ്ദേഹം ആ അവശ ജീവിയുടെ സമീപത്തു ചെന്നു. അപ്പോള്‍ അതിന്റെ കണ്ണുകളില്‍ ഭയത്തിന്റെ നിഴലാട്ടമുണ്ടായി. അവസാന ശ്വാസം വലിക്കുമ്പോഴും ആ ജീവി ശേഷശക്തി മുഴുവന്‍ ഉപയോഗിച്ച് ദുര്‍ബല കാലുകളാല്‍ എഴുന്നേല്ക്കാന്‍ തുനിഞ്ഞു. ഒരുപക്ഷെ അത് അവിടന്ന് ഓടിപ്പോകാന്‍ ആശിച്ചിരിക്കാം. എന്നാല്‍ അതിനു കഴിഞ്ഞില്ല. നിലത്തുനിന്ന് അതിന്റെ ദേഹം അല്പം പൊന്തിയപ്പോഴേക്കും വീണുപോയി. അതിന്റെ ദൃഷ്ടി വീണ്ടും അയാളിലേക്കു ചെന്നു. അതു തികച്ചും കരുണാര്‍ദ്രവും ഹൃദയ ദ്രവീകരണ ക്ഷമവുമായിരുന്നു.

ആ ജീവി അദ്ദേഹത്തോട് മൂകഭാഷയില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ‘മനുഷ്യ ജാതിക്ക് കര്‍ത്തവ്യപാലനത്തോടുള്ള പ്രതികരണം നോക്കൂ. അവരെന്നെ സൈ്വരമായി മരിക്കാന്‍കൂടി അനുവദിക്കുന്നില്ല.

അദ്ദേഹത്തിന് അവിടെ നിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല. അതിന്റെ നേര്‍ക്ക് നിര്‍ന്നിമേഷനായി നോക്കിക്കൊണ്ടിരിക്കയല്ലാതെ ആ ദൃഷ്ടി പിന്‍വലിക്കാനും കഴിഞ്ഞില്ല.

അതിന്റെ ദൃഷ്ടി അദ്ദേഹത്തോടും ആവലാതി പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ മനുഷ്യരുടെ മൂകനായ സേവകനാണ്. ജീവിതം മുഴുവന്‍ ഞാന്‍ അവരെ സേവിച്ചിരുന്നു. ഞാന്‍ സുഖ ദുഃഖങ്ങളില്‍ അവരുടെ മിത്രമായിരുന്നു. അവരുടെ ഉച്ഛിഷ്ടം ഭക്ഷിച്ചിട്ടും സന്തുഷ്ടനായാണ് കഴിയുന്നത്. എന്നാല്‍ എനിക്കു വയസ്സായി. ഞാന്‍ രോഗിയായി അപ്പോള്‍ എന്നെ അടിച്ചു പുറത്താക്കി. ദയവില്ലാത്തവരുടെ കൈകളിലെ കളിപ്പാട്ടമായി തള്ളിവിട്ടു. ഹാ! ഇതുമാനവരായ നിങ്ങളുടെ ധിക്കാരമാണ് കൃതഘ്‌നതയാണ്.

അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ജീവനില്ലാത്ത പട്ടി അയാളോട് വളരെയേറെ പറഞ്ഞിട്ടുണ്ടായിരിക്കാം. അദ്ദേഹം മനസ്സുകൊണ്ട് ആ സാധുജീവിക്ക് ആദരാജ്ഞലികളര്‍പ്പിച്ചിട്ട് ബസ്സു കാത്തു നില്ക്കാന്‍ ഉപേക്ഷിച്ച ഹൃദയഭാരത്തോടെ അവിടെ നിന്നു നടന്നുനീങ്ങി. നടക്കുമ്പോള്‍ ആ ഹൃദയത്തില്‍ ഇങ്ങനെ വിചാരിച്ചിരിക്കാം. മാനുഷിക ഗുണങ്ങളുടെ രക്ഷയ്ക്ക് ജീവകാരുണ്യത്തിന് മഹത്തായ സ്ഥാനമാണ്. അതിനാലാണ് മഹാത്മാക്കളായ മഹര്‍ഷിമാര്‍ പറഞ്ഞത്. പണ്ഡിതന്‍ അല്ലെങ്കില്‍ വിദ്വാന്‍ സകല ജീവികളുടെയും സുഖ ദുഃഖങ്ങള്‍ തന്റെ സുഖ ദുഃഖങ്ങളായി കരുതണമെന്ന്.

‘അത്മാവത് സര്‍വ്വഭൂതേ ഷുയഃ
പശ്യതി സ പണ്ഡിതഃ’

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം