പി.ജയരാജനെ സ്വന്തംവാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വിവാദമാകുന്നു

August 8, 2012 കേരളം

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് സ്വന്തം വാഹനത്തിലായത് വിവാദമാകുന്നു‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കെ.എല്‍. 56 സി 1717 എന്ന ബൊലേറോ വാഹനത്തില്‍ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

ജയില്‍ചട്ടപ്രകാരം ഒരു പ്രതിയെ ആശുപത്രിയിലേക്കോ കോടതിയിലേക്കോ കൊണ്ടുപോകുന്നത് ജയില്‍ വാഹനത്തിലാകണമെന്നാണ് നിയമം. എന്നാല്‍ ജയരാജന്റെ വാഹനത്തില്‍ പോലീസുകാരും ജയില്‍ അധികൃതരുമാണ് ഉണ്ടായിരുന്നത്. ജയരാജന്‍ പ്രസിഡന്റായ പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ഇപ്പോള്‍ ഈ വാഹനം ഉപയോഗിക്കുന്നത്. വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു ജയരാജന്‍ യാത്ര ചെയ്തത്. ജയരാജനൊപ്പമുണ്ടായിരുന്ന പോലീസും ജയില്‍ അധികൃതരും പിന്‍സീറ്റിലായിരുന്നു. വാഹനത്തില്‍ നിന്നുമിറങ്ങിയ ജയരാജനെ കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം നേതാക്കളാണ് സ്വീകരിച്ച് ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയത്.

എന്നാല്‍ ജയരാജനെ കണ്ണൂര്‍ ജയിലില്‍ നിന്നും കൊണ്ടുവന്നത് ജയില്‍ വാഹനത്തിലാണെന്നും വാഹനത്തിന്റെ ഗിയര്‍ബോക്‌സ് കൊയിലാണ്ടിയില്‍ വെച്ച് തകരാറിലായതിനെ തുടര്‍ന്നാണ്  അദ്ദേഹത്തെ സ്വന്തം വാഹനത്തിലേക്ക് മാറ്റിയതെന്നും വിശദീകരണമുണ്ട്. മെഡിക്കല്‍ കോളേജിലെത്തിയ ജയരാജനെ കാണാന്‍ കോഴിക്കോട്ടെ സി.പി.ഐ.എമ്മിന്റെ  മിക്ക പ്രവര്‍ത്തകരും എത്തിയിരുന്നു. ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. സുനില്‍ കുമാറാണ് ജയരാജനെ പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജയരാജന്റെ ഇടതുചെവിയ്ക്കുള്ളില്‍ ദ്വാരം കണ്ടെത്തിയിരുന്നു. ഇതിനുള്ള ഓഡിയോ പരിശോധനയ്ക്കായാണ് ജയരാജനെ ഇന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. അതേസമയം ജയരാജന് പ്രത്യേക അവകാശം നല്‍കിയതില്‍ ഉത്തരവാദിത്തപ്പെട്ടപ്പവര്‍ മറുപടി പറയണമെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം