അരുണ്‍കുമാറിനെതിരായ ആരോപണം: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും

August 8, 2012 കേരളം

കൊച്ചി: വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ സന്തോഷ് മാധവന്റെ ആരോപണം ആഭ്യന്തര വകുപ്പിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വൈക്കത്തു പാടം നികത്താനുള്ള അനുമതിക്കായി അരുണ്‍കുമാര്‍ 75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു സന്തോഷ് മാധവന്‍ നല്‍കിയ പരാതിയിന്‍മേലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

ആരോപണങ്ങളെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് വി.കെ രാജു സമര്‍പ്പിച്ച ഹര്‍ജിയാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അതേസമയം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാരിനു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം