സൂവര്‍ണ്ണജൂബിലി: തുറന്ന ജയിലില്‍ 12 വികസന പദ്ധതികള്‍ക്ക് തുടക്കമായി

August 8, 2012 കേരളം

നെട്ടുകാല്‍തേരി തുറന്ന ജയില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: നെട്ടുകാല്‍തേരി തുറന്ന ജയില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജയില്‍ വളപ്പിലെ 12 വികസന പദ്ധതികള്‍ക്ക് തുടക്കം.  ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനും ക്യഷി വകുപ്പ് മന്ത്രി കെ.പി.മോഹനനുമാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.  ചെക്ക് ഡാമുകളുടെയും ജലവിതരണപദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ നിര്‍വ്വഹിച്ചു.  ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട്, എഫ്.എം.റേഡിയോ സംവിധാനം എന്നിവയും മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  സിമന്റ് ഇഷ്ടിക യൂണിറ്റിന്റെ തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.  പന്നി വളര്‍ത്തല്‍ യൂണിറ്റ്, ഔഷധ സസ്യമാത്യക നഴ്‌സറി, വാഴക്ക്യഷി വിളവെടുപ്പ് എന്നിവ ക്യഷി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

എ.ടി.ജോര്‍ജ്ജ് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജയില്‍ എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അന്‍സജിതാ റസ്സല്‍, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹിദാ ബീവി, കളളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, രാജീവ് കരിയില്‍, ജയറാം, മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  മികച്ച ഡോക്ടര്‍ക്കുളള സംസ്ഥാന അവാര്‍ഡ് നേടിയ ഡോ.സഞ്ജീവിനെ ചടങ്ങില്‍ ആദരിച്ചു.  ജയിലുകളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ പറഞ്ഞു.   കേന്ദ്ര ധനകാര്യ കമ്മീഷന്‍ അനുവദിച്ച 3.55 കോടിയുടെ വികസന പദ്ധതികളാണ് തുറന്നജയിലില്‍ നടപ്പിലാക്കുന്നത്.

ജയിലുകളെ മാനസിക പരിവര്‍ത്തനത്തിനുളള കേന്ദ്രമായി അന്തേവാസികള്‍ കാണണം.  പുറത്ത് വരുമ്പോള്‍ നല്ലനിലയില്‍ ജീവിക്കാനുതകുന്ന പരിശീലനത്തിനുളള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  ജയില്‍ വളപ്പില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  അതിന്റെ ഭാഗമാണ് ഇത്തരം പദ്ധതികളെന്നും മന്ത്രി പറഞ്ഞു.  അന്യം നിന്ന് പോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാന്‍ ഔഷധ സസ്യക്യഷിപോലുളള പദ്ധതികള്‍ സഹായകമാകുമെന്ന് ക്യഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.  ജയിലിലേയ്ക്ക് 10 തെങ്ങുകയറ്റ യന്ത്രം സൗജന്യമായി ക്യഷി വകുപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം