മഴ: കൊച്ചി ഏകദിനം ഉപേക്ഷിച്ചു

October 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: കനത്ത മഴ മൂലം കലൂര്‍ സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചു. പുലര്‍ച്ചെ പെയ്ത മഴയ്ക്ക് ശേഷം ഔട്ട് ഫീല്‍ഡ് ഉണങ്ങാന്‍ കാത്തുനില്‍ക്കുന്നതിനിടെ വീണ്ടും കനത്ത മഴ പെയ്തതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണം. രാവിലെ മാച്ച് റഫറിയും അമ്പയര്‍മാരും പിച്ചും ഗ്രൗണ്ടും പരിശോധിച്ച ശേഷമാണ് വീണ്ടും കനത്ത മഴ പെയ്തത്. മത്സരം നടക്കാത്തതിനാല്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ച് നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 20 മുതല്‍ 27 വരെയുള്ള തിയതികളില്‍ ഫെഡറല്‍ ബാങ്ക് വഴിയാണ് തുക തിരിച്ച് നല്‍കുക. കഴിഞ്ഞ ദിവസം മഴ വിട്ടുനിന്നതിനാല്‍ സംഘാടകരും ക്രിക്കറ്റ്‌പ്രേമികളും ആവേശത്തിലായിരുന്നു. ഇതനുസരിച്ച് വന്‍തോതില്‍ ടിക്കറ്റുകള്‍ വിറ്റുപോവുകയുംചെയ്തു. ഗ്രൗണ്ടും സ്റ്റേഡിയവും മത്സരത്തിന് പരിപൂര്‍ണമായും സജ്ജമായിരുന്നു. ഇതിനിടെയാണ് വീണ്ടും മഴപെയ്തത്.
രാവിലെ അഞ്ചുമുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് കൊച്ചിയിലേക്ക് പ്രവഹിച്ചത്. രണ്ടാം ഏകദിനം ഒക്ടോബര്‍ 20 ന് വിശാഖപട്ടണത്താണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം