പഴശി ഡാം: മാലിന്യം നീക്കുന്ന ജോലി പുരോഗമിക്കുന്നു

August 9, 2012 കേരളം

കണ്ണൂര്‍: മഴ കുറഞ്ഞതോടെ വെള്ളം കവിഞ്ഞൊഴുകി അപകടഭീഷണി ഉയര്‍ത്തിയ പഴശി ഡാമില്‍ ജലനിരപ്പ് താഴ്ന്നു. എന്നാല്‍ ഷട്ടറിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജലസംഭരണിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം നീക്കിക്കളയാനുള്ള ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

നേവി ഉദ്യോഗസ്ഥരാണ് ഷട്ടര്‍ തുറക്കാന്‍ ശ്രമം നടത്തുന്നത്. ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിക്കാനും ആലോചനയുണ്ട്. ഡാമിലെ പതിനാറ് ഷട്ടറുകളില്‍ ഒന്‍പതെണ്ണം മാത്രമെ തുറക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഇതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

ഇതേത്തുടര്‍ന്നാണ് ഇരിട്ടി നഗരവും സമീപ പ്രദേശങ്ങളും വെള്ളത്തിലായത്. ഇരിട്ടിയില്‍ മാത്രം 25 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാം കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ രണ്ടുഭാഗത്തെ പാര്‍ക്കുകളും പൂര്‍ണമായും തകര്‍ന്നിരുന്നു. പഴശി പദ്ധതിയുടെ മെയിന്‍കനാലും തകര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം