അദൃശ്യകരണി

August 9, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഞാന്‍ ജനിച്ച വീടിന്റെ വടക്കുഭാഗത്തുമാറി മൂന്നു പുരയിടങ്ങള്‍ക്കപ്പുറത്ത് ‘ഊളന്‍കുന്നെ’ന്നു പേരോടുകൂടിയ ഒരു വീടുണ്ടായിരുന്നു. ശ്രീ രാമന്‍പിള്ളയായിരുന്നു. വീട്ടുടമസ്ഥന്‍. സാമാന്യം ധനികനും കര്‍ഷകനുമായിരുന്നു ശ്രീ രാമന്‍പിള്ള. ഏകാദശിവ്രതം നോറ്റ് നമസ്‌കരിച്ച് നെറ്റിയില്‍ തഴമ്പും സമ്പാദിച്ചിരുന്നു. ഞാന്‍ ആശ്രമത്തില്‍ വന്നതിനുശേഷം, ശ്രീ രാമന്‍പിള്ള ആശ്രമത്തിനടുത്തുള്ള ഒരു ബന്ധുവീട്ടില്‍നിന്ന് തിരിച്ചുവരുന്നവഴി സ്വാമിജിയെ കാണുന്നതിനു വന്നു.

അദ്ദേഹം ആശ്രമത്തിന്റെ ഗേറ്റുകടന്ന് അകത്തുവന്നപ്പോള്‍ സ്വാമിജി തന്റെ കൊച്ചുപുരയ്ക്കുള്ളില്‍ നിന്നുകൊണ്ട് അടുത്തുനിന്ന എന്നോടു പറഞ്ഞു – ‘എടോ നിന്റെ അയല്‍പക്കം വരുന്നുണ്ട്, കണ്ടാല്‍ കുളിക്കണം, ഞങ്ങളിവിടെ ഇല്ലെന്ന് പറഞ്ഞേക്ക്”. ഞാന്‍ പറഞ്ഞു-‘-എന്നോടുള്ള സ്വാതന്ത്ര്യംകൊണ്ട് ചിലപ്പോഴിങ്ങു കയറിവന്നേക്കും” ”ആ അതുസാരമില്ലെടോ ഞങ്ങളിങ്ങ് ഒളിച്ച് നിന്നേക്കാം”. ഒളിച്ചുനില്‍ക്കുന്നതെങ്ങനെയായിരുന്നെന്ന് എനിക്ക് അന്ന് മനസ്സിലായിരുന്നില്ല.

രാമന്‍പിള്ള കടന്ന് വന്ന് എന്റെ അടുത്തെത്തി, സ്വാഭാവികമായ ഉറച്ച സ്വരത്തില്‍ ”സ്വാമിയുണ്ടോ?” എന്നു ചോദിച്ചു. ”ഇല്ല” എന്ന് ഞാന്‍ മറുപടി നല്‍കി. ”അങ്ങേര് ഹനുമാരാണ്. എവിടെയും ഒളിച്ചിരിക്കും” എന്ന് പറഞ്ഞ് കതകൊക്കെ അടച്ചും തുറന്നും പരിശോധന നടത്തി. ഇതുകണ്ട് മുന്നില്‍ നില്‍ക്കുന്ന സ്വാമിജി ഉയര്‍ന്ന സ്വരത്തിലാണ് പറഞ്ഞതെങ്കിലും സ്വാമിജിയുടെ ശബ്ദം കേള്‍ക്കുകയോ മുന്നില്‍ നില്‍ക്കുന്ന സ്വാമിജിയെ കാണുകയോ ചെയ്യാതെ രാമന്‍പിള്ള തിരിച്ചുനടന്നു. സ്വാമിജി പുറത്തേയ്ക്കിറങ്ങി രാമന്‍പിള്ളയുടെ മുന്നിലൂടെ നടന്നുപോയി. എന്നിട്ടും ആ മഹ്ദര്‍ശനം രാമന്‍പിള്ളയ്ക്ക് ലഭിച്ചില്ല.

പതഞ്ജലയോഗദര്‍ശനം മേല്‍പറഞ്ഞ അത്ഭുതസിദ്ധിയെപ്പറ്റി ഇപ്രകാരം പ്രതിപാദിക്കുന്നു. ”കായരൂപ സംയമാത് തത് ഗ്രാഹ്യശക്തി സ്തംഭേ ചക്ഷു:പ്രകാശാസംയോഗേളന്തര്‍ദ്ധാനം”. കായരൂപത്തില്‍ (ശരീരത്തില്‍) സംയമശക്തികൊണ്ട് വസ്തുഗ്രഹണശക്തിയെ നിയന്ത്രിക്കാന്‍ കഴിയുന്നു. നോക്കുന്നവരുടെ കണ്ണുകള്‍ക്കും യോഗിയുടെ ശരീരത്തില്‍നിന്ന് പ്രതിഫലിക്കുന്ന രശ്മികള്‍ക്കും തമ്മില്‍ വിച്ഛേദമുണ്ടാകുമ്പോള്‍ യോഗിയുടെ അന്തര്‍ദ്ധാനം സംഭവിക്കുന്നു. അതായത് യോഗിയെ കാണാതാവുന്നു. തന്റെ ശരീരത്തില്‍ നിന്ന് മറ്റുള്ളവരുടെ കണ്ണുകളിലേക്ക് പ്രകാശരശ്മികള്‍ ചെല്ലാതിരിക്കത്തക്കവണ്ണം തന്റെ ശരീരത്തിനുചുറ്റും ഒരു ആകാശാവരണം സങ്കല്പശക്തികൊണ്ട് യോഗി നിര്‍മിക്കുന്നു. ഈ ആവരണം സാധാരണക്കാര്‍ക്ക് ദൃശ്യമല്ല. എന്നാല്‍ നോക്കുന്നവന്റെ കണ്ണില്‍നിന്നുവരുന്ന രശ്മിക്ക് ഈ ആവരണത്തെ ഭേദിക്കുന്നതിന് കഴിയുന്നില്ല. തന്മൂലം യോഗിയെകാണുന്നതിനും ഇത്തരക്കാര്‍ക്ക് സാദ്ധ്യമാകുന്നില്ല.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും, യുദ്ധരംഗത്തും ആവശ്യമുള്ള മറ്റുരംഗങ്ങളിലും പ്രയോഗിക്കുന്ന ഒരു സാങ്കേതികപദമാണ് കവചം. കവചമെന്ന വാക്കിന് ആവരണം, മൂടുപടം, പടച്ചട്ട എന്നീപ്രകാരം അര്‍ത്ഥങ്ങളുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍ പ്രകാശത്തെ മാത്രമല്ല കവചംകൊണ്ട് തടുക്കാവുന്നത്. ഉഷ്ണം, വിദ്യുച്ഛക്തി, ശബ്ദം, വികാരവിചാരവീചികള്‍ തുടങ്ങി പഞ്ചഭൂതസ്വാധീനതയുള്ള ഏതിനെയും മറയ്ക്കാന്‍ ഈ കവചത്തിന് കഴിവുണ്ട്. മഹാപ്രഭുവായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജീവിതത്തില്‍ സംഭവിക്കാറുള്ള അനുഭങ്ങളായിരുന്നു ഇവ.

”ഏതേന ശബ്ദാദ്യന്തര്‍ദ്ധാനമുക്തം” ഇതിനാല്‍ (ഈ സംയമത്താല്‍ അഥവാ കവചത്താല്‍) ശബ്ദം മുതലായവയുടെ അന്തര്‍ദ്ധാനവും പറയപ്പെട്ടിരിക്കുന്നു. മേലുദ്ധരിച്ച സംഭവങ്ങളുടെ പ്രാമാണികത വിശദീകരിക്കുന്ന യോഗദര്‍ശനസൂത്രങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്.

അന്തര്‍ധാനാദികളെപ്പറ്റി യോഗതത്ത്വോപനിഷത്ത് ഇങ്ങനെ പറയുന്നു.
”ഏവം ജ്ഞാനേന്ദ്രിയാണാം തു തത്തത് സൗഖ്യം സുസാധയേത്
യാമമാത്രം പ്രതിദിനം യോഗി യത്‌നാതന്ദ്രിത:
യഥാ വാ ചിത്തസാമര്‍ത്ഥ്യംജായതേ യോഗിനോ ധ്രുവം
ദൂരശ്രുതിര്‍ ദൂരദൃഷ്ടി: ക്ഷണാദൂരാഗമസ്തഥാ
വാക് സിദ്ധി കാമരൂപത്വമദൃശ്യ കരണീ തഥാ” – ജ്ഞാനേന്ദ്രിയങ്ങളുടെ വിഷയങ്ങള്‍ എത്രയുണ്ടോ അവയെല്ലാം സാധന ചെയ്ത് ഒരു യാമം വരെ അഭ്യസിക്കണം. ഇതുമൂലം യോഗിയ്ക്ക് ചിത്ത സാമര്‍ത്ഥ്യം കൂടുകയും അതോടൊപ്പം അയാള്‍ക്ക് ദൂരശ്രുതി, ദൂരദൃഷ്ടി, ക്ഷണമാത്രകൊണ്ട് ദൂരെനിന്നുമെത്തുക, വാക്‌സിദ്ധി, കാമരൂപധാരണ, അദൃശ്യകരണി ഇവ സിദ്ധമാവുകയും ചെയ്യും’.

പഞ്ചേന്ദ്രിയവ്യാപാരങ്ങളുടെ സൂക്ഷ്മതലമാണല്ലോ മനസ്സ്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന വിഷയങ്ങള്‍ സൃഷ്ടിക്കുന്ന വൈക്ലബ്യങ്ങളാണ് വിവിധതരത്തിലുള്ള ചിന്തകളായും അതിലൂടെ ഉളവാക്കുന്ന ദു:ഖമായും അനുഭവപ്പെടുന്നത്. സാധാരണമനുഷ്യന് ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംഭവിക്കും. തന്മൂലം സുഖദു:ഖങ്ങളും ജനനമരണാദികളും ആവര്‍ത്തിച്ച് സംഭവിക്കും. ഇവയില്‍നിന്ന് മുക്തമാകാനുള്ള അഭ്യാസത്തെപ്പറ്റിയാണ് ഉപനിഷത്തില്‍ കാണുന്ന മന്ത്രഭാഗം വിശദീകരിക്കുന്നത്. ഓരോ ഇന്ദ്രിയത്തിനും ഇഷ്ടമുള്ള വിഷയങ്ങള്‍ തന്റെ ആത്മാവിന്റെ സൃഷ്ടിയാണെന്നും അതില്‍നിന്ന് ശബ്ദ, സ്പര്‍ശ രൂപ, രസ, ഗന്ധരൂപേണ ഇന്ദ്രിയങ്ങളിലൂടെ അവ ബഹിര്‍ഗമനം ചെയ്യുന്നതാണ് വിഷയാസക്തിക്ക് കാരണമായിത്തീരുന്നതെന്നുമറിഞ്ഞ് അത്തരം വിഷയങ്ങളെ തന്റെ ആത്മവൃത്തിയില്‍ത്തന്നെ ലയിപ്പിക്കുകയാണ് യോഗി ചെയ്യുന്നത്.

ഭോഗ്യങ്ങളായ ബാഹ്യവസ്തുക്കളെ സമ്പൂര്‍ണമായനുഭവിച്ച് തൃപ്തിപ്പെടുത്തുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, പ്രസ്തുത വികാരവിചാരങ്ങളുടെ ഉറവിടം ബാഹ്യവസ്തുക്കളില്‍ അന്വേഷിച്ച് കണ്ടെത്താവുന്നതുമല്ല. അതുകൊണ്ടാണ് പഞ്ചേന്ദ്രിയങ്ങളില്‍ ഓരോന്നിനേയും തന്നില്‍ത്തന്നെ ലയിപ്പിക്കണമെന്ന് ഉപനിഷത്ത് ഉപദേശിക്കുന്നത്. ജീവാത്മാവിന്റെ വിഷയതലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം ആത്മാവില്‍ നിന്നന്യമായി വസ്തുതക്കളെ കണ്ടാസ്വദിക്കുന്നത് ജന്മാന്തരങ്ങള്‍കൊണ്ട് കൈവരിച്ച പരമ്പാരാഗത പരിശീലനംമൂലമാണ്. എന്നാല്‍ സാധനകൊണ്ട് അവയെ ആത്മഭാവത്തില്‍ ലയിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ യോഗിയ്ക്ക് ചിത്തസാമര്‍ത്ഥ്യം വര്‍ദ്ധിക്കുന്നു.

ദൂരശ്രുതി, ദൂരദൃഷ്ടി, ഗമനാഗമവേഗം, വാക്‌സിദ്ധി, കാമരൂപധാരണ (ഇഷ്ടമുള്ള രൂപം സ്വീകരിക്കല്‍) അദൃശ്യനാകുക എന്നീ കാര്യങ്ങള്‍ സ്വായത്തമാകുന്നു. ഹംസോപനിഷത്തിലെ സാധനാക്രമമനുസരിച്ച് യോഗപുരോഗതിയുടെ ക്രമമായ പത്ത് അനുഭവങ്ങള്‍ എട്ടാംമന്ത്രത്തില്‍ വിശദീകരിക്കുന്നു. അതില്‍ ഒന്‍പതാമത്തെ യോഗാനുഭവസിദ്ധിയായി ഉപനിഷത്ത് വിവരിക്കുന്നതുശ്രദ്ധിക്കുക. ”അദൃശ്യം നവമേ ദേഹം ദിവ്യചക്ഷുസ്തഥാളമലം”. ഒന്‍പതാമത്തെ നാദപ്രഭാവത്തില്‍ അമലമായ ശരീരത്തെ അദൃശ്യമാക്കുവാനുള്ള വിദ്യയും ദിവ്യദൃഷ്ടിയും ലഭിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം