രാമനാപം ജപിക്കുന്ന ശ്രീമഹാദേവന്‍

August 9, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 21)

രാമനാപം ജപിക്കുന്ന ശ്രീമഹാദേവന്‍

ഉമാവല്ലഭനും, കാമനാശനനും മഹേശ്വരനും, പരമേശ്വരനും സര്‍വേശ്വരനുമായ ശ്രീമഹാദേവന്‍ സദാകാലവും ജപിക്കുന്ന മന്ത്രമാണു രാമനാമം. ശ്രീരാമചന്ദ്രനാമത്തിന്റെ മഹിമാവിനെ അതു പ്രകടമാക്കുന്നു. അതോടൊപ്പം രാമനും ശിവനും ആരാണെന്നറിയാനും അവസരമൊരുക്കുന്നു. ത്രിമൂര്‍ത്തികളായ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരും മുപ്പത്തിമുക്കോടി ദേവന്മാരും ഒരേ ഒരു ഈശ്വരന്റെ ഭിന്ന ഭാവങ്ങള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യത്തെ സ്പഷ്ടമാക്കുന്നതിലാണു അതു കലാശിക്കുന്നത്. ഇതിഹാസപുരാണാദികളില്‍ കാണപ്പെടുന്ന ദേവന്മാരുടെ ബാഹുല്യം പലപ്പോഴും പലരെയും പരിഭ്രമിപ്പിക്കാറുണ്ട്. അവര്‍ ആരാണ്?  അവര്‍ തമ്മിലുള്ള ബന്ധമെന്താണ്? അവര്‍ എവിടെ കൂടികൊള്ളുന്നു? അവര്‍ ഓരോരുത്തരും എന്തുചെയ്യുന്നു മുതലായ ചോദ്യങ്ങളാണു പലരെയും അലട്ടുന്നത്.ഇത്തരം സംശയങ്ങള്‍ക്കു ഉത്തരം കിട്ടാതെ വിഷമിക്കുന്നവരും ഹിന്ദു സങ്കല്പങ്ങളെ ആക്ഷേപിക്കാനുള്ള ഉപകരണമായി ഇതിനെ വിനിയോഗിക്കുന്നവരും ഇന്നു ധാരാളമുണ്ട്. മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം സമാധാനമേകാന്‍ പോന്ന ഹൈന്ദവ ദേവതാതത്ത്വമാണ് ശ്രീരാമനാമമതാരതം ജപിക്കുന്ന ശ്രീ മഹാദേവനെ വന്ദിച്ചുകൊണ്ടു എഴുത്തച്ഛന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ഇതിഹാസ പുരാണപ്രസിദ്ധവും ഐതിഹ്യ പ്രസിദ്ധവും ക്ഷേത്രസങ്കല്പാദിസിദ്ധവുമായ ദേവതാ ഭാവങ്ങളൊന്നും തന്നെ വ്യക്തികളല്ല. മറിച്ച് വേദോപനിഷത് പ്രസിദ്ധമായ മാറ്റമില്ലാത്ത പ്രപഞ്ചസത്യങ്ങളാകുന്നു. പ്രസ്തുത തത്ത്വങ്ങള്‍ അതി സൂക്ഷ്മങ്ങളാകയാല്‍ സാധാരണര്‍ക്കു ദുര്‍ഗ്രഹമായിരിക്കുമെന്ന് നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആര്‍ക്കും അതു മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി പരമകാരുണികരായ ഋഷിമാര്‍ ശാസ്ത്രത്തെയും സ്വാനുഭൂതിയെയുമവലംബിച്ചു കല്പിച്ച തത്ത്വസ്വരൂപങ്ങളാണു ദേവതമാര്‍. അവരുമായി ബന്ധപ്പെട്ടു ഇതിഹാസ പുരാണാദികള്‍ വിവരിക്കുന്ന കഥകളും അതേവിധം തത്ത്വപ്രതിപാദകമാകുന്നു. ”ഇതിഹാസ പുരാണാഭ്യാം വേദം  സമുപബൃംഹയേത്” എന്ന വ്യാസവചനം നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്. ഇതിഹാസ പുരാണങ്ങളാല്‍ വേദാര്‍ത്ഥത്തെ വിശദീകരിക്കണമെന്ന് വ്യാസഭാരതത്തിലെ ആദിപര്‍വത്തിലുള്ള പ്രസ്തുത വാക്യത്തിനര്‍ത്ഥം. ഇന്ദ്രിയഗ്രാഹ്യമായ രൂപമില്ലാത്ത വേദാര്‍ത്ഥത്തിനു ഇന്ദ്രിയ സംവേദ്യമായ ആകൃതിപകര്‍ന്നതാണു ഇതിഹാസപുരാണാദികള്‍. ദേവതമാരുള്‍പ്പെടെ അതില്‍കാണുന്ന കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ വേദങ്ങളിലെത്തിച്ചേരും. അവരുടെ രൂപവും വേഷാഭരണാദികളും പ്രവൃത്തികളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് അതില്‍ പ്രകാശമാകുന്നു. അവരുടെ പേരുകളും ആയുധങ്ങളും വാഹനങ്ങളുമെല്ലാം അങ്ങനെതന്നെ.

വൈവിദ്ധ്യമാര്‍ന്ന ആകൃതികളോടെയും വൈചിത്ര്യമാര്‍ന്ന സ്വാഭാവവിശേഷങ്ങളോടെയും ഈ ലോകത്തില്‍ ജീവനുള്ളവയും ജീവനില്ലാത്തവയുമായി നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നവ സമസ്തവും ഒരേ ഒരു സത്യത്തിന്റെ വിവിധാവിഷ്‌കാരങ്ങള്‍ മാത്രമാണെന്നതാണ് വേദങ്ങളുടെ അടിസ്ഥാനസന്ദേശം. ”ഈശാവാസ്യമിദം സര്‍വം യത് കിംച ജഗത്യാം ജഗത്” എന്ന് ഈശാവാസ്യോപനിഷത്തിലെ പ്രഥമമന്ത്രം തന്നെ ഇക്കാര്യം വിളിച്ചോതുന്നു. ഈ ലോകത്തില്‍ ജഗത്തായി – ജീവനുള്ളവയും ജീവനില്ലാത്തവയുമെല്ലാം അതില്‍പെടും – കാണപ്പെടുന്നവയെല്ലാം ഈശനാല്‍ അകവും പുറവും നിറഞ്ഞിരിക്കുന്നു. ഈശനല്ലാതെ രണ്ടാമതൊരുവസ്തുവില്ല. ഇക്കാണായ എല്ലാ ആകൃതികളും പ്രകൃതികളും ഈശന്റേതാകയാല്‍ ഈശന് ഏതെങ്കിലും ഒരു പ്രത്യേക ആകൃതിയോ പ്രകൃതിയോ (സ്വഭാവമോ) ഉണ്ടെന്നു പറയാനാവുകയില്ല. അഥവാ പറയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഏതു ആകൃതിയും അദ്ദേഹത്തിന്റെതായി സ്വീകരിക്കപ്പെടാം. ഏതു പ്രകൃതിയും അദ്ദേഹത്തിന്റെതായി കരുതപ്പെടാം. ഇങ്ങനെ ഒരേസമയം ആകൃതിയില്ലാത്തവനും ആകൃതികളുള്ളവനുമാണദ്ദേഹം. നിരാകാരനെന്നും സാകാരനെന്നും വേദാന്തത്തിന്റെ സാങ്കേതികഭാഷയില്‍ യഥാക്രമം ഇതിനെ പറയുന്നു.

ശബ്ദസ്പര്‍ശ രൂപരസഗന്ധങ്ങള്‍ക്ക് അതീതനാണ് ഈശന്‍ എന്ന് മേലില്‍ പ്രസ്താവിക്കും. അങ്ങനെ ശബ്ദാതീതനാകയാല്‍ ഈശന് ഒരു പേരുമില്ല. പേരിടുക സാദ്ധ്യവുമല്ല. ഈശന്‍ എന്നു എവിടെ പറഞ്ഞുവച്ചിരിക്കുന്നതുപോലും  വേറേ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ഒരു വാക്കും പറയാതെ ആശയനിവേദനം സാദ്ധ്യമല്ലല്ലൊ. അങ്ങനെ വ്യവഹാരസൗകര്യത്തിനായി പേരിടണമെന്നു വന്നാല്‍ ഏതുപേരു വേണമെങ്കിലും ഈശനു കല്പിക്കപ്പെടാം. ഈ ലോകത്തു സാദ്ധ്യമായ ഏതുപേരും ഭഗവാന്റെ പേരാകുന്നു. അവരവര്‍ക്കിഷ്ടമുള്ള പേര് വിളിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. സഹസ്രനാമസ്‌തോത്രങ്ങളും നാമാവലികളും ഭഗവാന്മാര്‍ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്. ആയിരം നാമങ്ങളാണ് അവയിലെല്ലാം കാണുക. എന്നാല്‍ സഹസ്രശബ്ദത്തിനു ആയിരമെന്നു മാത്രമല്ല എല്ലാം എന്നും അര്‍ത്ഥമുണ്ട്. സകലനാമങ്ങളും ഈശന്റെ നാമമാണെന്നു സാരം. എന്നാല്‍ ജീവിതത്തിന്റെ തിരക്കിനിടയില്‍ എല്ലാ പേരുകളും ചൊല്ലക സാദ്ധ്യമല്ലാത്തതുകൊണ്ട് അക്കൂട്ടത്തില്‍ നിന്നു ആയിരമെണ്ണം തെരഞ്ഞെടുത്ത് ജപത്തിനും അര്‍ച്ചനയ്ക്കുമായി ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നവയാണു സഹസ്രനാമങ്ങള്‍.

ലോകത്തിനു മുഴുവന്‍ ആധാരമായി ഈശാവാസ്യോപനിഷത്ത് പരിചയപ്പെടുത്തിത്തരുന്ന പേരോ രൂപമോ ഇല്ലാത്ത ഈശന് ഇതിഹാസപുരാണങ്ങള്‍ കല്പിച്ചിരിക്കുന്ന പേരുകളാണ് രാമന്‍, കൃഷ്ണന്‍, വിഷ്ണു, ശിവന്‍, ശങ്കരന്‍,  ശാസ്താവ് മുതലായവ. ഭദ്രകാളി, പാര്‍വതി, ദുര്‍ഗ്ഗ, മഹാലക്ഷ്മി, സരസ്വതി മുതലായ നാമങ്ങളും അങ്ങിനെതന്നെ. വിഷ്ണുതന്നെയാണു ശിവന്‍ അതേപോലെ ശിവന്‍ തന്നെയാണു വിഷ്ണു. അതിനാല്‍ ശിവസഹസ്രനാമത്തില്‍ വിഷ്ണുശബ്ദവും അതിന്റെ പ്രസിദ്ധമായ പര്യായപദങ്ങളും അണിനിരക്കുന്നതുകാണാം. അതേവിധം വിഷ്ണു സഹസ്രനാമത്തില്‍ ഓം ശിവായ നമഃ ഓം ശങ്കരായ നമഃ എന്നെല്ലാം പ്രസിദ്ധമായ ശിവപര്യായങ്ങള്‍ പ്രയോഗിച്ചും കാണാം. സഹസ്രനാമം ജപിക്കുന്നവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇതെങ്ങനെ വന്നു എന്നു ചിന്തിക്കാറുള്ളു. അന്വേഷിച്ചാല്‍ ഉടന്‍ വേദാന്ത്യവിദ്യ വെളിവായികിട്ടും സംശയമേ വേണ്ട.

ജഗദാധാരമായ ഈശന്‍ മൂന്നുകാലത്തും മാറ്റമില്ലാതെ നിലനില്ക്കുന്നവനാണ്. അതിനാല്‍ സത്യമാണ്. അദ്ദേഹം ജ്ഞാനസ്വരൂപമാകയാല്‍ ചിത്താണ്. അലൗകികാഹ്ലാദമാകയാല്‍ ആനന്ദമാണ്. ലോകാകൃതിയില്‍ വികസിക്കുന്നവനാകയാല്‍ ബ്രഹ്മമാണ്. പ്രപഞ്ചത്തിന്റെ ചൈതന്യസത്തയാകയാല്‍ ആത്മാവെന്നും പരമാത്മാവെന്നും പറയപ്പെടുന്നു. ജീവജാലങ്ങളുടെ ആനന്ദമാകയാല്‍ ഈശന്‍ രാമനാണ്. എങ്ങും വ്യാപിച്ചുനില്‍ക്കുന്നവനാകയാല്‍ വിഷ്ണുവാണ്. സത്യവും ആനന്ദവുമാകയാല്‍ കൃഷ്ണനാണ്. മംഗളസ്വരൂപനാകയാല്‍ ശിവനാണ്. മംഗളത്തെ ചെയ്യുന്നവനാകയാല്‍ ശങ്കരനാണ്. ധര്‍മ്മത്തെ പഠിപ്പിക്കുന്നവനാകയാല്‍ ധര്‍മ്മശാസ്താവാണ്. കാമനെ സംഹരിച്ചവനാകയാല്‍ കാമനാശനനാണ്. ത്രിമൂര്‍ത്തികള്‍ക്കും മുപ്പത്തിമുക്കോടി ദേവന്മാര്‍ക്കുമെല്ലാം അധീശനാകയാല്‍ പരമേശ്വരനാണ്.

ഇങ്ങനെ മേല്‍പ്പറഞ്ഞ പേരുകളെല്ലാം വ്യക്തമാക്കുന്നത് ഈശനെന്നു ഈശാവാസ്യോപനിഷത്തും, ബ്രഹ്മമെന്ന് ബൃഹദാരണ്യകോപനിഷത്തും ഓങ്കാരമെന്ന് മാണ്ഡുക്യോപനിഷത്തും വ്യക്തമാക്കുന്ന സച്ചിദാനന്ദസ്വരൂപത്തെയാണ്. അതിന്റെ പേരുകളും ആകൃതികളും മാത്രമേ ഈ ജഗത്തില്‍ പേരുകളായും ആകൃതികളായുമുള്ളു. അതിനാല്‍ മഹാദേവന്‍ ഏതുവാക്ക് ഉച്ചരിച്ചാലും അതിനര്‍ത്ഥം രാമന്‍ അഥവാ ഈശന്‍ എന്നായിരിക്കും. ശ്രീരാമന്‍ ആരെപ്പൂജിച്ചാലും അതിനര്‍ത്ഥം ശിവന്‍ അഥവാ രാമേശ്വരനെന്നായിരിക്കും. രാമനും ശിവനും രണ്ടല്ലെന്നു ചുരുക്കം ഇതറിഞ്ഞുപാസിക്കുമ്പോഴാണ് ശിവന്റെ അനുഗ്രഹം പൂര്‍ണ്ണമായും കിട്ടുക.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം