കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

August 9, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തു കാര്‍ഷിക-മൃഗസംരക്ഷണ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷി മന്ത്രി കെ.പി മോഹനനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ സജി മാത്യുവിനാണ്. മികച്ച കേരകര്‍ഷകനുള്ള കേരകേസരി അവാര്‍ഡിന് പാലക്കാട് ജില്ലയിലെ ബിജു ജോസഫ് അര്‍ഹനായി. രണ്ടുപേര്‍ക്കും ഒരു ലക്ഷം രൂപവീതം അവാര്‍ഡ് തുക ലഭിക്കും.

യുവകര്‍ഷകനുള്ള അവാര്‍ഡ് രണ്ടു പേര്‍ പങ്കിട്ടു. വയനാട് ജില്ലയിലെ മാനന്തവാടി ആറാട്ടുതറ ആര്യപ്പിള്ളില്‍ നിര്‍മാല്യത്തില്‍ ഡിഗോള്‍ തോമസും മലപ്പുറം ജില്ലയിലെ വലക്കുളം വെണ്ണിയൂര്‍ വെല്ലത്തുമാട്ടില്‍ വി.എം. മുഹമ്മദ് റാഫിയുമാണ് അവാര്‍ഡ് പങ്കിട്ടത്. ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക.

സംസ്ഥാനത്തെ മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതിക്കു നല്‍കുന്ന നെല്‍ക്കതിര്‍ അവാര്‍ഡ് തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തിലെ ചേന്നം തരിശു പടവ് പാടശേഖര സമിതിക്കാണ്. രണ്ടു ലക്ഷം രൂപ, സ്വര്‍ണ മെഡല്‍, ഫലകം, പ്രശസ്തിപത്രം എന്നിവയാണ് അവാര്‍ഡ്.

മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡിന് ആലപ്പുഴ ജില്ലയിലെ സി. ഹരിഹരന്‍ അര്‍ഹനായി. ഒരു ലക്ഷം രുപയാണ് അവാര്‍ഡ് തുക. കൃഷി അനുബന്ധ മേഖലകളില്‍ മികച്ച വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഉദ്യോഗസ്ഥനു നല്‍കുന്ന കര്‍ഷകമിത്ര അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ കടലുണ്ടി കൃഷിഭവനിലെ കൃഷി ഓഫീസറായ കെ.എം. വിശ്വരാജിനാണ്. 25000 രൂപയും സ്വര്‍ണമെഡലുമാണ് അവാര്‍ഡ്.

കൃഷി മേഖലയിലെ മികച്ച ശാസ്ത്രജ്ഞര്‍ക്കുള്ള കൃഷി വിജ്ഞാന്‍ അവാര്‍ഡ് രണ്ടു പേര്‍ക്കു ലഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളജിലെ പ്ലാന്റ് ബ്രീഡിംഗ് ആന്‍ഡ് ജനറ്റിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ: ടി. വനജയ്ക്കും വയനാട് പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സിലെ പാരസൈറ്റോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ: രഘു രവീന്ദ്രനുമാണ് അവാര്‍ഡ് ലഭിച്ചത്. 25000 രൂപയും സ്വര്‍ണമെഡലുമാണ് അവാര്‍ഡ്. മികച്ച കര്‍ഷക തൊഴിലാളിക്ക് നല്‍കുന്ന അവാര്‍ഡ് പാലക്കാട് ജില്ലയിലെ ഇ.വി. ജയപ്രസാദിനാണ്. 25000 രൂപയാണ് അവാര്‍ഡ് തുക.

മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തനത്തിനുള്ള കര്‍ഷകഭാരതി അവാര്‍ഡ് അഗ്രിക്കള്‍ച്ചറല്‍ പിപിഎം സെല്ലിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറായ സീമ ദിവാകരനും കാസര്‍ഗോഡ് ജില്ലയിലെ കാര്‍ഷിക കോളജ് പ്രഫസറായ ഡോ: ജോസ് ജോസഫും പങ്കിട്ടു. 25000 രൂപയാണ് അവാര്‍ഡ് തുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം