സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു

August 10, 2012 കേരളം

2010-2011 ലെ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്യുന്നു

തിരുവനന്തപുരം: 2010-2011 ലെ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.  ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാനുളള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.  സെപ്റ്റംബറില്‍ നടക്കുന്ന എമര്‍ജിംഗ് കേരള ടൂറിസം രംഗത്ത്  വന്‍കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

പരിമിതികള്‍ അതിജീവിച്ച് കേരളത്തിന്റെ ടൂറിസം മേഖല മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.  വകുപ്പിന്റെ പ്‌ളാന്‍ ഫണ്ട് 101 കോടിയില്‍ നിന്ന് 180 കോടി രൂപയായി മാറിയിരിക്കുകയാണ്.  ഈമേഖലയിലെ ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍  പരിഹരിച്ച് മുന്നേറുവാന്‍  സ്വകാര്യ സംരംഭകരുടെയും പൊതുജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  അടുത്ത വര്‍ഷംമുതല്‍ ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് തന്നെ ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ടൂറിസം സെക്രട്ടറി സുമന്‍ ബില്ല സ്വാഗതം ആശംസിച്ച ചടങ്ങില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ്,  കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

ടൂറിസം രംഗത്തെ മികവിനുളള   22 അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.  മികച്ച ഇന്‍ബൗണ്ട്  ടൂര്‍  ഓപ്പറേറ്റര്‍ അവാര്‍ഡ് കൊച്ചിയിലെ ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സും ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡ് തിരുവനന്തപുരത്തെ ഗ്രേറ്റ് ഇന്ത്യാ ടൂര്‍ കമ്പനിയും നേടി.  കുമരകത്തെ കോക്കനട്ട് ലഗൂനാണ് ഏറ്റവും നല്ല ഹെറിറ്റേജ് ഹോട്ടല്‍.  മികച്ച ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലിനുളള അവാര്‍ഡ് കൊച്ചിയിലെ ലെ മെറിഡിയനും ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുളള അവാര്‍ഡുകള്‍ക്ക് യഥാക്രമം കൊച്ചിയിലെ ഗേറ്റ് വേയും, കുമരകത്തെ വിവന്താ ബൈ ടാജും അര്‍ഹരായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം