നിരോധിക്കപ്പെട്ട സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു: എന്‍.ഐ.എ

August 11, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം:  നിരോധിക്കപ്പെട്ട മുസ്ലീം തീവ്രവാദ സംഘടനകള്‍ കള്ളപ്പേരുകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). തിരുവനന്തപുരത്ത് നടക്കുന്ന എന്‍ ഐ എയുടെ മൂന്നാമത് സൗത്ത് സോണ്‍ കോര്‍ഡിനേഷന്‍ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിമിയെ പോലുള്ള നിരോധിത സംഘടനകളാണ് കള്ളപ്പേരുകളില്‍ വടക്കന്‍ ജില്ലകളായ കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ കള്ളപ്പേരുകളില്‍ രഹസ്യ പ്രവര്‍ത്തനം നടത്തുന്നത്. മാവോവാദികളുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എന്‍.ഐ.എ പറയുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഈ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട് വിപുലമായ ഭീകരവിരുദ്ധ നടപടികള്‍ കൈക്കൊള്ളണമെന്നും എന്‍ ഐ എ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍ ആര്‍ വാസന്‍ പറഞ്ഞു.

നിരോധിത സംഘടനയായ സിമി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ മറ്റു പേരുകളില്‍ പ്രവര്‍ത്തിക്കുന്നതായി മനസിലാക്കിയിട്ടുണ്ടെന്നും വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും  യോഗം ഉദ്ഘാടനം ചെയ്ത കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സി.ബി.ഐ, ആര്‍.ബിഐ, സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റ്, റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം