സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റു

August 12, 2012 കേരളം

തിരൂര്‍: തിരൂരിനടുത്ത് ഒഴൂരില്‍ സി.പി.എം. പ്രവര്‍ത്തകനും ഒഴൂര്‍ പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായ ബാലകൃഷ്ണന് (35) വെട്ടേറ്റു. ബൈക്കിലെത്തിയ അഞ്ചംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.   പുലര്‍ച്ചെ 5.45 ന് പത്രവിതരണത്തിന് പോകുമ്പോഴാണ് വെട്ടേറ്റത്

കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒഴൂരില്‍ നിന്ന് അയ്യാല്‍ എന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേത് എന്ന് സംശയിക്കുന്ന ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സമീപത്തെ ചില വീടുകളിലും താനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി. സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം