വേദജ്ഞോത്തമന്മാര്‍ മാഹാത്മ്യങ്ങള്‍

August 14, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 24)

വേദജ്ഞോത്തമന്മാര്‍ മാഹാത്മ്യങ്ങള്‍

അനന്തമാണ് വേദജ്ഞോത്തമന്മാരുടെ മാഹാത്മ്യം. അതു വര്‍ണ്ണിച്ചു കേള്‍പ്പിക്കാന്‍ ആയിരം നാവുള്ള അനന്തനുപോലും പ്രയാസമാണ്. അതിനാല്‍ അവരെ നമസ്‌ക്കരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. വേദമറിയുന്നവരാണ് വേദജ്ഞര്‍. ജ്ഞാനസ്വരൂപനായ പരമാത്മാവിന്റെ ജ്ഞാനമാണ് വേദമായി ബ്രഹ്മാവിന്റെ നാലുമുഖങ്ങളിലൂടെ ബഹിര്‍ഗമിച്ചത്. ഇപ്പോഴും ആ പ്രക്രിയ അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനെ അറിഞ്ഞവന്‍  വേദജ്ഞന്‍  അതായിത്തീരുന്നു. ശ്രീരാമനെ അറിയുന്നതു മറ്റുപദാര്‍ത്ഥങ്ങളെ അറിയുന്നതുപോലെ ത്രിപുടീസഹിതമായിട്ടാകരുതെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമറിവ് തുടക്കംമാത്രമേ ആകുന്നുള്ളൂ.

തന്നില്‍നിന്ന് അന്യമായ മറ്റൊന്നായി മനസ്സിലാക്കുന്നതിനാണു ത്രിപുടീസഹിതമായ അറിവെന്നുപറയുന്നത്. അവിടെ അറിയുന്നവനും അറിയപ്പെടുന്ന പദാര്‍ത്ഥവും അതിനെപ്പറ്റിയുള്ള അറിവും മൂന്നായി നില്ക്കുന്നു. അവ ഒന്നായി ത്തീരുന്ന അറിവാണു ത്രിപുടീരഹിതമായ അറിവ്. അവിടെ രാമനും ഭക്തനും രാമനെപ്പറ്റിയുള്ള അറിവും ഒന്നായിരിക്കുന്നു. ഇതാണു ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മമായിത്തീരുന്നു എന്നു പറയുന്നതിനു കാരണം. ബ്രഹ്മം അനാദി അനന്തമാണ്. ബ്രഹ്മത്തിന്റെ മഹിമയും അങ്ങനെ തന്നെ. അതു ഒരേസമയം അണുവിനെക്കാള്‍ അണുവും മഹത്തിനെക്കാള്‍ മഹത്തുമാണെന്നു കഠോപനിഷത് വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മത്തിന്റെ അഥവാ വേദത്തിന്റെ പ്രത്യക്ഷജ്ഞാനം നേടി ഐക്യം പ്രാപിച്ച വേദജ്ഞോത്തമന്റെ മഹിമാവും അങ്ങനെതന്നെ. ആ മാഹാത്മ്യശേഖരം വര്‍ണ്ണനാതീതമാണ്.

ബ്രഹ്മശ്രീനീലകണ്ഠഗുരുപാദരെ കണ്ടിട്ടുള്ളവര്‍ക്ക് എഴുത്തച്ഛന്റെ ഈ വാക്കുകളുടെ സാംഗത്യം എളുപ്പം പിടികിട്ടും. ശബരിമലതീര്‍ത്ഥാടനത്തിനുപോകുന്ന ആശ്രമബന്ധുക്കളായ ഭക്തജനങ്ങളില്‍ പലരും ആശ്രമത്തില്‍ വന്നു കെട്ടുനിറച്ചു മലക്കുപോകാറുണ്ട്. ചിലര്‍ കെട്ടുനിറച്ചശേഷം അതുമെടുത്ത് ആശ്രമത്തിലെത്തി ദര്‍ശനം കഴിച്ചുമലയ്ക്കുപോകും. നീലകണ്ഠഗുരുപാദര്‍ ഒരിക്കല്‍ ഒരു സംഘം അയ്യപ്പഭക്തന്മാരോട് എടോ ഞങ്ങളും കൂടി വരുന്നുണ്ട് കേട്ടോ എന്നു പറഞ്ഞയച്ചിരുന്നു. ഇന്നത്തെപോലെ തിക്കും തിരക്കുമൊന്നുമില്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കാട്ടുമൃഗങ്ങളുടെ ശല്യവും അക്കാലത്തു ധാരാളമായിരുന്നു.

ആശ്രമത്തിലെത്തി ദര്‍ശനം കഴിച്ചു പുറപ്പെട്ടവര്‍ വലിയാനവട്ടത്തെത്തി രാത്രി വിശ്രമത്തിനായി വിരിവച്ചു. അര്‍ദ്ധരാത്രിയോടെ കാട്ടിനുള്ളില്‍ ഒരു ഞെരിപ്പുകേട്ട് എല്ലാപേരും ഉണര്‍ന്നു ഉറക്കെ ശരണം വിളിച്ചും തകരപ്പാട്ടയില്‍ ശബ്ദമുണ്ടാക്കലും ആരംഭിച്ചു. അതുകേട്ട് ഭയന്ന കാട്ടുമൃഗങ്ങള്‍ ചിതറിയോടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. പക്ഷേ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊട്ടന്‍ കടുവമാത്രം പിന്തിരിഞ്ഞോടാതെ വിരികളുടെ നേരേനീങ്ങി. പെട്ടെന്ന് അവിടെ എടുത്തുചാടിയ ഒരു വലിയകടുവ അവനുമായി കടിപിടിയായി. പൊട്ടന്‍ കടുവയെ ആ ഭീമാകാരന്‍ മറിച്ചിട്ടു. തുടര്‍ന്നു രണ്ടും കാട്ടിനുള്ളിലേക്ക് ഓടിക്കയറി. ഭക്തജനങ്ങള്‍ക്കു ശ്വാസംവീണത് അതിനുശേഷമായിരുന്നു.

ദര്‍ശനം കഴിഞ്ഞു മടങ്ങി ആശ്രമത്തിലെത്തുമ്പോള്‍ അവര്‍ക്കു മുഖ്യമായും പറയാനുണ്ടായിരുന്നത് ഈ സംഭവമായിരുന്നു. ഗുരുപാദര്‍ അതുകേട്ടു പുഞ്ചിരിതൂകിക്കൊണ്ട് ഇങ്ങനെ സമാധാനിപ്പിച്ചു. ‘അവരാരും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നില്ലല്ലോ. കണ്ടപ്പോള്‍ ഓടിമറഞ്ഞതല്ലേയുള്ളൂ. ‘കാലം കുറച്ചുകഴിഞ്ഞു. ഒരു നാള്‍ ഒരു യോഗിവര്യന്‍ സ്വാമിജിയെക്കാണാന്‍ ആശ്രമത്തില്‍വന്നു. യൂറോപ്യന്മാര്‍ക്കിണങ്ങുന്ന വേഷവിധാനങ്ങളില്‍ ഒരു പച്ചപ്പരിഷ്‌ക്കാരിയെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഒരു യോഗിക്കുമാത്രമേ വേറൊരു യോഗിയെ അറിയാന്‍പറ്റൂ.

ലോകോപകാരപ്രദമായി താന്‍ പ്രയോഗിക്കാറുള്ള സിദ്ധികള്‍ മറ്റാരുമറിയരുതെന്ന് പ്രശസ്തി ആഗ്രഹിക്കാത്ത ഗുരുപാദര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ എത്രയും വേഗം  ഗുരുപാദര്‍ പറഞ്ഞുവിടുന്നതിനിടയ്ക്ക് അതിഥിയായ യോഗി ചെയ്ത ചില പരാമര്‍ശങ്ങളില്‍ നിന്നാണ് പൊട്ടന്‍കടുവയോടു കടികൂടിയ വലിയ കടവു ആരാണെന്ന് ആശ്രമത്തില്‍ കൂടി നിന്നവര്‍ക്കു പിടികിട്ടിയത്. അക്കാര്യം അവര്‍ ഗുരുപാദരോടുതന്നെ ചോദിച്ചപ്പോള്‍ അജ്ഞത നടിച്ചുകൊണ്ട് ആ മഹാനുഭാവന്‍ ഇങ്ങനെപറഞ്ഞു.  ‘എടോ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അവന്‍ വല്ല കള്ളവും പറഞ്ഞിട്ടുപോയതായിരിക്കും. ദാണ്ടെ പോയവരൊക്കെ നില്പുണ്ട്. അവരോട് ചോദിക്ക്’. അതെ വേദജ്ഞോത്തമന്മാരുടെ മാഹാത്മ്യങ്ങള്‍ അനന്തമാണ്. അതറിയുക സാധാരണര്‍ക്കു ദുഷ്‌കരം തന്നെ. രക്ഷിക്കേണ്ടുന്നവരെ വളരെ വിദൂരങ്ങളിലിരുന്നുകൊണ്ടുതന്നെ രക്ഷിക്കാന്‍ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല. കാലദ്ദേശങ്ങളുടെ അകലങ്ങള്‍ ആത്മസാക്ഷാത്കാരം നേടിയവരുടെ മുന്നില്‍ കൊഴിഞ്ഞുപോകുന്നു.

ലോകത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ഭഗവാനാണ്. അതിലേക്കായി ബ്രഹ്മവിഷ്ണു രുദ്രന്മാരായി-ത്രിമൂര്‍ത്തികളായി-അദ്ദേഹം ഭവിക്കുന്നു. ഇതിനെല്ലാം ആസ്പദം ജ്ഞാനം അഥവാ വേദമാകുന്നു. അറിവില്ലാത്ത നിസ്സാരകാര്യങ്ങള്‍പോലും ചെയ്യാനാവികുയില്ലെന്നു പ്രസിദ്ധമാണല്ലോ. ആ നിലയ്ക്കു സൃഷ്ട്യാദികള്‍ക്കു അറിവു അനുപേക്ഷണിയമാണെന്നുപറയേണ്ടതില്ല. പൂര്‍ണ്ണമായ അറിവാണ് അതിലേക്ക് വേണ്ടത്. അതിനാല്‍ വേദം ഭഗവാനുപോലും ആരാധനീയമായിരിക്കുന്നു. വേദത്തെ മനുഷ്യലോകത്തില്‍ നിലനിര്‍ത്തുന്നവരാണ് വേദജ്ഞന്മാര്‍. അവരുടെ വാക്കുകളും ചിന്തകളും പ്രവൃത്തിയും വേദാര്‍ത്ഥത്തിന്റെ വിപുലീകരണമായിരിക്കും. ആ രീതിയിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാകാലത്തും എല്ലാജാതികളിലുമുണ്ടായിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ക്കുമുമ്പു കേരളക്കരയില്‍ ജീവിച്ചു ചിലപ്പതികാരമെന്ന കാവ്യഗ്രന്ഥം നമുക്കുനല്‍കിയ ചേരരാജകുമാരനായ ഇളകോ അടികള്‍ അത്തരമൊരു വ്യക്തിത്വമാണ്. തന്റെ യൗവനത്തില്‍ അച്ഛന്‍ വിരാജിക്കുന്ന രാജസഭയില്‍വച്ച് ജ്യേഷ്ഠനായ ചേരന്‍ ചെങ്കുടുവന്‍ ജീവിച്ചിരിക്കെ താന്‍ ചക്രവര്‍ത്തിയാകുമെന്ന് ജ്യോതിഷി പ്രവചിച്ചത് സഹിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഭീമന്റേതുപോലെ അത്യുഗ്രപ്രതിജ്ഞയായിരുന്നു അന്നു ഇളങ്കോ കൈക്കൊണ്ടത്. സിംഹാസനം കൈയേല്‍ക്കില്ലെന്നും നിത്യബ്രഹ്മചാരിയായി കഴിയുമെന്നുമായിരുന്നു ആ നിശ്ചയം. വേദം ഇളങ്കോയിലൂടെ പ്രകാശിക്കുന്നതു ലോകം അന്നു കണ്ടു. ചിലപ്പതികാരത്തിന് ഇത്രയേറെ വശ്യതയും മാഹാത്മ്യവും കൈവന്നത് അദ്ദേഹത്തിന്റെ വേദജ്ഞതമൂലമാണ്. എഴുത്തച്ഛനുസമകാലീനരായി പൂന്താനം നമ്പൂതിരി, മേല്പത്തൂര്‍ നാരായണഭട്ടതിരി, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി തുടങ്ങിയ വേദജ്ഞര്‍ പലരുണ്ട്. ഭാരതീയ േവദാന്തശാസ്ത്രത്തിന്റെ പരമാചാര്യനായ ശ്രീശങ്കരാചാര്യസ്വാമികള്‍ പ്രപഞ്ചത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉയരങ്ങളില്‍ നില്‍ക്കുന്നു. അണ്ണാവൈകുണ്ഠസ്വാമികള്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും ശുഭാനന്ദഗുരുദേവനും ആഗമാനന്ദസ്വാമികളും ആധുനിക കാലത്തിനുപ്രകാശം പകര്‍ന്ന വേദജ്ഞരാണ്. ചട്ടമ്പിസ്വാമികളെഴുതിയ വേദാധികാരനിരൂപണവും അതിനെപ്പറ്റി നടരാജഗുരുവിന്റെ അഭിപ്രായവും വായിച്ചുകൊള്‍ക.

വേദജ്ഞന്മാരുടെ വാക്കുകളും പ്രവൃത്തിയും ത്രിമൂര്‍ത്തികള്‍ പോലും മാനിക്കുന്നു. ഭൃഗുമഹര്‍ഷിയുടെ കാല്പാടിനെയാണ് തന്റെ ആഭരണങ്ങളില്‍വച്ച് പരമശ്രേഷ്ഠമായി മാനിച്ച് മഹാവിഷ്ണു സ്വന്തംമാറില്‍ ധരിച്ചിരിക്കുന്നത്. അതിഥിയെ കണ്ടിട്ടും യോഗനിദ്രതുടരുന്ന ഭഗവാനോട് കയര്‍ത്ത് ഭൃഗു അദ്ദേഹത്തിന്റെ തിരുമാറില്‍ തൊഴിച്ചതിന്റെ പാടാണ് ഭഗവാന് പ്രിയപ്പെട്ട ശ്രീവത്സം. വേദജ്ഞന്മാരുടെ മഹത്വം അതില്‍നിന്നു ഗ്രഹിക്കാം. എത്രവര്‍ണ്ണിച്ചാലും തീരാത്തവിധം അവരുടെ അപദാനങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. അതിനാല്‍ വേദജ്ഞാനത്തിന്റെ ജീവിക്കുന്ന മാതൃകകളായ ആ മഹാത്മാക്കളെ നമിക്കുകയാണു വേണ്ടത്. അതുകൊണ്ടുധന്യത കൈവരുന്നത് നമുക്കുതന്നെയാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം