ലാവ്‌ലിന്‍: കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തണമെന്ന പിണറായിയുടെ ആവശ്യം കോടതി തള്ളി

August 16, 2012 കേരളം

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ വേഗത്തിലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യം തിരുവനന്തപുരം സിബിഐ കോടതി തള്ളി. കേസില്‍ പ്രതിയായ ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്‌ളോസ് ട്രെന്‍ഡലിനെ പിടികൂടാന്‍ വൈകുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി ആവശ്യം മുന്നോട്ടുവച്ചത്. കോടതിയില്‍ ഹാജരായിട്ടുള്ളവരുടെയും അല്ലാത്തവരുടെയും കേസുകള്‍ രണ്ടായി വിഭജിക്കണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. കേസ് നടപടികള്‍ അനന്തമായി നീളുന്നത് പ്രതികളുടെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുമെന്നായിരുന്നു പിണറായിയുടെ അഭിഭാഷകന്‍ ഇതിനു കാരണമായി പറഞ്ഞത്. എന്നാല്‍ ക്‌ളോസ് ട്രെന്‍ഡല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിചാരണ ആരംഭിച്ചാല്‍ മതിയെന്നായിരുന്നു സിബിഐ നിലപാട്. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ലാവ്‌ലിന്‍ കമ്പനിക്കെതിരായ സമന്‍സ് നടപ്പിലാക്കാന്‍ സിബിഐയ്ക്ക് രണ്ടു മാസത്തെ സാവകാശവും കോടതി അനുവദിച്ചു. കനേഡിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ക്‌ളോസ് ട്രെന്‍ഡലിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടിയേരി ബാലകൃഷ്ണനെയും ശിവദാസമേനോനെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയില്‍ അടുത്ത മാസം പത്തിന് തുടര്‍വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം