നഴ്‌സുമാരുടെ സമരം: കോതമംഗലത്ത് ഹര്‍ത്താല്‍

August 16, 2012 കേരളം

കോതമംഗലം: നഴ്‌സുമാരുടെ സമരം നടക്കുന്ന കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പരിസരത്ത്  നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എത്തിയ നാട്ടുകാരില്‍ ഒരാള്‍ തീയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.  ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച സമരത്തിനും സംഘര്‍ഷാവസ്ഥയ്ക്കുമൊടുവില്‍ വൈകിട്ടായിരുന്നു ആത്മഹത്യാശ്രമം നടന്നത്. ബുധനാഴ്ച രാവിലെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മൂന്ന് നഴ്‌സുമാര്‍ ഇപ്പോഴും കെട്ടിടത്തിനു മുകളില്‍തന്നെയാണ്. മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതേസമയം നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തൊഴില്‍മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലേബര്‍കമ്മീഷണര്‍ സ്ഥലത്തെത്തി. ലേബര്‍കമ്മീഷണറുടെ വാഹനം സമരാനുകൂലികള്‍ തകര്‍ത്തു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നഴ്സുമാരുമായി ചര്‍ച്ചനടത്തിയെങ്കിലും പരിഹരിക്കാനായില്ല.

ആശുപത്രിയിലേക്ക് തള്ളിക്കയറിയ നാട്ടുകാര്‍ നേരത്തെ ആശുപത്രിക്കും പോലീസിനും നേര്‍ക്ക് കല്ലേറ് നടത്തിയിരുന്നു. ഒരു പോലീസുകാരനും നഴ്‌സിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം