കഞ്ചിക്കോട് കോച്ച് ഫാക്ടറി: റെയില്‍വേയ്ക്ക് സ്ഥലം അനുവദിച്ചു

August 17, 2012 കേരളം

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം റെയില്‍വേക്ക് കൈമാറി. 550 കോടി മുതല്‍മുടക്കുള്ള രാജ്യത്തെ ആദ്യ അലുമിനിയം കോച്ച് ഫാക്ടറിയാണ് ഇവിടെ സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലാകലക്ടറില്‍ നിന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സ്ഥലം സംബന്ധിച്ച രേഖകള്‍ ഏറ്റുവാങ്ങി.

പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കഞ്ചിക്കോട് മലമ്പുഴ റോഡില്‍ ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപമാണ് കോച്ച് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചതിന് പകരമായാണ് കേരളത്തിന് 200809 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വെ കോച്ച് ഫാക്ടറി അനുവദിച്ചത്.

ഇന്ത്യയിലെ നാലാമത്തെ കോച്ച് ഫാക്ടറിയാണ് കഞ്ചിക്കോട്ട് വരുന്നത്. ഇതിനായി 2309 ഏക്കറാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ കപൂര്‍ത്തലയിലെ ആര്‍.സി.എഫ്., ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലാണ് കോച്ചുകള്‍ നിര്‍മിക്കുന്നത്. റായ്ബറേലിയിലെ ഫാക്ടറി നിര്‍മാണഘട്ടത്തിലാണ്. കഞ്ചിക്കോട്ടെ ഫാക്ടറിയില്‍ രണ്ടുവര്‍ഷത്തിനകം കോച്ചുകള്‍ നിര്‍മിച്ച് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം