സത്‌നം സിംഗിന്റെ മരണം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി

August 17, 2012 കേരളം

തിരുവനന്തപുരം: ബീഹാര്‍ സ്വദേശി സത്നം സിംഗിന്റെ മരണത്തെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി. കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊട്ടാരക്കര താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിലും ഡോക്‌ടര്‍മാര്‍ പണിമുടക്കുകയാണ്‌.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ഒ.പി വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കയാണ്. അന്തേവാസികളെ  പരിശോധിക്കാന്‍ ഒരു ഡോക്‌ടറെ മാത്രം ചുമതലപ്പെടുത്തിയാണ്‌ മറ്റുള്ളവര്‍ പണിമുടക്കിയത്‌. പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം തിരുവനന്തപുരം ജില്ലയിലെ മറ്റ്‌ ആശുപത്രികളിലേക്ക്‌ വ്യാപിപ്പിക്കുമെന്നാണ്‌ സൂചന. അതേസമയം പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു.

ഇന്ന്‌ വൈകിട്ട്‌ സംഘടനയുടെ ജില്ലാ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ നാളെ മുതല്‍ സമരം ആരംഭിക്കും. സത്നം സിംഗിനെ ദേഹപരിശോധനയ്ക്ക്‌ വിധേയമാക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ്‌ ആറ്‌ ഡോക്‌ടര്‍മാരെ സ്ഥലം മാറ്റിയത്‌. പേരൂര്‍ക്കടയിലെ ഒരു ഡോക്‌ടറെ പിരിച്ചുവിടുകയും രണ്ടു ഡോക്‌ടര്‍മാരെ സ്ഥലം മാറ്റുകയും ചെയ്‌തു.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. വീണാ ജി. തിലകിനെയാണ്‌ പിരിച്ചുവിട്ടത്‌. ഡോ. മായാ രാഘവനെ ആറ്റിങ്ങല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലേക്കും രാമചന്ദ്രന്‍ നായരെ  ജനറല്‍ ആശുപത്രിയിലേക്കും സ്ഥലംമാറ്റി. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ.ഹരീഷ്‌ മണിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലേക്കും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഡോക്‌ടര്‍മാരായ ചിന്ത സുകുമാരനെ തഴവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും കിരണിനെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലേക്കുമാണ്‌ മാറ്റിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം