ക്യഷി ചെയ്യാനുളള മനോഭാവം പ്രധാനം: സ്പീക്കര്‍

August 17, 2012 കേരളം

തിരുവനന്തപുരം: സാധ്യമായ സ്ഥലങ്ങളിലെല്ലാം ക്യഷി ചെയ്യാനുളള മനോഭാവം മലയാളിക്ക് ഉണ്ടാകണമെന്ന് സ്പീക്കര്‍ ജീ.കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.  വിവിധ സ്ഥലങ്ങളില്‍ നടന്ന കര്‍ഷക ദിനാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരു കുടുംബത്തിന് അവര്‍ക്ക് ആവശ്യമുളള പച്ചക്കറിയെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം.  ഉളള സ്ഥലം പ്രയോജനപ്പെടുത്തിയാല്‍ തന്നെ ഇത് ചെയ്യാം.  നമ്മുടെ മനോഭാവമാണ് ഇതില്‍ പ്രധാനം.  ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെയധികം പരിശ്രമം നടത്തുന്നുണ്ട്.  ക്യഷിക്കാവശ്യമായ അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യയും ക്യഷി വകുപ്പ് വഴി നല്‍കാന്‍ സംവിധാനമുണ്ട്.  ഇത് പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണം.  വിഷാംശമില്ലാത്ത പച്ചക്കറി ലഭ്യമാക്കാനെങ്കിലും ഇത്തരം പരിശ്രമം കൊണ്ട് കഴിയുമെന്നും സ്പീക്കര്‍ ചൂണ്ടികാട്ടി.

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് ക്യഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ സ്പീക്കര്‍ പൊന്നാട അണിയിച്ച്  ആദരിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി സോമന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടയ്‌ക്കോട്ട് തങ്കച്ചന്‍, മറ്റ് ജനപ്രതിനിധികള്‍ കര്‍ഷക നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  ക്യഷി ഓഫീസര്‍ എസ്.സിന്ധു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം