ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ എണ്ണം അഞ്ചായി

August 18, 2012 പ്രധാന വാര്‍ത്തകള്‍

കോതമംഗലം: കടവൂരില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മാടയക്കാപ്പിള്ളി ഐപ്പിന്റെ (58) മൃതശരീരമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഇന്നലെ മരിച്ച മധുവിന്റെ ഭാര്യ നളിനിക്കായി (47) തിരച്ചില്‍ തുടരുകയാണ്. കടവൂര്‍ നാലാം ബ്ലോക്കില്‍ കൊട്ടുവട്ടക്കുന്നേല്‍ ഔസേഫ് (70), കടുവാക്കുഴി മധു, മാടയക്കാപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിനു സാക്ഷിയായ താണിക്കുഴിയില്‍ നാരായണന്‍ (55) കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ച തിരച്ചില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് പുനരാരംഭിച്ചത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. നാവിക സേനയുടെ 15 അംഗ സംഘവും തിരച്ചിലിനായി സജീവമായുണ്ട്.

ഉരുള്‍പൊട്ടലില്‍ ഏഴു വീടുകള്‍ പൂര്‍ണമായും നശിച്ചു. ചെങ്കുത്തായ മലയുടെ ഒരുഭാഗം പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോവുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍