പൈലറ്റില്ലാ നിരീക്ഷണവിമാനം ‘റുസ്‌തം’ പറന്നു

October 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: മൂന്നു മീറ്റര്‍ നീളം ഏറിയാല്‍ ഒന്നരമീറ്റര്‍ ഉയരമുള്ളതും കണ്ടാല്‍ കളിവിമാനം പോലെ തോന്നിക്കും. പക്ഷേ, ഇത്‌ ഇന്ത്യയുടെ സേനാ വിഭാഗങ്ങളുടെ മാനത്തെ രഹസ്യ നിരീക്ഷണക്കണ്ണാണ്‌. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ.) വികസിപ്പിച്ച പൈലറ്റില്ലാ നിരീക്ഷണ വിമാനമായ ‘റുസ്‌തം’ വിജയകരമായി പരീക്ഷിച്ചു.
ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ ഹൊസൂറിലെ തനേജാ എയ്‌റോസ്‌പേസ്‌ ആന്‍ഡ്‌ ഏവിയേഷന്‍ (താല്‍) കേന്ദ്രത്തിലെ റണ്‍വേയില്‍ നിന്നാണ്‌ റുസ്‌തം 1 പറന്നുയര്‍ന്നത്‌. സാധാരണ വലിയ വിമാനങ്ങള്‍ പറന്നുയരുന്നതുപോലെ റണ്‍വേയിലുടെ കുതിച്ചുപാഞ്ഞ്‌പറന്നുപൊങ്ങുകയായിരുന്നു. പന്ത്രണ്ട്‌ മിനിറ്റ്‌ ആകാശത്ത്‌ ചുറ്റിപ്പറന്ന്‌ തിരികെ റണ്‍വേയില്‍ വന്നിറങ്ങി ഓടി നിന്നു. വിമാനത്തിന്റെ പ്രവര്‍ത്തനം തൃപ്‌തികരമാണെന്ന്‌ ഡി.ആര്‍.ഡി.ഒ. അറിയിച്ചു. വയര്‍ലസ്‌ കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച്‌ ലഫ്‌റ്റനന്‍റ്‌ കേണല്‍ വി.എസ്‌. ഥാപ്പയാണ്‌ ഇങ്ങ്‌ താഴെ ഭൂമിയില്‍ നിന്ന്‌ വിമാനത്തെ നിയന്ത്രിച്ചത്‌.
തുടര്‍ച്ചയായി 12 15 മണിക്കൂര്‍ നേരം 25,000 അടി ഉയരത്തില്‍ പറന്ന്‌ ശത്രുകേന്ദ്രങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനും അത്‌ അപ്പപ്പോള്‍ തന്നെ സൈന്യത്തിന്‌ കൈമാറാനും ഈ കൊച്ചുവിമാനത്തിനു കഴിയും. വേണ്ടിവന്നാല്‍ 75 കിലോഗ്രാം വരെ ഭാരം വരുന്ന അധിക പേലോഡും ഇതിന്‌ വഹിക്കാനാകും. അത്യാധുനിക പറക്കല്‍ സംവിധാനമായ ജി.പി.എസ്‌. അധിഷ്‌ഠിത നാവിഗേഷന്‍, വിവരം കൈമാറല്‍ സാങ്കേതികവിദ്യകള്‍ എന്നിവ റുസ്‌തം 1ന്റെ പ്രത്യേകതയാണെന്ന്‌ ഡി.ആര്‍.ഡി.ഒ.യിലെ ശാസ്‌ത്രജ്ഞര്‍ പറഞ്ഞു. ബാംഗ്ലൂരിലെ ഏറോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ്‌ എസ്റ്റാബ്ലിഷ്‌മെന്റാണ്‌ ഡി.ആര്‍.ഡി.ഒ.ക്കുവേണ്ടി ഇത്‌ വികസിപ്പിച്ചെടുത്തത്‌. വിവരശേഖരണകൈമാറല്‍ സംവിധാനം നിര്‍മിച്ചത്‌ ഡെറാഡൂണിലെ ഡിഫന്‍സ്‌ ഇലക്‌ട്രോണിക്‌സ്‌ ആപ്ലിക്കേഷന്‍സ്‌ ലബോറട്ടറി (ഡീല്‍)യിലും.
സ്വകാര്യമേഖലയുടെ നിര്‍ണായകമായ പങ്കും റുസ്‌തം1ന്റെ പിന്നിലുണ്ട്‌. ഇതിന്റെ എയര്‍ഫ്രെയിം നിര്‍മിച്ചത്‌ കോയമ്പത്തൂരിലെ സെഫയര്‍ എന്ന സ്വകാര്യ എന്‍ജിനീയറിങ്‌ സ്ഥാപനത്തിലാണ്‌. മറ്റു ഘടകങ്ങളും സ്വകാര്യമേഖലയില്‍നിന്ന്‌ ലഭ്യമാക്കിയിട്ടുണ്ട്‌. കൂടുതല്‍ ഉയരത്തില്‍ പായുന്ന ഇടത്തരം വലിപ്പമുള്ള പൈലറ്റില്ലാത്ത വിമാനമായ റുസ്‌തംഎച്ച്‌. വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ്‌ റുസ്‌തം1ന്റെ വിജയമെന്ന്‌ ഡി.ആര്‍.ഡി.ഒ.യുടെ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ രവികുമാര്‍ ഗുപ്‌ത പറഞ്ഞു. വൈകാതെ ഇത്‌ കര, നാവിക, വ്യോമസേനകള്‍ക്ക്‌ ലഭ്യമാക്കും. ഇന്ത്യയുടെ ഗവേഷണശാലയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പൈലറ്റില്ലാ പോര്‍വിമാനത്തിനുവേണ്ടിയും റുസ്‌തം1ല്‍ നിന്ന്‌ നിര്‍ണായകപാഠങ്ങള്‍ പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം