ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കും: ആഭ്യന്തരമന്ത്രി

August 20, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെ നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കുമെന്ന്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സമരം ചെയ്യുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മതിയായ സംരക്ഷണം നല്‍കും. സെക്രട്ടേറിയറ്റിലും ജില്ലാ ആസ്ഥാനങ്ങളിലും മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും ആവശ്യമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിപി, ഇന്റലിജന്‍സ് അഡീഷനല്‍ ഡിജിപി എന്നിവര്‍ അടങ്ങുന്ന നിരീക്ഷണ സമിതി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ തലത്തില്‍ ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കലക്ടറും എസ്പിയുമായിരിക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം