കര്‍മം എങ്ങനെ ചെയ്യണം

August 23, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ബാഹ്യകര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള സാധകന്റെ അസംതൃപ്തിയും അസന്തുഷ്ടിയും സംഭവിക്കാതിരിക്കണമെങ്കില്‍ അഹംബുദ്ധിയില്ലാതിരിക്കണം. അഹംബുദ്ധിയില്ലാതാകണമെങ്കില്‍ ശരീരാഭിമാനമില്ലാതാകണം. ശരീരാഭിമാനം നശിക്കണമെങ്കില്‍ പ്രജ്ഞ തന്റെശരീരഭാവനയില്‍നിന്ന് മറ്റൊന്നില്‍ കേന്ദ്രീകരിക്കണം. ഗുരുവിനെവിട്ട് മറ്റൊരു സങ്കല്പം ശരീര ഭാവനകൂടാതെ നിലനില്‍ക്കുകയുമില്ല. ഗുരുവും ബ്രഹ്മസങ്കല്പവും ഒന്നായിരിക്കമൂലം കേന്ദ്രസങ്കല്പം ഗുരുവില്‍നിന്ന് അന്യമാകാന്‍ സാദ്ധ്യമല്ല. ഇങ്ങനെ രൂഢമായ ഗുരുസങ്കല്പംകൊണ്ടുമാത്രമേ ബാഹ്യകര്‍മങ്ങളെ അതിജീവിക്കാനാകൂ. ഇന്ദ്രിയങ്ങള്‍ക്ക് സ്വഭാവേന വിഷായാസക്തിയുണ്ട്. ശരീരാഭിമാനത്തിനും വിഷയലാഭത്തിനും അതുകാരണവുമാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ നികൃഷ്ടമെന്നുതോന്നുന്ന കര്‍മങ്ങള്‍ ഗുരു നിര്‍ദേശമനുസരിച്ച് അനുഷ്ഠിക്കുമ്പോള്‍ സാധകനിലെ സങ്കല്പകേന്ദ്രം ഗുരുവിലാണ് ചെന്നെത്തുന്നത്. ഇവിടെ നികൃഷ്ടമെന്നുള്ള സ്വാഭിമാനം ബുദ്ധിക്കും മനസ്സിനും ബാദ്ധ്യതയുള്ള വിഷയസങ്കല്പത്തില്‍ നിന്ന് മുക്തമായിത്തീരുന്നു. ബാഹ്യകര്‍മങ്ങളേക്കാള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ”ഗുരു ആജ്ഞാപിച്ചതുകൊണ്ട്” എന്ന സങ്കല്പത്തിലാണ്. ഗുരുവിനെ ഉപേക്ഷിച്ചുകൊണ്ടുള്ള ബാഹ്യകര്‍മം അവിടെ നടക്കാത്തതിനാല്‍ കര്‍മഫലം സാധകനെ ബാധിക്കുന്നില്ല.

”സര്‍വ കര്‍മാധിഷ്ഠിതമായ ഈശ്വരസത്തയെ അഭയം പ്രാപിക്കലാണ് മക്കേളേ, ഈശ്വരനെ വശത്താക്കാനുള്ള മാര്‍ഗ്ഗം” -എന്ന അമ്മയുടെ (കിളവി – ദേവി) വാക്യം ഈ സമയം സ്മരിക്കേണ്ടിവരുന്നു. ‘ഈശ്വരനെന്നും ഗുരുവെന്നും രണ്ടില്ല; നിശ്ചയിച്ചോര്‍ക്കുമ്പോള്‍ ഒന്നേയുള്ളൂ’. എന്ന് ധരിക്കുന്നതോടെ ഈശ്വരസത്തയെ അഭയംപ്രാപിക്കലും ഗുരുസത്തയെ അഭയം പ്രാപിക്കലും ഒന്നായിത്തന്നെ തീരുന്നു. ഇവിടെ വിളക്കിനു ചുറ്റുമിരുന്നു പഠിക്കുന്ന കുട്ടികളെപ്പോലെ സാധകന്മാര്‍ക്കു പ്രകാശം ചൊരിയുന്ന കേന്ദ്രബിന്ദുവായി ഗുരു വര്‍ത്തിക്കുന്നു.

കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സാധാരണനിലയില്‍ സാധകന്മാര്‍ പലരും ശരീരാഭിമാനംകൊണ്ട് ഗുരുസന്നിധിപോലും ഉപേക്ഷിക്കുന്ന അനുഭവം ധാരാളമുണ്ട്. എന്തും സഹിച്ച് അത് സ്വീകരിക്കുന്നവര്‍ ദുര്‍ലഭമാണ്. അര്‍ഹതയും അനര്‍ഹതയും അധ്യാത്മവിഷയത്തില്‍ ഗുരുസങ്കല്പത്തെ സ്വീകരിക്കുന്നതിനെ അനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത്. ‘സര്‍വകര്‍മാധിഷ്ഠിതമായ ഈശ്വരസത്ത’യെന്ന് അമ്മ വിശേഷിപ്പിച്ചത് ഇക്കാരണത്തിലാണ്. ഏതുകര്‍മത്തില്‍നിന്നും ഈശ്വരസത്തയെ – ഗുരുസങ്കല്പത്തെ – മാറ്റിനിര്‍ത്താനാവില്ല. കര്‍മഫലം അനുഭവിക്കേണ്ടിവരുന്നത് ശരീരാഭിമാനത്തോടുകൂടി, ഞാന്‍ ചെയ്യുന്നു എന്ന ഭാവമുള്ളപ്പോഴാണ്. കര്‍മത്തിന്റെ കേന്ദ്രസങ്കല്പം ഗുരു, ഈശ്വരന്‍ എന്നീ തത്ത്വങ്ങളില്‍ കേന്ദ്രീകരിക്കുമ്പള്‍ താന്‍ചെയ്യുന്നുവെന്നോ, തനിക്കുവേണ്ടി ചെയ്യുന്നുവെന്നോ ചിന്തിക്കാനാവുകയില്ല. തന്മൂലം ഫലവും തന്നില്‍ ചെയ്യുന്നുവെന്നോ ചിന്തിക്കാനാവുകയില്ല. തന്മൂലം ഫലവും തന്നില്‍ നിന്നന്യമെന്ന് തോന്നിയാലും സങ്കല്പംചെന്നവസാനിക്കുന്നത് ഗുരുവിലോ ഈശ്വരനിലോ ആണ്.

കര്‍മഫലങ്ങള്‍ പ്രായേണ തന്നില്‍തന്നെയാണെന്നുറയ്ക്കുമ്പോള്‍ തന്നില്‍നിന്നന്യമായി ഗുരുവിനേയും ഈശ്വരനേയും കാണാന്‍ കഴിയില്ല. അങ്ങനെ അന്യമെന്നു തോന്നിയദോഷവും പരിഹരിക്കപ്പെടും. ഗുരുസ്വരൂപം അഥവാ ഈശ്വരസ്വരൂപം ആത്മസ്വരൂപമാണെന്നറിയും. നിഷ്‌കാമകര്‍മയോഗമെന്ന പ്രസിദ്ധമായ അധ്യാത്മനിര്‍ദേശം ഇങ്ങനെ സ്വധ്യായമായിത്തീരുന്നു. എന്നാല്‍ നിഷിദ്ധകര്‍മങ്ങള്‍ ഗുരുവിലോ ഈശ്വരനിലോ ആരോപിച്ചുചെയ്യുന്നത് അപവാദമാവുകയേയുള്ളൂ. കാരണം ദോഷഫലങ്ങള്‍ ഗുരുവിന്റെയോ ഈശ്വരന്റെയോ സ്വഭാവമല്ല. അതുകൊണ്ട് അതിനുവേണ്ടിയുള്ളസങ്കല്പങ്ങള്‍ ഗുരുവിലോ ഈശ്വരനിലോ ചെന്നെത്തുകയുമില്ല. അത് ബലമായി തന്നില്‍തന്നെ അവശേഷിക്കുന്നു.

ആദ്യഘട്ടത്തില്‍ അന്യമെന്നും രണ്ടാംഘട്ടത്തില്‍ ആത്മനിഷ്ഠമെന്നുമുണ്ടായ സാധകന്റെ അനുഭവം സാധനാകാലഘട്ടത്തില്‍ നിലനിന്ന അറിവില്ലായ്മകൊണ്ടുമാത്രമാണ്. സത്യത്തില്‍ രണ്ടും തന്നിലാണെന്നറിഞ്ഞതുകൊണ്ടുമാത്രമാണ് അറിവ് സാധകനില്‍നിന്ന് അന്യമായ മറ്റൊരുകേന്ദ്രമില്ല. ദൂരം, സമയം, വസ്തു, എന്നിവയെ ആസ്പദമാക്കിയുള്ള പരിശീലനമാണിതിന് കാരണം.

”അനന്യാശ്ചിന്തയന്തോ മാം യേ ജനാ: പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം”

‘ആരാണോ അന്യചിന്തകളില്ലാതെ എന്നെത്തന്നെ ധ്യാനിച്ചുകൊണ്ട് വിധിപ്രകാരം ഉപാസിക്കുന്നത്, എന്നില്‍ സദാ മനസ്സുറപ്പിച്ചവരായ അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു’.
മേല്‍പറഞ്ഞ ഗീതാവാക്യത്തിലെ ”അനന്യാശ്ചിന്തയന്തോ മാം യേ ജനാ: പര്യുപാസതേ” എന്നതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന ഈശ്വരഭാവന ഇളക്കമില്ലാത്ത ദൃഢചിന്തയുടെ നിര്‍ദേശത്തെയും രണ്ടാമത്തെവരിയില്‍ അതില്‍നിന്നുളവാകുന്ന ഫലത്തേയുമാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇവിടെ സാധകന് തന്റേതായഫലാന്വേഷണം ആവശ്യമായി വരുന്നില്ല. ”യോഗക്ഷേമം വഹാമ്യഹം” എന്നതില്‍ സാധകന്റെ യോഗക്ഷേമങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്വം അവതാരവരേണ്യനായ ഭഗവാന്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

ഉപാസന പലമാര്‍ഗത്തിലുമുണ്ട്. ഉപാസ്യം അവതാരസങ്കല്പത്തില്‍ രൂപഭേദംകൊണ്ടുപലതാണ്. ഉപാസനയ്ക്ക് തിരഞ്ഞെടുക്കുന്ന മന്ത്രങ്ങളും ദേവതാസങ്കല്പങ്ങളും ഒരുമിച്ചുചേര്‍ന്ന് ആത്മഭാവമായിമാറുന്ന അനുഭവത്തിലാണ് താദാത്മ്യപ്രാപ്തിയടങ്ങിയിട്ടുള്ളത്. അതിനുമുന്‍പ് ശരണ്യപ്രാപ്തിയാണ് കാണുന്നത്. യോഗക്ഷേമമേറ്റെടുക്കുന്ന ഭഗവാനെ അന്യഭാവത്തില്‍ കാണുന്നുവെങ്കിലും ക്ഷേമഫലം സാധകന് സ്വായത്തമാകുന്നു. അനന്തരമുണ്ടാകുന്ന പുരോഗതിയാണ് ഉപാസ്യവും ഉപാസകനും ഒന്നായിത്തീരുന്ന ആത്മാരാമപദവി അഥവാ ആത്മനിര്‍വൃതി. ഇവിടെ സിദ്ധമാകുന്ന ഫലം ഗുരുസങ്കല്പത്തിലും ഈശ്വരസങ്കല്പത്തിലും ഒരുപോലെ യോജിക്കുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം