ഗജപരിപാലന ചട്ടം: സംസ്‌ഥാനങ്ങളുടെ അഭിപ്രായം ആരായുന്നു

October 18, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: ഗജപരിപാലന ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം സംസ്‌ഥാനങ്ങളുടെ അഭിപ്രായം ആരായുന്നു. കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന ഗജപരിപാലന ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണു കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിനു മനംമാറ്റം. കാട്ടാനകളും നാട്ടാനകളും ഉള്ള 18 സംസ്‌ഥാനങ്ങളിലെ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്മാരുടെ യോഗമാണു 22നു ന്യൂഡല്‍ഹിയില്‍ വിളിച്ചിരിക്കുന്നത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയ എലിഫന്റ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗങ്ങള്‍ക്കു യോഗത്തില്‍ ക്ഷണമില്ല.
ഗജപരിപാലന ചട്ടങ്ങള്‍ സംബന്ധിച്ചു സംസ്‌ഥാനങ്ങളുടെ ആശങ്കകള്‍ ആരായുന്നതിനും അവ നടപ്പാക്കുന്നതിനായി സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടുന്നതിനുമാണു യോഗം വിളിച്ചിരിക്കുന്നതെന്നാണ്‌ അറിവ്‌. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണു ടാസ്‌ക്‌ ഫോഴ്‌സ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഗജപരിപാലനം സംബന്ധിച്ചു സംസ്‌ഥാനത്തിന്റെ ആശങ്കകളും അഭിപ്രായങ്ങളും കേന്ദ്ര വനം മന്ത്രാലയത്തെ അറിയിക്കുമെന്നു ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ത്രിവേദി ബാബു പറഞ്ഞു. വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ആരായുന്നതിനു വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ യോഗം അടുത്ത ദിവസം ചേരുന്നുണ്ട്‌.
പ്രാഥമിക വിവര ശേഖരണത്തിനു ശേഷം സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തെ അറിയിക്കും. ഈ സാഹചര്യത്തില്‍ ഗജപരിപാലനം സംബന്ധിച്ചു സര്‍ക്കാരിന്റെ നിലപാട്‌ നിര്‍ണായകമായിരിക്കും. ഡോ. മഹേഷ്‌ രംഗരാജന്‍ അധ്യക്ഷനായ എലിഫന്റ്‌ ടാസ്‌ക്‌ ഫോഴ്‌സിന്റെ നിര്‍ദേശങ്ങള്‍ കേരളത്തിലെ ഉല്‍സവങ്ങളെ വരെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ആനകളുടെ ഉടമസ്‌ഥതയ്‌ക്കു പുറമെ ദേവാലയങ്ങളിലെ എഴുന്നള്ളിപ്പുകള്‍ക്കു വരെ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങളാണു മഹേഷ്‌ രംഗരാജന്‍ കമ്മിറ്റി മുന്നോട്ടു വച്ചത്‌. ആനയെ പൈതൃക മൃഗമായി പ്രഖ്യാപിക്കണമെന്ന ആമുഖത്തോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ വിവിധ മേഖലകളില്‍നിന്നു പ്രതിഷേധം ശക്‌തമാകുകയും ചെയ്‌തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം