എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ കുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

August 22, 2012 കേരളം

കൊല്ലം: എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനായായ ഭാര്യയെ ഭര്‍ത്താവ് കോളജില്‍ കയറി സര്‍ജിക്കല്‍ ബ്ളേഡ് കൊണ്ട് ആക്രമിച്ചുപരിക്കേല്‍പ്പിച്ചശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം മതിലില്‍ സ്വദേശിയായ ദുര്‍ഗാദാസ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. പെരുമണ്‍ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. കോളജ് യൂണിഫോമില്‍ എത്തിയ ദുര്‍ഗാദാസ്, ഭാര്യ തങ്കമണിയെ ബ്ളേഡ് കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കഴുത്തിലും ഈ ബ്ളേഡ് ഉപയോഗിച്ച് കുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷവിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായ തങ്കമണി. ആറുമാസം മുമ്പ് തങ്കമണിയെ ദുര്‍ഗാദാസ് രജിസ്റര്‍ വിവാഹം കഴിച്ചിരുന്നു. ദുര്‍ഗാദാസിന് ജോലിയൊന്നുമില്ലാത്തതിനെതുടര്‍ന്ന് ഇരുവരും പിണങ്ങുകയായിരുന്നു. ഇതിനിടെ തങ്കമണിയുടെ മാതാപിതാക്കള്‍ ഇടപെട്ട് വിവാഹമോചനത്തിന് ശ്രമം നടത്തിവരുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് ദുര്‍ഗാദാസ് ആക്രമണം നടത്തിയതെന്നാണ് വിവരം. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം