നഴ്സുമാര്‍ക്കും സമരസഹായ സമിതിക്കുമെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍

August 22, 2012 കേരളം

കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാര്‍ക്കും സമരസഹായ സമിതിക്കുമെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമരം അവസാനിച്ചിട്ടും നഴ്സുമാരെ പീഡിപ്പിക്കുന്ന നടപടികളാണു മാനേജ്മെന്റ് തുടരുന്നതെന്ന് അവര്‍ ആരോപിച്ചു.

മിനിമം വേതനം നല്‍കിയിട്ടുണ്ടെങ്കിലും ഷിഫ്റ്റ് ക്രമീകരിക്കുന്നതിലും നഴ്സുമാരെ ജോലിക്ക് നിയോഗിക്കുന്നതു സംബന്ധിച്ചും പക്ഷപാതപരമായ നിലപാടുകളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സമരംചെയ്ത നഴ്സുമാരെ രോഗികളില്ലാത്ത വാര്‍ഡുകളിലേക്ക് നിയോഗിച്ച് മാനേജ്മെന്റ് പ്രതികാരം ചെയ്യുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

114 ദിവസം നീണ്ടുനിന്ന സമാധാനപരമായ സമരത്തിലൂടെ പ്രശ്ന പരിഹാരം സാധ്യമാകാഞ്ഞതോടെയാണ് നിരാഹാരസമരം ആരംഭിച്ചത്. ആശുപത്രി കെട്ടിടത്തിനു മുകളില്‍ കയറിയത് ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ല. സമരപ്പന്തലില്‍ കിടന്നാല്‍ അറസ്റുചെയ്ത് നീക്കുമെന്ന ഭയം കൊണ്ടാണ് ആശുപത്രിയുടെ മുകളില്‍ കയറിയത്.

ഇതിന്റെ പേരില്‍ പോലീസ് കേസെടുത്തത് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക വിഷമത്തിന് ഇടയാക്കിയിരിക്കുകയാണെന്നും നിരാഹാരസമരം നടത്തിയ നഴ്സുമാര്‍ പറഞ്ഞു.  മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, പ്രതിപക്ഷനേതാവ്, ജില്ലാ കളക്ടര്‍ എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുക്കില്ല എന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. സമരപ്പന്തല്‍ തകര്‍ക്കുകയും സമരത്തിലിരുന്ന നഴ്സുമാരെ ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരേ കേസെടുക്കാതെ തങ്ങളെയും സമരത്തോടു സഹകരിച്ച നാട്ടുകാരെയും കേസില്‍ കുടുക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, നഴ്സുമാരായ പ്രിയ തോമസ്, അനു.വി.എസ്, വിദ്യ രവി എന്നിവര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം