യുഎസ് സൈനികമേധാവിയുടെ വിമാനം താലിബാന്‍ ആക്രമിച്ചു

August 22, 2012 രാഷ്ട്രാന്തരീയം

കാബൂള്‍: അമേരിക്കന്‍ സൈനിക മേധാവിയുടെ പ്രത്യേക വിമാനത്തിനുനേര്‍ക്ക് താലിബാന്‍ റോക്കറ്റാക്രമണം നടത്തി. യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റാഫ് ജന. മാര്‍ട്ടിന്‍ ഡെംപ്സി വിമാനത്തിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു.  അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ ഡെംപ്സിയുടെ സി-17 വിമാനം കനത്തസുരക്ഷയുള്ള ബാഗ്രാം എയര്‍ബേസില്‍വച്ചാണ് ഇന്നലെ പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്. റോക്കറ്റാക്രമണത്തില്‍ വിമാനത്തിന്റെ പ്രധാനവാതില്‍ തകര്‍ന്നു. രണ്ട് ജീവനക്കാര്‍ക്കു പരിക്കേറ്റു. വിമാനത്തിനു സമീപമുണ്ടായിരുന്ന ഒരു അപ്പാച്ചെ ഹെലികോപ്ടറിനും കേടുപാടു സംഭവിച്ചു.

ഈ സമയം തങ്ങളുടെ ക്വാര്‍ട്ടേഴ്സുകളില്‍ ഉറങ്ങുകയായിരുന്ന ജനറല്‍ ഡെംപ്സിയും സംഘവും സുരക്ഷിതരാണെന്ന് യുഎസ് സൈനിക വക്താവ് ജേമി ഗ്രേബീല്‍ വാഷിംഗ്ടണില്‍ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെംപസിയുടെ വിമാനംതന്നെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.

അഫ്ഗാന്‍ സുരക്ഷാസൈനികര്‍ നാറ്റോസേനാംഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, നാറ്റോ കമാന്‍ഡര്‍മാരുമായും അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നതിനാണ് ഡെംപ്സി എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു നാറ്റോ സൈനികരാണ് അഫ്ഗാന്‍ സുരക്ഷാസേനാംഗങ്ങളാല്‍ വധിക്കപ്പെട്ടത്. ഡെംപ്സി പിന്നീട് മറ്റൊരു സി-17 വിമാനത്തില്‍ ഇറാക്കിലേക്കു പുറപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം