ബാങ്ക് ജീവനക്കാരുടെ സമരം: ജനം വലയുന്നു

August 23, 2012 ദേശീയം

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസമായപ്പോള്‍ ജനങ്ങള്‍ വലയുകയാണ്. എടിഎമ്മുകളില്‍ പണമില്ലാത്തതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. എല്ലാ നഗരങ്ങളിലേയും എടിഎം മെഷീനുകള്‍ ഇപ്പോള്‍ നിലച്ച അവസ്ഥയാണുള്ളത്. ഇന്നലെ തന്നെ മിക്കവാറും എല്ലാ എടിഎമ്മുകളും  കാലിയായതായി ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. മിക്ക എടിഎമ്മുകളിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജന്‍സികളാണെങ്കിലും സമരം മൂലം ബാങ്ക് അധികൃതര്‍ ഇതു സംബന്ധിച്ച രേഖകളൊന്നും നല്‍കാത്തതിനാല്‍ ഇത് മുടങ്ങി. കേരളത്തില്‍ എറണാകുളത്ത് ദേശസാത്കൃത ബാങ്കുകളും വിദേശബാങ്കുകളുടെ ശാഖകളും ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയാണ്. വിദേശ നാണയവിനിമയ കാര്യാലയങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിച്ച അവസ്ഥയാണുള്ളത്. റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരുന്നു. ഇതിനുപിന്നാലെയാണ് പണിമുടക്ക് വന്നത്. അടുത്ത ആഴ്ചയും ബാങ്കുകള്‍ക്ക് മൂന്നു ദിവസം അവധിയാണ്.

വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമായി പണം കണ്ടെത്തേണ്ടി വന്നവരില്‍ പലരും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ദേശീയവ്യാപകമായി പണിമുടക്കുന്നത്. ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകളുടെ വോട്ടവകാശ പരിധി എടുത്തുകളയാനുള്ള നിര്‍ദേശം ബില്ലിലുണ്ട്. ഇത് ഒഴിവാക്കുക, പുറംകരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ബാങ്ക് റിക്രൂട്ടിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, പുതിയ ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്ക് ശാഖകള്‍ക്കു പകരം കറസ്പോണ്‍ഡന്റുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം