ന്യൂസ് ഫോട്ടോഗ്രാഫറുടെ മുഖത്തു മുളകു പൊടി വിതറി സ്വര്‍ണമാല പിടിച്ചുപറിച്ച മൂന്നംഗസംഘം പിടിയില്‍

August 23, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെത്തിയ ന്യൂസ് ഫോട്ടോഗ്രാഫറുടെ മുഖത്തു മുളകു പൊടി വിതറി സ്വര്‍ണമാല പിടിച്ചുപറിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കൊട്ടാരക്കര സ്വദേശി ബിനീഷ്(25), വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സതീഷ്(29), ചെമ്പകശേരി സ്വദേശി പത്മകുമാര്‍(30) എന്നിവരാണ് അറസ്റിലായത്. കലാകൌമുദി ന്യൂസ് ഫോട്ടോഗ്രാഫര്‍ രഘുകുമാറിന്റെ മുഖത്തു മുളകു പൊടി വിതറിയ ശേഷം മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച ശേഷം കടന്നുകളഞ്ഞ സംഘത്തെ പേട്ട സിഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ് ചെയ്തത്.

ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലെത്തിയ രഘുകുമാറിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷമാണ് ഞൊടിയിടയില്‍ സംഘം മാലപിടിച്ചുപറി നടത്തിയ ശേഷം രക്ഷപ്പെട്ടത്. രഘുകുമാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പേട്ട സിഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഓട്ടോറിക്ഷ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍